സ്പെഷ്യല്‍
സകല ദുഖങ്ങളും തീരാന്‍ നവരാത്രി 8-ാം ദിനം ഈ മന്ത്രം ജപിക്കാം

നവദുര്‍ഗ്ഗാ ഭാവങ്ങളില്‍ എട്ടാമത്തെ ഭാവമാണ് മഹാഗൗരി. നവരാത്രിയില്‍ എട്ടാം ദിവസമായ അഷ്ടമിക്ക് ദുര്‍ഗ്ഗാ ദേവിയെ മഹാഗൗരി ഭാവത്തില്‍ ആരാധിക്കുന്നു. പ്രശാന്തതയുടേയും വിജ്ഞാനത്തിന്റെയും പ്രതീകമാണ് മഹാഗൗരീ. വെളുത്ത നിറമുള്ള ദേവി എന്നാണ് മഹാഗൗരി എന്ന വാക്കിന്റെ അര്‍ത്ഥം.

ഭക്തരുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്ന ദേവിയാണ് മഹാഗൗരി. നാലുകരങ്ങളാണ് മഹാഗൗരിക്കുള്ളത്. ശൂലവും ഡമരുവും മഹാഗൗരി കൈകളിലേന്തിയിരിക്കുന്നു. വളരെയേറെ വെളുത്തത് എന്നാണ് മഹാഗൗരി എന്ന നാമത്തിനര്‍ത്ഥം. മഹാഗൗരിയുടെ ശരീരവും ആടയാഭരണങ്ങളും വെളുത്തതാണ്. ദേവിയുടെ വാഹനവും വെള്ളനിറത്തിലുള്ള കാളയാണ്. ദേവിയുടെ സ്വാതിക ഭാവം ആണ് മഹാഗൗരി.

ശിവപ്രാപ്തിക്കായി തപസ്സു ചെയ്ത ദേവിയുടെ ശരീരം മുഴുവനും പൊടിപടലങ്ങളും മണ്ണും കൊണ്ട് ഇരുണ്ട നിറമായി. ദേവിയുടെ തപസ്സു പൂര്‍ണ്ണമായപ്പോള്‍ മഹാദേവന്‍ തന്നെ ഗംഗാജലം ഉപയോഗിച്ച് അവ നീക്കം ചെയ്തു. അപ്പോള്‍ ദേവിയുടെ ശരീരം വെളുത്തു പ്രകാശം പൊഴിക്കുന്നതായെന്നും അന്നുമുതല്‍ ദേവി മഹാഗൗരി എന്നറിയപ്പെടുന്നു എന്നും പുരാണത്തില്‍ പറയുന്നു.

ദേവിയുടെ വസ്ത്രങ്ങളും ആഭരണവും ശുഭ്രവര്‍ണ്ണമാണ്. നവരാത്രിയില്‍ അഷ്ടമിക്ക് ദേവിയെ മഹാഗൗരി രൂപത്തില്‍ ആരാധിക്കുന്നത് പാപങ്ങളെ നശിപ്പിക്കുമെന്നാണു വിശ്വാസം.. മഹാദുര്‍ഗ്ഗാഷ്ടമി എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. ഈ ദിവസം വ്രതമെടുത്തു ദേവിയെ ഭജിച്ചാല്‍ സകല ദുഖങ്ങളും അകന്നു ജീവിതം ഐശ്വര്യപൂര്‍ണ്ണമാകും. സാധകര്‍ ഈ ദിവസം ദേവിയെ ധ്യാനിക്കുമ്പോള്‍ പൂര്‍ണ്ണ ശുദ്ധരായി ഭവിക്കുകയും മഹാജ്ഞാനം അനുഭവിക്കുകയും ചെയ്യുന്നു.

മന്ത്രം

ശ്വേതേ വൃഷേ സമാരൂഢാ ശ്വേതാംബരധരാ ശുചിഃ
മഹാഗൗരീ ശുഭം ദദ്യാത് മഹാദേവ പ്രമോദദാ

അര്‍ഥം

വെളുത്ത കാളയുടെ മേല്‍ ഇരിക്കുന്നവളും വെളുത്ത വസ്ത്രം ധരിച്ചവളും ശുദ്ധയും മഹാദേവന് പ്രമോദം നല്‍കുന്നവളും ആയ മഹാഗൗരി നമുക്ക് ശുഭം നല്‍കുമാറാകട്ടെ.

navarathri 2023
Related Posts