സ്പെഷ്യല്‍
നാഗപഞ്ചമി; ഇത്തവണത്തെ നാഗപഞ്ചമി ദിവസം ചെയ്യേണ്ടത്‌

നാഗാരാധന ഭാരതസംസ്‌കാരത്തിന്റെ ഒരു ഭാഗമായി അന്നും ഇന്നും തുടര്‍ന്നുപോരുന്നുണ്ട്. ഭൂമിയില്‍ ജീവനുള്ള ദൈവങ്ങളായി കരുതപ്പെടുന്നത് നാഗങ്ങളെ മാത്രമാണ്. എല്ലാ ശാസ്ത്രങ്ങളിലും നാഗങ്ങളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. മനുഷ്യന്റെ നിത്യജീവിതവുമായി നാഗങ്ങള്‍ പലതരത്തിലും ബന്ധപ്പെട്ടു കിടക്കുന്നു. അതുകൊണ്ടുതന്നെ നാഗാരാധന നമുക്ക് ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ്.

നാഗങ്ങളെ പ്രീതിപ്പെടുത്തുന്നതിനായി ശ്രാവണമാസത്തിലെ ശുക്ലപക്ഷത്തില്‍ കൊണ്ടാടുന്ന ഉത്സവമാണ് നാഗപഞ്ചമി. ശ്രീകൃഷ്ണന്‍ കാളിയന്റെ കീഴടക്കി അഹങ്കാരം ശമിപ്പിച്ചതിന്റെ പ്രതീകമായാണ് ഇത് ആഘോഷിക്കപെടുന്നത്. നാഗപഞ്ചമി പ്രധാനമായും ആഘോഷിക്കപ്പെടുന്നത് ഉത്തരേന്ത്യയിലാണ്. കേരളത്തില്‍ ഗൗഡസാരസ്വത ബ്രാഹ്മണര്‍ ഇതാഘോഷിക്കുന്നു. നാഗപഞ്ചമിയോടനുബന്ധിച്ച് സര്‍പ്പക്കാവിലും മറ്റും ‘നൂറും പാലും’ നിവേദിക്കുന്ന ചടങ്ങും നടത്താറുണ്ട്. ഈ വര്‍ഷത്തെ നാഗപഞ്ചമി ഓഗസ്റ്റ് 21 തിങ്കളാഴ്ചയാണ്.

ഉത്തരേന്ത്യയില്‍ നാഗപഞ്ചമി വിശേഷദിവസമായാണു കരുതപ്പെടുന്നത്. ശ്രാവണ മാസത്തിലെ അതായതു കര്‍ക്കിടകത്തിലെ ശുക്ലപക്ഷ പഞ്ചമിയെയാണ് നാഗപഞ്ചമിയായി കരുതുന്നത്. ഈ ദിവസമാണ് ശ്രീകൃഷ്ണന്‍ കാളിയ മര്‍ദ്ദനം നടത്തിയത് എന്നൊരു വിശ്വാസവുമുണ്ട്. ഇതിന് ശ്രാവണ പഞ്ചമി എന്നാണ് ഉത്തരേന്ത്യക്കാര്‍ പറയുന്നത്. ആസ്തിക മുനി നാഗരക്ഷ ചെയ്തത് ഈ ദിനത്തിലാണെന്നു വിശ്വാസികള്‍ കരുതുന്നു. അന്ന് നാഗ തീര്‍ത്ഥത്തിലോ നദികളിലോ കുളിച്ച ശേഷമാണ് നാഗപൂജ ചെയ്യേണ്ടത്. പൂര്‍ണ്ണമായി ഉപവസിക്കണം. സര്‍പ്പ പുറ്റിലെ മണ്ണ്, ചാണകം, ഗോമൂത്രം, പാല്, ചന്ദനം എന്നിവ അടങ്ങിയ പഞ്ചരജസ്സ് കൊണ്ട് ഭിത്തിയിലോ നിലത്തോ മെഴുകി അരിമാവില്‍ മഞ്ഞള്‍ കലക്കി വേപ്പിന്‍ കമ്പുകൊണ്ട് നാഗരൂപങ്ങള്‍ വരച്ചു വയ്ക്കുന്നതും ഉത്തമമാണ്.

സ്ത്രീകള്‍ സന്താന രക്ഷയ്ക്കായി മാനസാ ദേവിയെ ഈ ദിവസം സ്തുതിക്കണം. നാഗ പ്രീതിക്കായി പാമ്പിന്‍ മാളങ്ങള്‍ക്ക് മുമ്പില്‍ നൂറും പാലും വയ്ക്കുന്നതും നാഗങ്ങളെ ഉപദ്രവിക്കാതിരിക്കാന്‍ കൃഷിപ്പണികള്‍ ഒഴിവാക്കുന്നതും ഉചിതമാണ്.

പഞ്ചമി ദിവസം നാഗങ്ങളെ പാലില്‍ കുളിപ്പിക്കുന്നവര്‍ക്ക് അഷ്ടനാഗങ്ങളുടെ അനുഗ്രഹവും ഐശ്വര്യവും കരഗതമാകും. നാഗപഞ്ചമി ദിവസം നാഗങ്ങള്‍ക്ക് പാലഭിഷേകം, പാല്‍നിവേദ്യം എന്നിവ നടത്തിവരുന്ന ഗൃഹങ്ങളില്‍ സര്‍പ്പഭയമുണ്ടാവില്ല.

സന്താന ലബ്ധി, ഇഷ്ട വിവാഹം, ആയുര്‍സുഖം എന്നിവയും നാഗപഞ്ചമി ദിവസം നാഗാരാധന നടത്തുന്നതിന്റെ ഫലമായി ലഭിക്കുമെന്നാണ് വിശ്വാസം. നാഗപഞ്ചമി വ്രതമനുഷ്ഠിച്ചാല്‍ കടുത്ത നാഗദോഷം, സര്‍പ്പശാപം, സന്താനദുരിതം, ജാതകാലുളള  രാഹു- കേതു ദോക്ഷങ്ങള്‍ ,കാള സര്‍പ്പദോഷം ,രാഹു ദോഷത്താലുളള രോഗദുരിതങ്ങള്‍ , മംഗല്യതടസ്സം, സന്താന തടസ്സം തുടങ്ങി സര്‍പ്പദോഷത്താലുളള എല്ലാ ദുരിതങ്ങളും ശമിക്കുമെന്നു പറയുന്നു.

വ്രതവിധി

ചതുര്‍ത്ഥി നാള്‍ മുതല്‍ വ്രതം നോക്കണം. ശരീരിക മാനസിക ശുദ്ധി നിര്‍ബന്ധം. പൂര്‍ണ സസ്യാഹാരം ക്ഷേത്രദര്‍ശനം ഭഗവത്സ്മരണ ഇവയാണു നിഷ്ഠ.  പകല്‍ ഒരിക്കലുണ്ട് മറ്റ് നേരങ്ങളില്‍ ഫലങ്ങള്‍ ഭക്ഷിച്ച് നാഗദേവതാ സ്മരണയോടെ കഴിയുക. മനസ്സാവാചാ കര്‍മ്മണാ ഭഗവത്സരണ നിലനിര്‍ത്തണം. നാഗപഞ്ചമി ദിവസം നാഗര്‍ പ്രധാന പ്രതിഷ്ഠയുളള ക്ഷേത്ര ദര്‍ശനം നടത്തണം. നാഗരുടെ അഭിക്ഷേകം, അര്‍ച്ചന, തര്‍പ്പണം, അലങ്കാരം, ആരതി ഇവ കണ്ടു തൊഴണം.

Related Posts