നക്ഷത്രവിചാരം
അത്യാഢംബരജീവിതം നയിക്കാന്‍ ഭാഗ്യമുള്ളവര്‍

തികഞ്ഞ അഭിമാനികളും എല്ലാവരോടും സൗമ്യമായി പെരുമാറുന്നവരും ബുദ്ധിമാന്മാരുമായിരിക്കും മൂലം നക്ഷത്രക്കാര്‍. സമൂഹത്തില്‍ സ്വതന്ത്രരായി പെരുമാറാന്‍ ഇഷ്ടപ്പെടുന്ന ഇവര്‍ ഏവര്‍ക്കും പ്രിയങ്കരരായിരിക്കും. പരോപകാരതത്പരരും ഭൂതദയയും മുഖ്യഗുണങ്ങളാകും.

നീതിനിയമങ്ങള്‍ വിട്ടു പെരുമാറുകയില്ല. ധനവാഹാനാദികളോടു കൂടി അത്യാഢംബരമായി ജീവിക്കാനുള്ള സൗഭാഗ്യം സിദ്ധിച്ചേക്കാം.
ഇക്കൂട്ടര്‍ ആരംഭിക്കുന്ന തൊഴിലുകള്‍ സുസ്ഥിരമായി നിലകൊള്ളാന്‍ ഇടയുണ്ട്. പല പ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും രൂപംനല്കാന്‍ കഴിവുള്ളവരായിരിക്കും.

ദുര്‍വാശിയിലും വൈരാഗ്യത്തിലും വിട്ടുവീഴ്ചയുണ്ടാകില്ല. ഔചിത്യബോധത്തോടൊപ്പം വാക്‌സാമര്‍ത്ഥ്യവുമുള്ള ഇക്കൂട്ടര്‍ പെട്ടെന്ന് മറ്റുള്ളവരുടെ സ്‌നേഹാദരങ്ങള്‍ പിടിച്ചുപറ്റും. ബന്ധുക്കളായി വരുന്നവര്‍ ഉയര്‍ന്ന നിലവാരമുള്ളവരായിരിക്കും. കലാസ്വാദനശേഷിയും സഹൃദയത്വവുമുള്ള ഇവര്‍ മറ്റുള്ളവരുടെ മനസറിഞ്ഞ് പ്രവര്‍ത്തിക്കുന്ന തരക്കാരായിരിക്കും. അപൂര്‍വമായി മാത്രം ഹിംസാശീലവും കൃതഘ്‌നതയും പ്രകടിപ്പിച്ചേക്കാം.

സ്ത്രീകള്‍ക്ക് നല്ല വാക്‌സാമര്‍ത്ഥ്യവും അഭിമാനവുമുണ്ടായിരിക്കും.ആര്‍ഭാടപൂര്‍ണമായ ജീവിതത്തോട് ആസക്തി കൂടും. പ്രേമകാര്യങ്ങളില്‍ മാറ്റമുണ്ടാക്കാന്‍ യാതൊരു പ്രയാസവും കാണിച്ചേക്കില്ല. ചിലര്‍ക്ക് വിവാഹതടസവും താമസവും ഉണ്ടായേക്കാന്‍ ഇടയുണ്ട്.
രാഷ്്ട്രീയസാമൂഹ്യ പ്രവര്‍ത്തനം, സര്‍ക്കാരുദ്യോഗം, അധ്യാപനം, വൈദ്യം എന്നീ മേഖലകള്‍ ഉത്തമം. ശ്വാസകോശരോഗങ്ങള്‍, നടുവേദന, ഞരമ്പുരോഗം, തലവേദന എന്നിവ എളുപ്പത്തില്‍ പിടിപെട്ടേക്കാം.

11 നക്ഷത്രങ്ങള്‍ ചേര്‍ന്ന് വാളുപോലെ കാണപ്പെടുന്നതാണ് മൂലം നക്ഷത്രം. ഒരു കെട്ട് വേരുകളാണ് അടയാളം. മന്ത്രസാധന നടത്താനും വസ്തുക്കള്‍ ഭാഗിക്കാനും ഭൂമി കുഴിക്കാനും മറ്റും ഉത്തമം.
ദേവത-നിര്യതി, ഗണം-ആസുരം, യോനി-പുരുഷന്‍, ഭൂതം-വായു, മൃഗം-ശ്വാവ്, പക്ഷി-കോഴി, വൃക്ഷം-പയിന്‍.

Related Posts