സ്പെഷ്യല്‍
അങ്ങേക്ക് എന്നെ കാണാന്‍ ഒട്ടും ആഗ്രഹമില്ലേ എന്ന് ചോദിച്ച് തീരും മുന്നേ സംഭവിച്ചത്; ഗുരുവായൂരപ്പന് മുന്നില്‍ നടന്നത് – അനുഭവം

ഗുരുവായൂരില്‍ ചെന്ന് കണ്ണനെ കാണണം എന്ന് ആഗ്രഹിച്ചപ്പോള്‍ തടസങ്ങള്‍ മാത്രം. എങ്കിലും പ്രതീക്ഷ കൈവിടാതെ ഗുരുവായൂരില്‍ ചെന്നു. പിന്നീട് നടന്നതൊക്കെ ഗുരുവായൂരപ്പന്റെ അനുഗ്രഹം. റീന സന്തോഷ് ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പ് ഇങ്ങനെ…

ന്റെ ഒരു കൊച്ചു കൃഷ്ണാനുഭവമാണ് ഇവിടെ കുറിക്കുന്നത്. 2022 ജനുവരി 1 നു ഗുരുവായൂരില്‍ വന്ന് ഉണ്ണികണ്ണനെ കാണാന്‍ വല്ലാത്ത ഒരു മോഹം. വീട്ടില്‍ പറഞ്ഞപ്പോള്‍ അമ്മയും ചേച്ചിയും കൂടെ വരാമെന്നു സമ്മതിച്ചു. അപ്പോഴാണ് ഓണ്‍ലൈന്‍ ബുക്കിങ്ങിന്റെ കാര്യം ഓര്‍ത്തത്. ബുക്ക് ചെയ്യാന്‍ നോക്കുമ്പോ രണ്ടിനു മാത്രേ ബുക്കിങ്ങ് ഉള്ളു.

അതുവരെ ഉള്ള ബുക്കിങ് കഴിഞ്ഞു. ആകെ വിഷമമായി. ഒന്നാം തീയതി ആദ്യം കണ്ണനെ കണ്ടിട്ട് വേണം ആ വര്‍ഷം തുടങ്ങാന്‍ എന്ന് വല്യ ആഗ്രഹം ആയിരുന്നു. എന്താ ചെയ്യാന്നു ആലോചിച്ചപ്പോ, കണ്ണന്റെ പ്രിയപ്പെട്ട ഒരു ഭക്തനെ അറിയാം. ഞാന്‍ അദ്ദേഹത്തെ എന്റെ ഗുരുസ്ഥാനത്തു കാണുന്നത് കൊണ്ട് തന്നെ ഭഗവാനെ പറ്റി എന്ത് സംശയം തോന്നിയാലും വിളിച്ചു ചോദിക്കാറുണ്ട്. എന്തേലും വഴിയുണ്ടോ എന്ന് അദ്ദേഹത്തോട് ചോദിക്കാമെന്ന് തോന്നി.

അപ്പോള്‍ത്തന്നെ അദ്ദേഹത്തെ വിളിച്ചു ചോദിക്കുകയും ചെയ്തു. ഓണ്‍ലൈന്‍ ബുക്ക് ചെയ്‌തോളു, എന്നിട്ട് ഒന്നാം തീയതി പൊയ്‌ക്കോളൂ ഡേറ്റ് മാറിയതൊന്നും ഭാഗവാന് പ്രശ്‌നമാവില്ല, ഭക്തരുടെ മനസ്സാണ് പ്രധാനം എന്ന അദ്ദേഹത്തിന്റെ മറുപടിയില്‍ ഒരു ധൈര്യം തോന്നി. അന്ന് തന്നെ പോവാന്‍ തീരുമാനിച്ചു, അമ്മയ്ക്കും ചേച്ചിക്കും സംശയമായിരുന്നു ഭഗവാനെ കാണാന്‍ പറ്റുമോ എന്നാ കാര്യത്തില്‍.

എന്റെ ഉറച്ച വിശ്വാസം കണ്ട് അവര് കൂടെ വന്നു. അമ്പലത്തിന്റെ ഉള്ളിലേക്കു കേറാനുള്ള ക്യൂവില്‍ നല്ല ചെക്കിങ് ഉണ്ടായിരുന്നു. ഭഗവാന്റെ പാദാരാവിന്ദങ്ങളില്‍ എല്ലാം സമര്‍പ്പിച്ചു കൊണ്ട് ക്യൂവില്‍ നിന്നു. എന്റെ അടുത്ത് എത്തിയപ്പോള്‍ എന്റെ ബുക്കിങ് റെസിപ്റ്റ് നോക്കാതെ ഞങ്ങളെ മൂന്ന് പേരെയും ഉള്ളിലേക്കു കയറ്റി വിട്ടു. എന്തുകൊണ്ടാണ് അത്രേം ചെക്കിങ് ഉണ്ടായിട്ടും ഞങ്ങളെ കയറ്റി വിട്ടതെന്നു ഇപ്പോഴും അറിയില്ല. അന്നത്തെ ദിവസം നല്ല തിരക്കായിരുന്നു. ഉള്ളില്‍ കയറിയപ്പോഴും ഭഗവാനെ കാണാന്‍ പറ്റാത്ത അത്രയും തിരക്ക്.

ആകെ സങ്കടം തോന്നി. ഡേറ്റ് മാറി വന്നത് നിനക്കിഷ്ടായില്ലേ ഭഗവാനെ, അങ്ങേക്ക് എന്നെ കാണാന്‍ ഒട്ടും ആഗ്രഹമില്ലേ എന്ന് ചോദിച്ച് തീരും മുന്നേ എന്റെ മുന്നിലുള്ള എല്ലാവരും മാറിയതും ഒരുമിച്ചായിരുന്നു. ഭഗവാനെ തൊട്ടടുത്ത് അത്രയ്ക് ഭംഗിയോടെ കാണുന്നത് അന്ന് ആദ്യമായിട്ടായിരുന്നു. ഒലിച്ചിറങ്ങിയ കണ്ണുനീരിന്റെ മറവിലും എന്നെ നോക്കി ചിരിക്കുന്ന ഭഗവാന്റെ മുഖം ഞാന്‍ വ്യക്തമായി കണ്ടു. തിരക്കിനിടയിലും നന്നായി തൊഴുതു അല്ലേ എന്ന അമ്മയുടെ ചോദ്യത്തിന് മറുപടി പറയാനാവാതെ ഭക്തരുടെ മനസ്സറിയുന്ന ഗുരുവായൂരപ്പനു മുന്നില്‍ മനസുകൊണ്ട് സാഷ്ടാഗം പ്രണമിക്കുകയായിരുന്നു ഞാന്‍. പുറത്തിറങ്ങിയപ്പോള്‍ ഊണിന്റെ വരി ഒരുപാട് ആയിട്ടുണ്ട്.

ഇനി പുറത്തു നിന്ന് കഴിക്കേണ്ടി വരുമെന്ന് സങ്കടം പറയുന്ന അമ്മയെ നോക്കി ഈ ആഗ്രഹം കൂടി സാധിച്ചു താ കണ്ണാ എന്ന് മനസ്സില്‍ പറഞ്ഞതെ ഉള്ളു. ഭക്ഷണം കഴിക്കാനാണേല്‍ ഇതിലൂടെ കയറിക്കോളൂ എന്ന് പറഞ്ഞു ഒരാള്‍ വിളിച്ചു കൊണ്ടുപോയി. അമ്മയും ചേച്ചിയും സന്തോഷത്തോടെ അതിലേറെ വിശ്വസിക്കാന്‍ പറ്റാതെ നോക്കി നിന്നപ്പോള്‍ ഭഗവാന്റെ പത്മ പാദങ്ങള്‍ കണ്ണുനീരിന്നാല്‍ കഴുകാനെ എനിക്ക് കഴിഞ്ഞുള്ളു. ഭഗവാനെ അങ്ങയുടെ അനുഗ്രഹം എല്ലാര്‍ക്കും എന്നും അനുഭവിക്കാന്‍ സാധിക്കണേ.

 

Summary: Couldn’t book online on the expected day. But he went to Guruvayur with faith. It was a miracle that we were able to enter the temple without any hindrance and meet the Lord without any rush. A post written by Reena Santhosh on Facebook.

Miracle of Guruvayur
Related Posts