കൈലാസത്തിലെത്തി ശിവ ഭഗവാനെ ദര്‍ശിക്കുകയെന്നത് ജീവിതത്തിലെ ഏറ്റവും പുണ്യമായ കാര്യമാണ്. എന്നാല്‍, എല്ലാവര്‍ക്കും കൈലാസ ദര്‍ശനം സാധ്യമായിക്കൊള്ളണമെന്നില്ല. കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം, വൈക്കം മഹാദേവ ക്ഷേത്രം, കടുത്തുരുത്തി തളി ക്ഷേത്രം എന്നിവിടങ്ങളിലെ ദര്‍ശനം കൈലാസത്തിലെത്തി ശിവഭഗവാനെ ദര്‍ശിക്കുന്നതിനു തുല്യമാണെന്നാണ് വിശ്വാസം. തുല്യ അകലത്തിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രങ്ങളില്‍ ഉച്ചയ്ക്കു മുമ്പ് ദര്‍ശനം പൂര്‍ത്തിയാക്കണമെന്നാണ് വിശ്വാസം.
ഈ ക്ഷേത്രങ്ങള്‍ സംബന്ധിച്ചുള്ള ഐതിഹ്യം ഇങ്ങനെയാണ്. ഖരന്‍ എന്ന അസുരന്‍ ചിദംബരത്തില്‍ ചെന്ന് തപസ്സ് ആരംഭിച്ചു. ശിവനെ പ്രീതിപ്പെടുത്തി വരം സമ്പാദിക്കുക എന്നതായിരുന്നു ലക്ഷ്യം. ഖരന്റെ തപസ്സില്‍ പ്രീതിപ്പെട്ട ശിവന്‍ അമൂല്യങ്ങളായ മൂന്ന് ശിവലിംഗങ്ങള്‍ സമ്മാനമായി നല്കി. അത് വലതുകയ്യിലും ഇടതുകയ്യിലും കഴുത്തിലുമായി വച്ച് ഖരന്‍ യാത്രയായി. യാത്രയില്‍ ക്ഷീണിച്ചപ്പോള്‍ വൈക്കത്ത് വിശ്രമിക്കാനായി ഇറങ്ങി. വലതു കയ്യിലെ വിഗ്രഹം അവിടെ വെച്ചു. പിന്നീട് വിഗ്രഹം എടുക്കുവാന്‍ നോക്കിയപ്പോള്‍ അത് അവിടെ നിന്നും അനങ്ങിയില്ല. തുടര്‍ന്ന് അവിടെ കണ്ട വ്യാഘ്രപാദന്‍ മഹര്‍ഷിയെ അത് ഏല്‍പ്പിച്ച് യാത്ര തുടര്‍ന്നു. ഇടതുകയ്യിലെ ശിവലിംഗം ഖരന്‍ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലും മൂന്നാമത്തെ ശിവലിംഗം കടുത്തുരുത്തി തളി മഹാദേവക്ഷേത്രത്തിലും പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം.
അഘോരി സങ്കല്‍പ്പത്തിലുള്ള ശിവനെയാണ് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഏഴരപ്പൊന്നാന പുറത്ത് എഴുന്നള്ളുന്ന മഹാദേവനാണ് ഇവിടെയുള്ളത്. ദിവസവും മൂന്നു വ്യത്യസ്ത ഭാവങ്ങളിലാണ് ശിവനെ ആരാധിക്കുന്നത്. രാവിലെ അര്‍ദ്ധനാരീശ്വരനായും, ഉച്ചയ്ക്ക് അര്‍ജ്ജുനനെ പരീക്ഷിച്ച് പാശുപതാസ്ത്രം നല്‍കിയ കിരാതമൂര്‍ത്തിയായും, വൈകീട്ട് സംഹാരരുദ്രനായും ശിവനെ ആരാധിക്കുന്നു.
അന്നദാന പ്രഭുവായി മഹാദേവനെ ആരാധിക്കുന്ന ഏകക്ഷേത്രമാണ് വൈക്കം മഹാദേവ ക്ഷേത്രം. പാര്‍വ്വതി ദേവിയോടൊപ്പമാണ് മഹാദേവനെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പ്രഭാതത്തില്‍ ദക്ഷിണാമൂര്‍ത്തിയായും ഉച്ചയ്ക്ക് കിരാത മൂര്‍ത്തിയായും വൈകിട്ട് പാര്‍വ്വതി ദേവിയോട് കൂടെ അര്‍ത്ഥ നാരീശ്വര രൂപത്തിലും ഭഗവാന്‍ ഉവിടെ ദര്‍ശനം നല്കുന്നു. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് വൈക്കം മഹാദേവക്ഷേത്രം. ഗണപതി, പനച്ചിക്കല്‍ ഭഗവതി, നാഗദൈവങ്ങള്‍ തുടങ്ങിയവരാണ് ഇവിടുത്തെ ഉപ പ്രതിഷ്ഠകള്‍. വൈക്കത്തഷ്ടമി പ്രശസ്തമാണ്.
വൈക്കം ക്ഷേത്രത്തില്‍ നിന്നും ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ നിന്നും തുല്യ അകലത്തിലാണ് കടുത്തുരുത്തി തളി ക്ഷേത്രമുളളത്. ക്ഷേത്രത്തിന്റെ വടക്കു ഭാഗത്തായാണ് വൈക്കത്തപ്പന്റെ ശ്രീകോവിലുള്ളത്. ഇതിന്റെ എതിര്‍വശത്ത് ഏറ്റുമാനൂരപ്പന്റെ ശ്രീകോവിലും കിഴക്കേ മൂലയില്‍ ഭഗവതി പ്രതിഷ്ഠയും കാണാം. ബലിക്കല്ല് ഇവിടെ യഥാര്‍ഥ രൂപത്തിലാണ് കാണുന്നത്. കൂടാതെ മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമായ രണ്ടു നിലകളോടുകൂടിയ ചതുര ശ്രീകോവിലാണ് ഇവിടുത്തേത്.