വാസ്തു
പണപ്പെട്ടി വടക്കോട്ട് തുറന്നാല്‍

എങ്ങനെ സമ്പന്നരാകാം എന്ന് തലപുകയ്ക്കുന്നവരാണ് ബഹുഭൂരിപക്ഷവും. മറുവശത്ത്, സമ്പത്ത് എങ്ങനെ നിലനിര്‍ത്താമെന്ന് കരുതി തലപുകയ്ക്കുന്നവരും. സമ്പത്തും ഐശ്വര്യവും ഉണ്ടാകാന്‍ മാത്രമല്ല, നിലനിര്‍ത്താനും വാസ്തുശാസ്ത്രം ചില വഴികള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. അതില്‍ പ്രധാനമാണ് ധനത്തിന്റെ സൂക്ഷിപ്പുകേന്ദ്രം. അലമാരയും പണപ്പെട്ടിയും മുറിയുടെ തെക്കുഭാഗത്താണ് ഉത്തമം. ഇവ വടക്ക് ദിശയിലേക്ക് അഥവാ കുബേര ദിശയിലേക്ക് തുറക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസം.

ധനം ചില്ലറയായാലും നോട്ടായാലും അലമാരയിലോ, പണപ്പെട്ടിയിലോ സൂക്ഷിക്കണം. വാരിവിതറിയിടുന്നത് ഒട്ടും നല്ലതല്ല. വീടിന്റെ പ്രധാന വാതില്‍ ആകര്‍ഷകമാക്കി വയ്ക്കുന്നത് ധനവരവിനെ പ്രോത്സാഹിപ്പിക്കും. പ്രധാന വാതിലിന് പ്രത്യേക നിറങ്ങള്‍ നല്‍കണം. ധനത്തിന്റെ ഒഴുക്ക് പെട്ടെന്നെങ്ങാനും കുറഞ്ഞു തുടങ്ങിയാല്‍ രാത്രി നേരങ്ങളില്‍ വീട്ടില്‍ ഒരു വിളക്ക് എങ്കിലും പ്രകാശിക്കാന്‍ അനുവദിക്കുക. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും മെച്ചപ്പെടും.

ഫെംഗ്ഷൂയി എന്ന ചൈനീസ് ശാസ്ത്രത്തിനെ പോലെതന്നെ വാസ്തുവും ജല സാന്നിധ്യത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അക്വേറിയം ധന വരവിനെ അനുകൂലിക്കുമെന്നാണ് വിധഗ്ധര്‍ പറയുന്നത്. മത്സ്യങ്ങള്‍ ശുദ്ധജലത്തില്‍ നീന്തിത്തുടിക്കുന്നത് വീടിനുള്ളിലെ ഊര്‍ജ്ജനിലയില്‍ അനുകൂലമാറ്റമുണ്ടാക്കും. ഇത് സമ്പത്തിന്റെ മാന്ദ്യത ഇല്ലാതാക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.

പണപ്പെട്ടിയെ പ്രതിഫലിപ്പിക്കുന്ന രീതിയില്‍ ഒരു കണ്ണാടി തൂക്കുന്നതും ഗുണകരമാണ്. വീട്ടിലെ കണ്ണാടി ജനാലകള്‍ അഴുക്ക് പുരണ്ടിരിക്കാന്‍ അനുവദിക്കരുത്. തിളങ്ങുന്ന ജനാലകളും കണ്ണാടികളും സമ്പത്തിനെ സ്വാഗതം ചെയ്യുമെന്നാണ് വിശ്വാസം. വീടിന്റെയും മുറികളുടെയും പിന്നില്‍ ഇടത്തേ അറ്റത്തുള്ള മൂല ധനം സൂക്ഷിക്കാവുന്ന ഇടമാണ്. ഇവിടെ ഒരിക്കലും ഉപയോഗശൂന്യമായ സാധനങ്ങള്‍ ഇടുകയോ വൃത്തിഹീനമാക്കുകയോ അരുത്. ഈ മൂലയില്‍ ഒരു പാത്രത്തില്‍ നാണയങ്ങള്‍ സൂക്ഷിക്കുന്നതും ഉത്തമമാണ്.

സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും അധിദേവത മഹാലക്ഷ്മിയും ധനം സൂക്ഷിപ്പുകാരന്‍ കുബേരനുമാണ്. എത്ര അധ്വാനിച്ചിട്ടും പരിശ്രമിച്ചിട്ടും ധനം ഉണ്ടാകുന്നില്ലെങ്കിലോ ഉണ്ടാക്കിയ ധനം കൈയില്‍ നിലനില്‍ക്കുന്നില്ലെങ്കിലോ ലക്ഷ്മീ കുബേരപൂജ ചെയ്യുന്നത് ഗുണകരമാണ്. ലക്ഷ്മീ കുബേര പൂജയില്‍ ഭാഗമാകുമ്പോള്‍ ധനം വരുന്നതിനായി ലക്ഷ്മിയും ധനം നിലനില്‍ക്കുന്നതിനായി കുബേരനും സഹായിക്കുമെന്നാണ് വിശ്വാസം. ഇത് ഉത്തമനായ ആചാര്യന്റെ നിര്‍ദേശാനുസരണം മാത്രം ചെയ്യുക.

Related Posts