സ്പെഷ്യല്‍
സവിശേഷ ഫലപ്രാപ്തി നല്‍കുന്ന നാരായണീയ ദശകങ്ങള്‍

മത്സ്യാവതാരം മുതലുള്ള ഭഗവാന്‍ ശ്രീ മഹാവിഷ്ണുവിന്റെ അവതാരകഥകള്‍ സംസ്‌കൃതത്തില്‍ 100 ദശകങ്ങളായി എഴുതപ്പെട്ടിട്ടുള്ള ഭക്തികാവ്യമാണ് നാരായണീയം. സാന്ദ്രാനന്ദാവബോധാത്മകമനുപമിതം കാലദേശാവധിഭ്യാം എന്നു തുടങ്ങിയ ആദ്യശ്ലോകം അവസാനിക്കുന്നത് തത്താവദ്ഭാതി സാക്ഷാദ് ഗുരുപവനപുരേ, ഹന്ത ഭാഗ്യം ജനാനാംഎന്ന വരിയോടെയാണ്‌.

നൂറാം ദശകം പൂര്‍ത്തിയാക്കിത സ്ഫീതം ലീലാവതാരൈരിദമിഹ കുരുതാമായുരാരോഗ്യസൗഖ്യം’ എന്ന വരിയോടെയും. 1587 നവംബര്‍ 27നാണ് ‘ആയുരാരോഗ്യസൗഖ്യം’ എന്ന അവസാന വാക്ക് എഴുതിചേര്‍ത്ത് മേല്‍പത്തൂര്‍ ദശകത്തിനു സമാപ്തി കുറിച്ചതെന്നാണു കണക്കാക്കുന്നത്. അവസാന ദശകം എഴുതിയതും സമര്‍പ്പിച്ചതും ഭഗവാന്റെ അതിമനോഹരവും തേജസ്സുറ്റതുമായ ദര്‍ശനത്തോടെയാണ്. താന്‍ കണ്ട ഭഗവാന്റെ കേശാദിപാദം വര്‍ണനക്കുശേഷം ഈ ഭക്തികാവ്യം ഈ ലോകത്തില്‍ ആയുസ്സും ആരോഗ്യവും സൗഖ്യവും പ്രദാനം ചെയ്യട്ടെ എന്നാശിച്ചുകൊണ്ടാണ് അദ്ദേഹം നാരായണീയം അവസാനിപ്പിക്കുന്നത്.

കൊല്ലവര്‍ഷം 762 വൃശ്ചികം 28 ന് ഞായറാഴ്ച ചോതി നക്ഷത്രവും കൃഷ്ണപക്ഷദ്വാദശിയും ചേര്‍ന്ന ദിവസമാണ് മേല്‍പത്തൂര്‍ നാരായണഭട്ടതിരി നാരായണീയ രചന പൂര്‍ത്തിയാക്കിയത്. ശ്രീമദ്ഭാഗവതത്തെ അവലംബിച്ച് ആയിരത്തിലധികം ശ്ലോകങ്ങള്‍ നൂറു ദശകങ്ങളിലായി സംഗ്രഹിച്ച് ശ്രീഗുരുവായൂരപ്പനെത്തന്നെ സംബോധന ചെയ്യുന്ന രീതിയില്‍ എഴുതി ഭഗവാനെ ചൊല്ലിക്കേള്‍പ്പിച്ചാണു ഭട്ടതിരി  നാരായണീയം പൂര്‍ത്തിയാക്കിയത്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിളങ്ങുന്ന സാക്ഷാല്‍ പരബ്രഹ്മമൂര്‍ത്തിയാണു ശ്രീഗുരുവായൂരപ്പനെന്നു പ്രകീര്‍ത്തിച്ചു കൊണ്ടാണ് ഒന്നാം ദശകംതന്നെ ആരംഭിക്കുന്നത്. ഭാഗവതത്തില്‍ പറഞ്ഞിട്ടുളള ദശാവതാരങ്ങളില്‍ കല്‍ക്കിയൊഴികെയുളള ഒന്‍പതവതാരങ്ങളും കപിലന്‍, നരനാരായണന്മാര്‍, ഋഷഭന്‍, ധന്വന്തരി, മോഹിനി, ദത്താത്രേയന്‍, വൃകാസുരന്‍ എന്നീ അവതാരങ്ങളും നാരായണീയത്തില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്.

എന്നാല്‍, ശ്രീകൃഷ്ണന്റെ സ്വര്‍ഗ്ഗാരോഹണം ഇതില്‍ പരാമര്‍ശിച്ചിട്ടേയില്ല. ശ്രീകൃഷ്ണ ഭഗവാനെ ഗുരുവായൂരപ്പനായി മുന്നില്‍ ദര്‍ശിച്ചതു കൊണ്ടാണു സ്വര്‍ഗാരോഹണം മേല്‍പുത്തൂര്‍ എഴുതാഞ്ഞത് എന്നതാണു വിശ്വാസം.

പക്ഷവാതം പിടിപെട്ട് കിടപ്പിലായ തന്റെ വ്യാകരണഗുരുവായ അച്യുതപിഷാരടിയുടെ വേദന കാണുവാന്‍ കഴിയാതെ യോഗശക്തിയാല്‍ മേല്‍പ്പത്തൂര്‍ ഗുരുദക്ഷിണയായി വാതരോഗത്തെ തന്റെ ശരീരത്തിലാക്കി ഗുരുവിന്റെ കഷ്ടപ്പാട് അകറ്റി.

പിന്നീട് ഭട്ടതിരി രോഗശാന്തിക്ക് ഉപായമന്വേഷിച്ച് ഒരാളിനെ തുഞ്ചത്തു രാമാനുജന്‍ എഴുത്തച്ഛന്റെ പക്കലേക്ക് അയച്ചു. അദ്ദേഹം പരിഹാരമായി ”മീന്‍ തൊട്ടുകൂട്ടു”വാന്‍ ഉപദേശിക്കുകയാണ് ഉണ്ടായത്.

എഴുത്തച്ഛന്റെ ധിക്കാരമായി അനുചരന്‍ ഭട്ടതിരിയെ ഇക്കാര്യമറിയിച്ചു. എന്നാല്‍ മത്സ്യാവതാരം തുടങ്ങി ഭഗവത്കഥ വര്‍ണിക്കുന്ന ഒരു കൃതി രചിക്കുക എന്നാണ് എഴുത്തച്ഛന്‍ നിര്‍ദേശിച്ചതെന്നു ഭട്ടതിരിക്കു ബോധ്യമായി. ഇതനുസരിച്ച് ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഭഗവാനെ നേരില്‍ കണ്ടുകൊണ്ടിരിക്കാവുന്ന സ്ഥലത്ത് നൂറുദിവസം ഭജനമിരുന്നാണു നാരായണീയ രചന പൂര്‍ത്തിയാക്കിയത്. ഭട്ടതിരിയുടെ ഇളയ സഹോദരനായ മാതൃദത്തനാണ് പറഞ്ഞു കൊടുത്ത പദ്യം എഴുതിയെടുത്തത്. 27-ാം വയസിലാണ് ഭട്ടതിരി നാരായണീയം പൂര്‍ത്തിയാക്കുന്നത്.

നൂറ് ദശകങ്ങളിലുംകൂടി നാരായണീയത്തില്‍ 1036 പദ്യങ്ങളാണുള്ളത്. പത്തുപദ്യം കൂടിയതെന്നാണു ദശകം അര്‍ഥമാക്കുന്നതെങ്കിലും വിഷയക്രമീകരണംമൂലം ചില ദശകങ്ങളില്‍ ഒന്നും രണ്ടും ചുരുക്കമായി അതിലധികവും പദ്യങ്ങള്‍ കൂടുതലായി വന്നിട്ടുള്ളതിനാലാണ് പദ്യങ്ങളുടെ സംഖ്യ 1036 ആയത്.

സ്രഗ്ധര, ശാര്‍ദൂലവിക്രീഡിതം, വസന്തതിലകം, ഉപജാതി, ശിഖരിണി, ദ്രുതവിളംബിതം തുടങ്ങിയ വൃത്തങ്ങള്‍ പ്രതിപാദ്യത്തിനനുസൃതമായി സ്വീകരിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. ദീര്‍ഘമായ കഥ എത്രയും ചുരുക്കി അവതരിപ്പിക്കുന്നതിന് ഭട്ടതിരിക്കുള്ള കഴിവ് നാരായണീയത്തില്‍ പ്രകടമാണ്.

രാമായണകഥ എല്ലാ പ്രധാന സംഭവങ്ങളുടെയും പരാമര്‍ശത്തോടെ കാവ്യാത്മകമായി രണ്ട് ദശകങ്ങളില്‍ വര്‍ണിച്ചിരിക്കുന്നു. ശ്രീമദ്ഭാഗവതത്തില്‍ അനേകം അധ്യായങ്ങളിലായി വിശദീകരിച്ചിരിക്കുന്ന കപിലോപദേശമായ സാംഖ്യദര്‍ശനം ഒരധ്യായത്തില്‍ സംഗ്രഹിച്ചിരിക്കുന്നത് മറ്റൊരുദാഹരണമാണ്.

സവിശേഷ ഫലപ്രാപ്തി നല്‍കുന്ന നാരായണീയ ദശകങ്ങള്‍ ഇവയാണ്:

ദശകം 12 (വരാഹാവതാരം) നാരായണപ്രീതി, ഉന്നത സ്ഥാനലബ്ധി.

ദശകം 13 (ഹിരണ്യാക്ഷ വധം) സല്‍കീര്‍ത്തി, ധനലാഭം, ദീര്‍ഘായുസ്സ്.

ദശകം 16 (നരനാരായണ ചരിതവും ദക്ഷ യാഗവും) പാപമോചനം.

ദശകം 18 (പൃഥു ചക്രവര്‍ത്തി ചരിതം)ഐശ്വര്യം, സന്താന സൗഭാഗ്യം, വിജയലബ്ധി.

ദശകം 27 (പാലാഴി മഥനവും, കൂര്‍മാവതാരവും), ദശകം 28 (ലക്ഷ്മീസ്വയംവരവും അമൃതോല്‍പ്പത്തിയും) ഉദ്ദിഷ്ട ഫലപ്രാപ്തി.

ദശകം 32 (മത്സ്യാവതാരം), ദശകം 51 (അഘാസുര വധവും വനഭോജനവും), ദശകം 52 (വത്സാപഹരണവും, ബ്രഹ്മ ഗര്‍വു ശമനവും) ആഗ്രഹപൂര്‍ത്തീകരണം.

ദശകം 82 (ബാണയുദ്ധവും, നൃഗമോക്ഷവും) സര്‍വ വിജയ പ്രാപ്തി.

ദശകം 87 (കുചേലവൃത്തം) ഐശ്വര്യം, കര്‍മബന്ധ നിര്‍മുക്തി.

ദശകം 88 (സന്താനഗോപാലം) ദുഃഖനിവാരണം, മുക്തിപ്രാപ്തി.

ദശകം 100 (ഭഗവാന്റെ കേശാദിപാദ വര്‍ണനം) ദീര്‍ഘായുസ്സ്, ആരോഗ്യം, സന്തുഷ്ടി.

ജ്ഞാനകര്‍മ ഭക്തി യോഗങ്ങളില്‍ ഭക്തി മാര്‍ഗമായിരുന്നു ഭട്ടതിരിയുടേത്. ഈ ഭാവം നാരായണീയത്തിലുടനീളം പ്രകടമാകുന്നതു കൂടാതെ ഭക്തിയോഗത്തിന്റെ പ്രാധാന്യത്തെപ്പറ്റി അവസാന ദശകങ്ങളില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുമുണ്ട്.

നാരായണീയത്തിലെ പല ദശകങ്ങളും അതിന്റെ കാവ്യാത്മകതകൊണ്ടു പ്രസിദ്ധമാണ്. രാസക്രീഡാവര്‍ണനം ഉള്‍പ്പെടുന്ന അറുപത്തിയൊന്‍പതാം ദശകം (‘കേശപാശധൃത പിഞ്ഛികാവി തതിസഞ്ചലന്മകരകുണ്ഡലം’ എന്നാരംഭിക്കുന്ന ദശകം), കാളിയമര്‍ദനം വര്‍ണിക്കുന്ന അമ്പത്തിയഞ്ചാം ദശകം, കൃഷ്ണന്റെയും ബലരാമന്റെയും ബാലലീല വര്‍ണിക്കുന്ന നാല്പത്തഞ്ചാം ദശകം, നരസിംഹാവതാരം വര്‍ണിക്കുന്ന ഇരുപത്തിയഞ്ചാം ദശകം; കേശാദിപാദവര്‍ണനയുടെ അവസാന ദശകം തുടങ്ങിയവ പ്രത്യേകം എടുത്തുപറയത്തക്ക കാവ്യഭംഗിയുള്ളവയാണ്.

രാമായണം, ശ്രീമദ്ഭാഗവതം എന്നിവയെപ്പോലെ ഭക്തര്‍ നിത്യപാരായണത്തിനു നാരായണീയവും ഉപയോഗപ്പെടുത്തുന്നു എന്നത് ഇതിലെ ഭക്തിഭാവത്തിന്റെയും ആകര്‍ഷകമായ ശൈലിയുടെയും ദൃഷ്ടാന്തമാണ്.

ശ്രീകൃഷ്ണ കഥകള്‍ക്ക് പ്രാധാന്യം നല്കി രചിച്ച കാവ്യമാണെങ്കിലും ഭഗവദ്ഗീതയിലെയും ശങ്കരാചാര്യരുടെ ഭാഷ്യങ്ങളിലെയും മറ്റും ദര്‍ശനങ്ങളുടെ സമഗ്രമായ പരിചിന്തനവും അവസാന ദശകങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാരായണീയം എന്ന വിശിഷ്ട ഗ്രന്ഥത്തെയും അതിന്റെ കര്‍ത്താവായ മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരിയെയും ആദരിക്കുവാന്‍ എല്ലാ വര്‍ഷവും വൃശ്ചികം 28 ഗുരുവായൂര്‍ ദേവസ്വം നാരായണീയദിനമായി ആചരിക്കുന്നു.

Related Posts