സ്പെഷ്യല്‍
ഈ വര്‍ഷത്തെ മീനപ്പൂരം അതിവിശേഷം; ആഗ്രഹസാഫല്യത്തിന് പാര്‍വതി ദേവിയെ ഇങ്ങനെ ഭജിക്കാം

എല്ലാ കാമഭാവങ്ങളുടെയും (ആഗ്രഹങ്ങളുടെയും) ദേവനാണ് കാമദേവന്‍. ശിവന്‍ ഭസ്മീകരിച്ച കാമദേവനു പുനര്‍ജന്മം നല്‍കിയതിന്റെയും പ്രപഞ്ചസൃഷ്ടാക്കളായ ശിവ-പാര്‍വതിമാരുടെ കൂട്ടിച്ചേരലിന്റെയും സ്മരണയാണ് മീനപ്പൂരം.

ഈ വര്‍ഷത്തെ മീനപ്പൂരം മാര്‍ച്ച് 23 ശനിയാഴ്ചയാണ്.  മത്സ്യമാംസാദികള്‍ ഒഴിവാക്കിക്കൊണ്ടാണ് വ്രതമെടുക്കേണ്ടത്. ശാരീരിക ബന്ധം ഒഴിവാക്കുകയും കാമദേവ മന്ത്രങ്ങള്‍ ജപിക്കുകയും ചെയ്യുന്നത് ഉത്തമമാണ്. ശിവഭഗവാനെയും പാര്‍വതി ദേവിയേയും പ്രാര്‍ഥിക്കുന്നത് ഉത്തമമാണ്. എല്ലാമാസത്തെയും പൂരം ഉത്തമമാണെങ്കിലും മീനമാസത്തെ പൂരമാണ് കാമദേവനുമായി ബന്ധപ്പെട്ടുള്ളത്. മീനപ്പൂരം തുടങ്ങി 7 മാസം പൂരം നക്ഷത്രം വ്രതമെടുത്ത് പ്രാര്‍ഥിക്കുന്നവരുടെ ഏതൊരു ആഗ്രഹവും സഫലമാകുമെന്നാണ് വിശ്വാസം.

ശിവനെ ഭര്‍ത്താവായി ലഭിക്കുന്നതിനായി പാര്‍വതി ദേവി തപസുചെയ്‌തെങ്കിലും ഭഗവാന്‍ അതൊന്നും കാര്യമാക്കുന്നുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ദേവന്‍മാരുടെ നിര്‍ദേശപ്രകാരം കാമദേവന്‍ ശിവഭഗവാനു നേരെ പുഷ്പബാണം അയച്ചത്. ഇതുകണ്ട് കോപിഷ്ഠനായ ഭഗവാന്‍ കാമദേവനെ തന്റെ തൃക്കണ്ണുതുറന്ന് ദഹിപ്പിച്ചുകളഞ്ഞു. എന്നാല്‍, പുഷ്്പബാണത്തിന്റെ ശക്തികൊണ്ട് പാര്‍വതി ദേവിയില്‍ ഭഗവാന്‍ പ്രണയപരവശനാകുകയും ദേവിയെ വിവാഹം കഴിക്കുകയും ചെയ്തു. ഇങ്ങനെ സന്തോഷത്തിലായ ദേവിയോടു കാമദേവ പത്‌നിയായ രതീദേവി തന്റെ ഭര്‍ത്താവിനെ പുരനുജ്ജീവിപ്പിച്ചുതരണമെന്ന് അപേക്ഷിക്കുന്നു.

ഇതേ തുടര്‍ന്ന് പാര്‍വതി ദേവി ശിവഭഗവാനെ ശാന്തനാക്കിയ ശേഷം കാമദേവനെ പുനരുജ്ജീവിപ്പിക്കാന്‍ ആവശ്യപ്പെടുകയും ഭഗവാന്‍ അപ്രകാരം ചെയ്യുകയും ചെയ്യുന്നു. അങ്ങനെ കാമദേവന് പുനര്‍ജന്മം നല്‍കുകയും ലോകം മുഴുവനും സുഖവും സന്തോഷവും തിരിച്ചുകിട്ടുകയും ചെയ്തു. ഇതിന്റെ ഓര്‍മ്മയ്ക്കായാണ് പൂരം ആഘോഷിക്കുന്നത്.

മീനപ്പൂരം നാളില്‍ ദേവിക്കു നടത്തുന്ന എല്ലാ പ്രാര്‍ഥനകള്‍ക്കും വഴിപാടുകള്‍ക്കും പെട്ടെന്ന് ഫലം ലഭിക്കുമെന്നാണ് വിശ്വാസം. മീനപ്പൂരനാളില്‍ വ്രതമെടുത്തു പ്രാര്‍ഥിക്കുകവഴി വിവാഹതടസം മാറുകയും ഇഷ്ടവിവാഹലബ്ദിലഭിക്കുകയും ചെയ്യുമെന്നാണ് പറയുന്നത്.

meenapooram
Related Posts