സ്പെഷ്യല്‍
മെയ് 1 ന് തീര്‍ച്ചയായും വിഷ്ണുഭജനം നടത്തേണ്ട നക്ഷത്രക്കാര്‍ | Mohini Ekadashi

വൈശാഖ മാസത്തിലെ പതിനൊന്നാം ദിനം അഥവാ ഏകാദശി, മോഹിനി ഏകാദശിയായാണ് ആഘോഷിക്കുന്നത്. ഭഗവാന്‍ മഹാവിഷ്ണു മോഹിനിയുടെ രൂപമെടുത്തത് ഈ ദിനത്തിലാണെന്നാണ് വിശ്വാസം. അതിനാലാണ് ഈ ദിനത്തിന് മോഹിനി ഏകാദശിയെന്ന പേരുവരുവാന്‍ കാരണം. ഈ വര്‍ഷത്തെ മോഹിനി ഏകാദശി മെയ് 1 തിങ്കളാഴ്ചയാണ്. സന്തോഷവും സമൃദ്ധിയും നിറഞ്ഞ ജീവിതവും ദൈവാനുഗ്രഹവും ലഭിക്കാന്‍ ഈ ദിനം ഭഗവാനെ പ്രാര്‍ഥിക്കണം.

മനുഷ്യന്റെ പൂര്‍വ്വജന്മ പാപങ്ങളടക്കം എല്ലാ പാപവും ഈദിവസത്തെ പ്രാര്‍ഥനകൊണ്ടു മാറുമെന്നാണ് വിശ്വാസം. ഈ ദിനത്തിന്റെ പ്രാധാന്യം ഭഗവാന്‍ ശ്രീരാമന്‍ വസിഷ്ഠ മുനിയോടും ഭഗവാന്‍ ശ്രീകൃഷ്ണന്‍ മഹാരാജാവ് യുധിഷ്ടിരനോടും പറഞ്ഞുകൊടുത്തിട്ടുള്ളതായാണ് ഐതിഹ്യം.

ശ്രീ മഹാവിഷ്ണുവിനെയാണ് ഈദിനത്തില്‍ ധ്യാനിക്കേണ്ടത്. ചന്ദനം, എള്ള്, പൂവുകള്‍, പഴങ്ങള്‍ എന്നിവ ഭഗവാന് സമര്‍പ്പിക്കുന്നത് ഐശ്വര്യദായകമായി കണക്കാക്കുന്നു. മഹാവിഷ്ണുവിന് ഏറെ പ്രിയപ്പെട്ടതായി കരുതുന്ന തുളസിയില സമര്‍പ്പിക്കുന്നത് സുകൃതകരമാണ്. മഹാവിഷ്ണുവിനോടൊപ്പം ശ്രീരാമനെയും ശ്രീ കൃഷ്ണനെയും ഈ നാളില്‍ ഭജിക്കാറുണ്ട്.

അന്നേ ദിവസം കഠിനമായി ഉപവസിച്ചുകൊണ്ട് ആളുകള്‍ വ്രതം നോക്കാറുണ്ട്. സാധാരണ ഒരു ദിവസം മുന്നേ അതായത് ദശമി ദിനത്തില്‍ ഉപവാസം ആരംഭിക്കും. ദശമി നാളില്‍ സൂര്യാസ്തമയത്തിന് മുമ്പു വരെ ദൈവ ചിന്തകളോടെ സാത്വിക ഭക്ഷണം കഴിച്ച് അര്‍ദ്ധഉപവാസത്തില്‍ ഇരിക്കുകയും, ശേഷം പിറ്റേന്ന് ഏകാദശി നാളുമുതല്‍ ദ്വാദശി നാളിലെ സൂര്യോദയം വരെ കഠിന ഉപവാസത്തിലേര്‍പ്പെടുകയും ചെയ്യാം. ദ്വാദശി നാളില്‍ രാവിലെ പാല്‍ കുടിച്ച് വ്രതം അവസാനിപ്പിക്കാം.

രാവിലെ നേരത്തെ എണീക്കുകയും, എള്ളിട്ട വെള്ളത്തില്‍ കുളിക്കുകയും ചെയ്യണം. ശരീര ശുദ്ധിയും മനശുദ്ധിയും പ്രധാനമാണ്. ദശമി നാളില്‍ വെറും തറയില്‍കിടന്ന് ഉറങ്ങുകയും ഇഷ്ടദേവതാ ധ്യാനവും, ഭജനകളും പാടി ഏകാദശി രാത്രി ചിലവഴിക്കാം.

ആരോഗ്യ പ്രശ്നങ്ങളാല്‍ കഠിനവും പൂര്‍ണ്ണവുമായ വ്രതം നോക്കാന്‍ സാധിച്ചില്ലെങ്കില്‍ അര്‍ദ്ധഉപവാസം ചെയ്താലും ഫലപ്രദമാണ്. ഇങ്ങനെ നോക്കുന്നവര്‍ക്ക് പഴങ്ങളും, പച്ചക്കറികളും, പാലുമൊക്കെ കഴിക്കാം.

യാഗത്തേക്കാളും ദാനത്തേക്കാളും പുണ്യമാണ് മോഹിനി ഏകാദശിനാളില്‍ വ്രതം നോക്കുമ്പോള്‍ലഭിക്കുന്നതെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്. അന്നേ ദിവസം ഉപവസിക്കുന്നയാളുടെ പ്രവര്‍ത്തി 1000 പശുക്കളെ ദാനം ചെയ്തതിനു സമമായി കണക്കാക്കപ്പെടുന്നു. ഈ വ്രതമനുഷ്ഠിക്കുന്നയാള്‍ക്ക് മരണ ശേഷം പുനര്‍ജ്ജന്മം ഇല്ലാതെ മോക്ഷപ്രാപ്തി ലഭിക്കുമെന്നാണ് വിശ്വസിക്കുന്നത്. മോഹിനി ഏകാദശിയെപ്പറ്റി സൂര്യ പുരാണത്തില്‍ കൂടുതല്‍ വര്‍ണ്ണിച്ചിട്ടുണ്ട്.

മേടം, കര്‍ക്കടകം രാശിയില്‍ പിറന്ന അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍, പുണര്‍തം അവസാന കാല്‍, പൂയം, ആയില്യം നക്ഷത്രക്കാര്‍ ഏകാദശി വ്രതമെടുക്കുന്നത് വളരെ ഉത്തമമായി കണക്കാക്കപ്പെടുന്നു.

Related Posts