മന്ത്രങ്ങള്‍
നവഗ്രഹദോഷ ശാന്തിക്ക് നവരാത്രി 7-ാം ദിനം ഈ മന്ത്രം ജപിക്കാം

നവദുര്‍ഗ്ഗാ ഭാവങ്ങളില്‍ ഏഴാമത്തെ ഭാവമാണു കാളരാത്രി. നവരാത്രിയില്‍ ഏഴാം ദിവസമായ സപ്തമിക്ക് ദുര്‍ഗാ ദേവിയെ കാളരാത്രി ഭാവത്തില്‍ ആരാധിക്കുന്നു.കാളരാത്രി എന്നതിന് ഇരുണ്ട രാത്രി എന്നാണ് അര്‍ഥം. കാലനേയും അവസാനിപ്പിക്കാന്‍ കഴിവുള്ളതിനാല്‍ കാളരാത്രി ആയിയെന്നും ദുഷ്ടന്മാര്‍ക്കു കാലനായി മരണം സമ്മാനിക്കുന്നതിനാല്‍ കാളരാത്രി ആയിയെന്നും വ്യാഖ്യാനിച്ചു കാണുന്നു.

ദുര്‍ഗാഭാവങ്ങളില്‍ ഏറ്റവും ഭീവല്‍സഭാവമാണ് കാളരാത്രി. കറുപ്പ് നിറത്തോടു കൂടിയ ശക്തിസ്വരൂപയാണു കാളരാത്രി. നാലുകൈകളോട് കൂടിയതാണ് ധ്യാനരൂപം. ഇടിമിന്നല്‍ പോലെ പ്രകാശിക്കുന്ന മാല കഴുത്തില്‍ അണിഞ്ഞിരിക്കുന്ന ദേവീരൂപം. ശ്വാസോച്ഛ്വാസം ചെയ്യുമ്പോള്‍ മൂക്കിലൂടെ തീജ്വാലകള്‍ വരുന്നതു ശത്രുക്കളുടെ ഭയത്തെ വര്‍ധിപ്പിക്കുന്നതാണു കഴുതയാണു ദേവിയുടെ വാഹനം.

ജടയും ത്രിലോചനങ്ങളുമുള്ള ദേവി ഗര്‍ദഭ വാഹിനിയാണ്. ചതുര്‍ബാഹുവായ ദേവിയുടെ വലതുകരങ്ങള്‍ സര്‍വദാ ഭക്തരെ ആശിര്‍വദിച്ചുകൊണ്ടിരിക്കുന്നു. കാഴ്ചയില്‍ ഭയാനകമാണെങ്കിലും ദേവി അന്ധകാരത്തെ മാറ്റി ജ്ഞാനത്തെ നല്കുന്നതിനാല്‍ ശുഭാകാരി എന്നും കാളരാത്രി ദേവി അറിയപ്പെടുന്നു.

കാളരാത്രി എന്ന രൂപം ധരിച്ചാണു ദുര്‍ഗാ ദേവി രക്തബീജന്‍ എന്ന അസുരനെ വധിച്ചതെന്നാണു വിശ്വാസം. ഭൂമിയില്‍ പതിക്കുന്ന ഓരോ തുള്ളി ചോരയില്‍ നിന്നും നിരവധി അസുരര്‍ ഉണ്ടാകും എന്നതിനാല്‍ രക്തപാനം ചെയ്തു അസുരവധം ചെയ്ത കഥ മാര്‍ക്കണ്ഡേയ പുരാണം പറയുന്നുണ്ട്.

യോഗികളും സാധകരും നവരാത്രി ഏഴാമത്തെ ദിവസം സഹസ്രാര ചക്രത്തില്‍ ധ്യാനിക്കുന്നു. കാളരാത്രി ദേവിയുടെ അനുഗ്രഹത്താല്‍ അവരുടെ മുന്നില്‍ പ്രപഞ്ച വാതില്‍ തുറക്കപ്പെടുമെന്നാണു വിശ്വാസം.

നവരാത്രിയില്‍ ഏഴാംനാള്‍ സപ്തമിക്ക് കാളരാത്രി ഭാവത്തില്‍ ദേവിയെ ആരാധിച്ചാല്‍ ദേവി ഭക്തര്‍ക്ക് നിര്‍ഭയത്വവും ക്ഷമയും നല്‍കും. സര്‍വ ഐശ്വര്യങ്ങള്‍ക്കുമൊപ്പം നവഗ്രഹദോഷങ്ങളും ശമിപ്പിക്കും. വിശ്വാസത്തോടെയും ഭക്തിയോടെയും ആയിരിക്കണം ആരാധന നടത്തേണ്ടതെന്നുമാത്രം.

ജപിക്കേണ്ട മന്ത്രം

ഏകവേണീ ജപാകര്‍ണ്ണപൂര നഗ്‌നാ ഖരാസ്ഥിതാ
ലംബോഷ്ഠീ കര്‍ണ്ണികാകര്‍ണ്ണീ തൈലാഭ്യക്തശരീരിണി
വാമപാദോല്ലസല്ലോഹ ലതാകണ്ടകഭൂഷണാ
വര്‍ധനമൂര്‍ധ്വജാ കൃഷ്ണാ കാളരാത്രിര്‍ഭയങ്കരി

navratri-7th-day-puja-and-mantra
Related Posts