വാസ്തു
മത്സ്യാവതാര മഹാവിഷ്ണുവിനെ ഭജിച്ചാല്‍

മഹാവിഷ്ണുവിന്റെ ആദ്യഅവതാരമായ മത്സ്യമൂര്‍ത്തിയുടെ പ്രതിഷ്ഠയുള്ള അപൂര്‍വ ക്ഷേത്രങ്ങളിലൊന്നാണ് വയനാട് ജില്ലയിലെ മീനങ്ങാടി ശ്രീ മത്സ്യാവതാര മഹാവിഷ്ണുക്ഷേത്രം. ഇപ്പോള്‍ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം വഴി അഞ്ഞൂറുവര്‍ഷം മുമ്പ് കടന്നുപോയ ഒരു യോഗീശ്വരന്‍ കുളിക്കാനായി അടുത്തുകണ്ട കുളത്തിലിറങ്ങി. കുളിക്കുന്നതിനിടെ ഒരു മത്സ്യം പെട്ടെന്ന് പൊങ്ങുന്നതും മുങ്ങുന്നതും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. അവിടെ മത്സ്യമൂര്‍ത്തിയുടെ സാന്നിധ്യം ദിവ്യജ്ഞനായ അദ്ദേഹം മനസിലാക്കി. തുടര്‍ന്ന് മഹാവിഷ്ണുവിന്റെ വിഗ്രഹം കൊണ്ടുവന്ന് മത്സ്യമൂര്‍ത്തിയായി സങ്കല്പിച്ച് കുളത്തിന്റെ പടിഞ്ഞാറേക്കരയില്‍ കിഴക്കോട്ടു ദര്‍ശനമാക്കി പ്രതിഷ്ഠിച്ചു. യോഗീശ്വരനുമുന്നില്‍ മീനാടിയ സ്ഥലം ‘മീനങ്കിടി’ എന്നും പിന്നീട് ‘മീനങ്ങാടി’ എന്നും അറിയപ്പെട്ടുവെന്നാണ് ഐതിഹ്യം.

ഈ ക്ഷേത്രത്തിനു ചുറ്റുമായി മൂന്നു കുളങ്ങള്‍ ഉണ്ടായിരുന്നുവെന്നും അതിലൊന്നില്‍ സ്വര്‍ണ വര്‍ണത്തോടുകൂടിയ മത്സ്യത്തെ കണ്ടിരുന്നുവെന്നും പഴമക്കാര്‍ പറയുന്നു. ഗണപതി, അയ്യപ്പന്‍, ഭഗവതി എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകള്‍. കുംഭം ഒന്നിന് കൊടിയേറി നടക്കുന്ന ഉത്സവവും മേടമാസത്തിലെ മത്സ്യജയന്തിയും ക്ഷേത്രത്തിലെ വിശേഷദിവസങ്ങളാണ്. മത്സ്യാവതാര മഹാവിഷ്ണുവിനെ ഭജിച്ചാല്‍ സര്‍വ്വൈശ്വര്യങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം.

കേരളത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ ഇവിടെ എത്തുകയും പ്രത്യേക പൂജകള്‍ നടത്തുകയും ചെയ്തുപോരുന്നു. കൂടാതെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി ഇവിടെ സാരസ്വത പുഷ്പാജ്ഞലിയും നടത്തിവരുന്നു.

പൂജസമയം

രാവിലെ അഞ്ചിന് തുറക്കുന്ന നട ഉച്ചയ്ക്ക് 12 ന് അടയ്ക്കും. തുടര്‍ന്ന് വൈകിട്ട് 5.30ന് തുറക്കുന്ന നട രാത്രി 7.30ന് അടയ്ക്കും.

Related Posts