രാമായണം സ്‌പെഷ്യല്‍
കര്‍ക്കടകത്തില്‍ ദര്‍ശനം നടത്തേണ്ട ക്ഷേത്രങ്ങള്‍

മൂവാറ്റുപുഴയാറിന്റെ തീരത്താണ് മമലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. എറണാകുളം ജില്ലയില്‍ പിറവത്തിനും രാമമംഗലത്തിനും മധ്യേയുള്ള മാമലശ്ശേരിയെന്ന ഗ്രാമവും സമീപഗ്രാമങ്ങളും രാമായണവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളാലും പുരാവൃത്തങ്ങളാലും സമ്പന്നമാണ്.മാന്‍വേഷം പൂണ്ട മായാവിയായ രാവണ മാതുലന്‍ മാരീചനെന്ന രാക്ഷസനെ വധിച്ച് രാവണന്റെ സീതാഹരണാനന്തരം സീതാവിരഹിയായി വനത്തില്‍ കഴിയുന്ന ശ്രീരാമദേവനാണ് മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ വട്ടശ്രീകോവിലില്‍ ശിലാവിഗ്രഹത്തില്‍ കിഴക്കു ദര്‍ശനമായി കുടികൊള്ളുന്നത്.രാമബാണമേറ്റ് മാന്‍ മലര്‍ന്നുവീണ പ്രദേശം ആദ്യകാലത്ത് മാന്‍മലച്ചേരിയായും പില്‍ക്കാലത്ത് മാമലശ്ശേരിയായും അറിയപ്പെട്ടു. മാനിന്റെ മേല്‍ഭാഗം തെറിച്ചുവീണിടം മേമ്മുറിയായും കീഴ്ഭാഗം തെറിച്ചുവീണിടം കീഴ്മുറിയായും അറിയപ്പെടുന്നു.

സീതാരാമന്‍മാരെ പ്രലോഭിപ്പിച്ചുകൊണ്ട് മാന്‍ അവര്‍ക്കുമുന്നില്‍ കളിയാടിയ സ്ഥലം മാനാടി എന്നറിയപ്പെടുന്ന മാമലശ്ശേരിയിലെ ഒരുപാടമാണ്.
വിച്ഛിന്നാഭിഷേകാനന്തരം സീതാരാമന്‍മാര്‍ക്ക് അയോധ്യയില്‍ നഷ്ടപ്പെട്ട രാജകീയ ദാമ്പത്യസൗഖ്യം വനവാസകാലത്ത് വനത്തില്‍ വീണ്ടെടുത്ത സ്ഥലം ആദ്യകാലത്ത് ശ്രീരാമമംഗലം ആയും പിന്നീട് രാമമംഗലമായും അറിയപ്പെട്ടു.

മൂവാറ്റുപുഴയാറിന്റെ മറുതീരത്ത് ശ്രീരാമന്‍ ദശരഥനു ബലിയിട്ട ഏഴയ്ക്കരനാട് വെട്ടിത്തറ പ്രദേശത്തെ ശൈവ സങ്കേതം ഒരുകാലത്ത് തിരുവബലി എന്നും പില്‍ക്കാലത്ത് തിരുവേലി എന്നും അറിയപ്പെട്ടു. സ്ഥലനാമകൗതുകം ഉള്ളിലുദിപ്പിക്കുന്ന പൗരാണിക ചരിത്രങ്ങള്‍ ഇപ്രകാരമായിരികിക്കെ പണ്ട് വനമായിരുന്ന ഇവിടെ ഒരു പശു സ്വയമേവ പാല്‍ചുരുത്തുന്നത് കണ്ട തപസ്വിയായ ഒരു സിദ്ധന്‍ പ്രദേശമഹത്വവും അപരിമേയമായ ദേവസാന്നിധ്യവും തിരിച്ചറിഞ്ഞ് അന്നത്തെ രാജാവിനെക്കൊണ്ട് പണി കഴിപ്പിച്ചതാണ് ഇന്നത്തെ മാമലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം.

ക്ഷേത്രത്തില്‍ രാവിലെ രണ്ടും വൈകിട്ട് ഒന്നുമായി ആകെ മൂന്നു പൂജകളാണ് പതിവായിട്ടുള്ളത്. പ്രഭാതത്തിലെ ആദ്യത്തെ അമന്ത്രാഭിഷേകം ക്ഷേത്രക്കടവില്‍ കുളിച്ചുവരുമ്പോള്‍ തന്നെ ഒരു കുടം വെള്ളം മേല്‍ശാന്തി കൊണ്ടുവന്നു അതുകൊണ്ടാണ് നിര്‍വഹിക്കുന്നത്. പാലഭിഷേകം, പാല്‍പ്പായസം, ചതുശ്ശതം, പന്ത്രണ്ടുനമസ്‌ക്കാരം, ഉഷപ്പായസം മുതലായവ ശ്രീരാമസ്വാമിയുടെ ഇഷ്ടവഴിപാടുകളാണ്. ക്ഷേത്രത്തില്‍ മീനുട്ടും നടത്തിവരുന്നുണ്ട്. ക്ഷേത്രമതിലിനു വെളിയില്‍ വടക്കുഭാഗത്ത് വടക്കുദര്‍ശനമായി നദീമുഖമായി ഭദ്രകാളിയും ഭദ്രകാളിക്ക് കിഴക്കുഭാഗത്തായി പടിഞ്ഞാറ് ദര്‍ശനമായി ദുര്‍ഗയും കണ്ണാടി വിഗ്രഹത്തില്‍ കുടികൊള്ളുന്നു. ഭദ്രകാളിക്ക് ഗുരുതിയും കടുംപായസവും ദുര്‍ഗയ്ക്ക് നെയ്പായസവും നടത്തിവരുന്നു. ക്ഷേത്രമതിലിനുവെളിയില്‍ തെക്കുപടിഞ്ഞാറുഭാഗത്ത് കിഴക്ക് ദര്‍ശനമായി കുടികൊള്ളുന്ന സര്‍പ്പസാന്നിധ്യങ്ങള്‍ക്ക് വാര്‍ഷികമായി നിവേദ്യം പതിവുണ്ട്. 2005 മെയില്‍ നടന്ന നവീകരണപ്രതിഷ്ഠയ്ക്കു ശേഷം ഇടവമാസത്തിലെ ഉത്രംനാള്‍ പ്രതിഷ്ഠാവാര്‍ഷികമായി ആചരിച്ചുവരുന്നുണ്ട്.

മേമ്മുറി ഭരതപ്പിള്ളി ശ്രീ ഭരതസ്വാമി ക്ഷേത്രം

ജ്യേഷ്ഠനായ രാമന്റെ വനവാസവാര്‍ത്തയറിഞ്ഞ് ദുഖിതരായ ഭരതശത്രുഘ്‌നന്മാര്‍ അദ്ദേഹത്തെ തിരികെ അയോധ്യയിലേക്ക് കൂട്ടിക്കൊണ്ടുവരുവാനായി സൈന്യസമേതം കാട്ടിലേക്കു പുറപ്പെട്ടു. വനമധ്യേ ഭരതശത്രുഘ്‌നന്മാരും സൈന്യവും കൂട്ടംതെറ്റിപ്പോയി. ഭരതസ്വാമി ഒറ്റപ്പെട്ടുപോയ സ്ഥാനം മേമ്മുറി ഭരതപ്പിള്ളി ശ്രീ ഭരതസ്വാമി ക്ഷേത്രമായിത്തീര്‍ന്നു.

രാജകീയ പ്രൗഢിയോടെ പടിഞ്ഞാറ് ദര്‍ശനമായി ശ്രീഭരതസ്വാമി മാമലശ്ശേരി ശ്രീരാമ ക്ഷേത്രത്തില്‍നിന്നും അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ വടക്കുകിഴക്കുഭാഗത്തായിട്ടാണ് കുടികൊള്ളുന്നത്. ഭാരതക്ഷേത്രത്തില്‍ അകപ്രദക്ഷിണവട്ടത്തില്‍ ഗണപതിക്കൂട്ടില്‍ ഗണപതി, ശിവന്‍, ഹനുമാന്‍ മുതലായ ദേവന്മാരുടെപ്രതിഷ്ഠയും വടക്കേചുറ്റില്‍ കിഴക്ക്ഭാഗത്തായി ലക്ഷ്മണസ്വാമിയും കുടികൊള്ളുന്നു. മതില്‍ക്കകത്ത് പടിഞ്ഞാറുഭാഗത്തായി ഭഗവതി, അയ്യപ്പന്‍ മുതലായ ദേവതകളുടെയും പ്രതിഷ്ഠയും മീനംരാശിപത്തിലായി സര്‍പ്പസാന്നിധ്യവുമുണ്ട്.

രാവിലെയും വൈകിട്ടുമായി ക്ഷേത്രത്തില്‍ മൂന്നുപൂജകളാണ് നടക്കുന്നത്. പാല്‍പ്പായസം, നെയ് വിളക്ക്, കദളിപ്പഴനിവേദ്യം തുടങ്ങിയ വഴിപാടുകള്‍ ഇവിടെ പ്രധാനമാണ്. ശ്രീരാമ സ്വാമിയുടെ ഉത്സവകാലത്ത് ഇവിടെയും ഉത്സവമാണ്.

മുളക്കുളം ശ്രീലക്ഷ്മണസ്വാമി ക്ഷേത്രം

നാലമ്പലവഴിയിലെ മൂന്നാമത്തെ ക്ഷേത്രമാണിത്. രാമന്റെ സന്തതസഹചാരിയായ സൗമിത്രി തിരുമൂഴിക്കുളത്തുനിന്നും ശീവേലിബിംബത്തില്‍ എഴുന്നള്ളി ശീലകംപൂണ്ട തീര്‍ഥസ്ഥാനമാണ് മുളക്കുളം ശ്രീലക്ഷ്മണസ്വാമി ക്ഷേത്രം. ലക്ഷ്മണപ്പെരുമാളിന്റെ ശീവേലിബിംബം ഉപാസകനായിരുന്ന കരിമലക്കോട്ട് മൂസതിന്റെ ഗൃഹത്തിലാണ് അന്ന് ഇറക്കി എഴുന്നള്ളിക്കുകയുണ്ടായത്. മൂസതിന്റെ ഗൃഹം ക്ഷേത്രത്തിലെ ഇന്നത്തെ കൊട്ടാരമാണ്. കാലക്രമത്തില്‍ ലക്ഷ്മണസ്വാമിയുടെ സങ്കേതം ഇന്നുകാണുന്ന രൂപത്തില്‍ പ്രൗഢക്ഷേത്രമായിത്തീര്‍ന്നു. പടിഞ്ഞാറ്്ദര്‍ശനമായി ചതുരശ്രീകോവിലില്‍ കുടികൊള്ളുന്ന മുളക്കുളം ശ്രീലക്ഷ്മണസ്വാമിയുടെ ശ്രീകോവിലിനിനോടു ചേര്‍ന്ന് ഇടതുവശത്ത് അകപ്രദക്ഷിണവട്ടത്തില്‍ ഗണപതി, സുബ്രഹ്മണ്യന്‍, ഹനുമാന്‍ എന്നീ ദേവതകള്‍ കുടികൊള്ളുന്നു.

പുറത്തെ പ്രദക്ഷിണവഴിക്കു പുറത്തായി തെക്കുപടിഞ്ഞാറ് ഭാഗത്ത് കിഴക്ക് ദര്‍ശനമായി ശിവപാര്‍വ്വതിമാരും അവരുടെ രൗദ്രഭാവത്തെ ശമിപ്പിക്കത്തക്കവിധം തെക്കുഴിക്കുഭാഗത്ത് അവര്‍ക്ക് അഭിമുഖമായി പടിഞ്ഞാറ് ദര്‍ശനമായി ശാസ്താവും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ശിവപാര്‍വ്വതിമാര്‍ക്കുപിന്നില്‍ തെക്് പടിഞ്ഞാറുഭാഗത്ത് കിഴക്ക് ദര്‍ശനമായി ഭദ്രകാളിയുടെ സാന്നിധ്യവും അതിന് വലതുഭാഗത്തായി സര്‍പ്പസാന്നിധ്യവുമുണ്ട്്.

കൊടിയേറി എട്ടാംദിവസം ആറാട്ട് എന്നകണക്കിന് മേടത്തിലെ രോഹിണി നക്ഷത്രം ആറാട്ട് പ്രധാനമായിട്ടാണ് ക്ഷേത്രത്തിലെ ഉത്സവം. സമീപത്തെ മൂവാറ്റുപുഴയാറിലാണ് ആറാട്ട്. പാല്‍പ്പായസം, രോഹിണിവാരം ഊട്ടിനോടനുബന്ധമായി പിഴിഞ്ഞുപായസം തുടങ്ങിയവയാണ് ക്ഷേത്രത്തിലെ പ്രധാനവഴിപാടുകള്‍.

മാമലശ്ശേരി നെടുങ്ങാട് ശ്രീ ശത്രുഘ്‌നസ്വാമി ക്ഷേത്രം

നാലമ്പലവഴിയിലെ നാലാമത്തെ ക്ഷേത്രമാണിത്. ജ്യേഷ്ഠനായ രാമനെ വനത്തില്‍നിന്നും അയോധ്യയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനായി ഭരതനും അയോധ്യാസൈന്യവുമൊത്ത് കാട്ടിലെത്തിയശേഷം വനമധ്യേ കൂട്ടം തെറ്റിപ്പോയ ശത്രുഘ്‌നസ്വാമി ഒരു നെടിയ കാട്ടില്‍ അകപ്പെട്ടു. അദ്ദേഹത്തെ അവിടുത്തുകാര്‍ നെടുംകാട്ടുതേവര്‍ അഥവ നെടുങ്ങാട്ട് തേവര്‍ ആയി പൂജിച്ചുവന്നു.

അഞ്ചുപതിറ്റാണ്ടുകള്‍ക്കു മുമ്പ് മാമ്മലശ്ശേരിയില്‍ നെടുങ്ങാട്ട് പറമ്പില്‍ നിന്നും നെടുങ്ങാട്ടുതേവരുടെ ഉടമസ്ഥ കുടുംബക്കാരായ നകരക്കാട്ടുമനക്കാര്‍ പ്രസ്തുത ക്ഷേത്രം പൊളിച്ച് അവരുടെതന്നെ ഗൃഹത്തിനു സമീപത്തും ഉടമസ്ഥതയിലുമുള്ള കൃഷ്ണക്ഷേത്രത്തില്‍ ശ്രീകോവില്‍പണിത് കുടിയിരുത്താമെന്ന പ്രതീക്ഷയില്‍ ശ്രീകൃഷ്ണസ്വാമിയുടെ തിടപ്പള്ളിയില്‍ കൊണ്ടുവച്ച് പൂജിക്കാന്‍തുടങ്ങി.നെടുങ്ങോട്ട്്‌തേവര്‍ക്ക് ശ്രീകൃഷ്ണസങ്കേതത്തില്‍ തറപണതെങ്കിലും തുടര്‍ന്നുള്ള പണികള്‍ മുന്നോട്ടുപോയില്ല. തേവരുടെ പൂര്‍വ ഉടമസ്ഥരായ നെടുങ്ങാട്ടുപറമ്പിന്റെ പരിസരവാസികള്‍ക്ക് പലബുദ്ധിമുട്ടുകളും വന്നുചേര്‍ന്നു.

2009ലെ അഷ്ടമംഗലദേവപ്രശ്‌നത്തില്‍ നെടുങ്ങാട്ടുതേവരെ പൂര്‍വ്വസ്ഥാനത്തുതന്നെ ക്ഷേത്രംപണിത് കുടിയിരുത്താന്‍ വിധിയുണ്ടായി. അതുപ്രകാരം നെടുങ്ങാട്ടുതേവരായ ശത്രുഘ്‌നസ്വാമിയേയും ഒപ്പം വെണ്ണക്കണ്ണന്‍, ശിവന്‍ എന്നീ ദേവതകളെയും മാമലശ്ശേരി കാവുങ്കട കവലയ്ക്കു 300 മീറ്റര്‍ സമീപത്തായുള്ള പൂര്‍വ്വസ്ഥാനത്ത് കൊണ്ടുവന്ന് ബാലാലയത്തില്‍ കുടിയിരുത്തിയിരിക്കുകയാണ്. മാസംതോറും തിരുവോണം പിറന്നാളിന് ഗണപതിഹോമം, ഭഗവത്സേവ, മൃത്യുഞ്ജയ ഹോമം, നെടുങ്ങാട്ടുതേവര്‍ക്കും ഇതരദേവതാ സാന്നിധ്യങ്ങളിലും പൂജ എന്നിവ നടക്കുന്നു. കര്‍ക്കിടകമാസത്തില്‍ എല്ലാദിവസവും നടതുറന്ന് പൂജയുണ്ടാകും. കരിക്കഭിഷേകം, തുളസിമാല, നെയ് വിളക്ക്, പാല്‍പ്പായ,ം, പാലഭിഷേകം മുതലായവയാണ് തേവരുടെ ഇഷ്ടവഴിപാട്.

 

Related Posts