സ്പെഷ്യല്‍
ആഞ്ജനേയറെ വലംവച്ചു പ്രാര്‍ഥിച്ചാല്‍ ജീവിതത്തില്‍ സംഭവിക്കുന്നത്‌

അമേരിക്കന്‍ വിസ ലഭിക്കാതെ വലയുന്നവര്‍ക്ക് അനുഗ്രഹദായകനാണ്  ചെന്നൈ നങ്കനല്ലൂര്‍ എംഎംടിസി കോളനി ശ്രീ ലക്ഷ്മീ നരസിംഹ നവനീത കൃഷ്ണന്‍ ക്ഷേത്രത്തിലെ ആഞ്ജനേയര്‍ മൂര്‍ത്തി.

ആഞ്ജനേയര്‍ കനിഞ്ഞാല്‍ അമേരിക്കന്‍ വിസ കൈയില്‍കിട്ടുമെന്നാണ് അനുഭവസാക്ഷ്യങ്ങള്‍. ഇവിടെ പ്രാര്‍ഥിച്ച് അമേരിക്കന്‍ വിസ ലഭിക്കുന്നവരുടെ എണ്ണംകൂടിയതോടെയാണ് ഹനുമാന്‍ പ്രതിഷ്ഠ അമേരിക്കന്‍ ആഞ്ജനേയര്‍ എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്.

എണ്‍പതുകളുടെ തുടക്കത്തില്‍ എംഎംടിസി കോളനിയിലെ ചില ഹിന്ദു കുടുംബങ്ങള്‍ തങ്ങളുടെ മക്കള്‍ക്കു തടസമില്ലാതെ അമേരിക്കന്‍ യാത്രയ്ക്കു സാഹചര്യമൊരുക്കാന്‍ നടത്തിയ പ്രാര്‍ഥന സഫലമായതോടെയാണു നരസിംഹ ക്ഷേത്രത്തിലെ ആഞ്ജനേയര്‍ മൂര്‍ത്തി പേരെടുത്തത്. വെറ്റില മാലയും നെയ്യുമാണ് അമേരിക്ക ആഞ്ജനേയര്‍ക്കു പ്രിയപ്പെട്ട വഴിപാടുകള്‍.

നാല്‍പതു വര്‍ഷം മുന്‍പു തരിശുകിടന്ന ഭൂമിയിലാണ് നരസിംഹ ക്ഷേത്രം നിര്‍മിച്ചത്. സ്ഥലം വൃത്തിയാക്കുന്നതിനിടെ മണ്ണിനടിയില്‍ മൂടപ്പെട്ട നിലയില്‍ ഏതാനും വിഗ്രഹങ്ങള്‍ കണ്ടു. ആര്‍ക്കിയോളജി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 1,500 വര്‍ഷം മുന്‍പ് ഇവിടെ പുരാതന ക്ഷേത്രം നിലനിന്നിരുന്നതായി കണ്ടെത്തി. തുടര്‍ന്നു സ്ഥലത്തെ ബ്രാഹ്മണ കുടുംബങ്ങളുടെ സഹായത്തോടെ ഇവിടെ ക്ഷേത്രം പണിയുകയായിരുന്നു. ഒരു വര്‍ഷത്തിനുശേഷം ഇവിടത്തെ ശ്രീരാമ പ്രതിഷ്ഠയ്ക്കു മുന്‍പില്‍ സ്ഥാപിച്ച ആഞ്ജനേയര്‍ വിഗ്രഹമാണ് അമേരിക്കന്‍ ആഞ്ജനേയരായി മാറിയത്.

വലംവച്ചു പ്രാര്‍ഥിച്ചാല്‍ ഏതു രാജ്യത്തേക്കുള്ള യാത്രയും സാധ്യമാകുമത്രേ. അമേരിക്ക എച്ച് 1 ബി വിസയ്ക്കു കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ആഞ്ജനേയരുടെ അനുഗ്രഹം തേടി ഐടി ജീവനക്കാര്‍ അടക്കമുള്ള നിരവധി ഭക്തരാണ് ഇവിടേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്നത്.

Related Posts