സ്പെഷ്യല്‍
വീട്ടില്‍ പൂജവയ്‌ക്കേണ്ടവിധം

അഷ്ടമിയും തിഥിയും ചേര്‍ന്ന് വരുന്ന ഇന്ന് (ഒക്ടോബര്‍ 23) സന്ധ്യാവേളയിലാണ് പൂജവെപ്പ് നടത്തേണ്ടത്. പുസ്തകങ്ങളും ഗ്രന്ഥങ്ങളും പൂജയ്ക്കു വയ്ക്കുക. നവമി നാളിലാണ് പണി ആയുധങ്ങളും മറ്റും ദേവിക്കു സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കേണ്ടത് പൂജവയ്പ് അവരവരുടെ വീട്ടിലോ ക്ഷേത്രങ്ങളിലോ ആണ് നടത്തുക. പൊതുവേ എല്ലാവരും ക്ഷേത്രങ്ങളിലാണ് പൂജ വയ്ക്കാറുള്ളത്. കുട്ടികള്‍ അവരവരുടെ പാഠപുസ്തകങ്ങള്‍, പേന, പെന്‍സില്‍ എന്നിങ്ങനെയുള്ള പഠനോപകരണങ്ങള്‍ പൂജയ്ക്കു വയ്ക്കണം. മറ്റുള്ളവര്‍ കര്‍മ്മസംബന്ധവുമായി ബന്ധപെട്ട അവരുടെ വസ്തുക്കള്‍, ഭഗവത് ഗീത, ഭാഗവതം, മഹാഭാരതം, രാമായണം തുടങ്ങി പുണ്യപുരാണ ഗ്രന്ഥങ്ങള്‍ എന്നിവയും പൂജയ്ക്ക് വെയ്ക്കണം.

വീട്ടിലാണെങ്കില്‍ പൂജാമുറി ശുദ്ധിവരുത്തേണ്ടതാണ്. ഗണപതി, സരസ്വതി, മഹാലക്ഷ്മി തുടങ്ങിയ ദേവതകളുടെ ഫോട്ടോ തറയില്‍ ഒരു പീഠം വച്ച് അതില്‍ വയ്ക്കുക. ഒരു കാരണവശാലും ഇവ വെറും തറയില്‍ വയ്ക്കരുത്. ഒരു നിലവിളക്ക് അഞ്ചുതിരിയിട്ട് കത്തിക്കണം. ചന്ദനത്തിരി, സാമ്പ്രാണി തുടങ്ങിയവയും കത്തിക്കുക. ഫോട്ടോ വയ്ക്കുമ്പോള്‍ നടുവില്‍ സരസ്വതി, വലതുഭാഗത്ത് ഗണപതി, ഇടതുഭാഗത്ത് മഹാലക്ഷ്മി എന്നിങ്ങനെയായിരിക്കണം വയ്‌ക്കേണ്ടത്. ഈ മൂന്ന് മൂര്‍ത്തികള്‍ക്കും മാലയും മറ്റു പുഷ്പങ്ങളും ചാര്‍ത്തണം. തുടര്‍ന്ന് പുതിയ ബെഡ്ഷീറ്റോ പായയോ പേപ്പറോ വച്ച് അതില്‍ പൂജയ്ക്കു വയ്ക്കാനുള്ളതെല്ലാം ഒരുക്കിവയ്ക്കണം.

ഒരു കിണ്ടിയില്‍ ശുദ്ധ ജലം നിറച്ച് വലതുകൈകൊണ്ട് അടച്ചുപിടിക്കുക. അതിനുമുകളില്‍ ഇടതുകൈ വെച്ച്

ഗംഗേ ച, യമുനേ ചൈവ, ഗോദാവരി സരസ്വതി, നര്‍മ്മദേ സിന്ധു കാവേരി ജലേസ്മിന്‍ സന്നിധം കുരു

എന്ന മന്ത്രം ചൊല്ലി തീര്‍ത്ഥമായി സങ്കല്‍പിച്ച് ഒരു തുളസിയിലകൊണ്ട് പുസ്തകത്തിലും മറ്റും തെളിച്ച് ശുദ്ധി വരുത്തുക. നിവേദ്യം അര്‍പ്പിച്ച് പൂജ ചെയ്ത് കര്‍പ്പൂരം കാണിക്കണം. അടുത്ത ദിവസം രാവിലേയും വൈകീട്ടും ഇതുപോലെ പൂജചെയ്ത് ആരതി ഉഴിയണം. വിജയദശമി ദിവസം മാലപുഷ്പങ്ങള്‍ കൊണ്ട് അലങ്കരിക്കണം. വലതു വശത്തും ഇടതു വശത്തും കരിമ്പ് വെയ്ക്കണം. തുടര്‍ന്ന്, പായസം, പയര്‍, അവില്‍, മലര്‍, ശര്‍ക്കര, പഴം, മറ്റു ഇഷ്ടമുള്ള നിവേദ്യങ്ങള്‍ എന്നിവയും അര്‍പ്പിക്കുക. തുടര്‍ന്ന് സരസ്വതി മന്ത്രങ്ങള്‍ ചൊല്ലുകയും ശ്രീലളിത അഷ്ടോത്തരശതനാമാവലികൊണ്ട് പുഷ്പാര്‍ച്ചന നടത്തുകയും ചെയ്യണം. അതിനുശേഷം കര്‍പ്പൂരം ആരതി കാണിച്ച് പൂജയ്ക്ക് വെച്ചെതെല്ലാം എടുക്കുക. തുടര്‍ന്ന് അരിയില്‍ ‘ഹരിശ്രീഗണപതയേ നമ: അവിഘ്‌നമസ്തു ശ്രീ ഗുരുഭ്യോ നമ:’ എന്ന് വലതു ചൂണ്ടാണി വിരല്‍ കൊണ്ട് എഴുതുക. തുടര്‍ന്ന് ഗണപതിയേയും വിദ്യാദേവിയേയും മനസില്‍ ധ്യാനിച്ച് പഠിക്കാനുള്ള പുസ്തകങ്ങളില്‍ ഏതെങ്കിലും ഒന്നെടുത്ത് വായിച്ച്, ബുദ്ധിയും ശക്തിക്കുമായി പ്രാര്‍ത്തിച്ച് നമസ്‌കരിക്കുകയും ചെയ്യുക.

Related Posts