സ്പെഷ്യല്‍
മകരവിളക്ക് ഉത്സവത്തിനായി ശബരിമല  ശ്രീ ധർമ്മശാസ്താ ക്ഷേത്രം  ഒരുങ്ങി

· തിരുവാഭരണ ഘോഷയാത്ര 12ന് പന്തളത്തുനിന്ന് പുറപ്പെടും

· മകരസംക്രമ പൂജ  14ന് ഉച്ചയ്ക്ക്  2.29ന്, മകരജ്യോതി 14ന് വൈകുന്നേരം

· പ്രസാദ, ബിംബ  ശുദ്ധിക്രിയകൾ  12നും 13നും

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം മകരവിളക്കിനായി ഒരുങ്ങി. മകരവിളക്കിന് മുന്നോടിയായുള്ള ക്ഷേത്രത്തിലെ ശുദ്ധിക്രിയകൾ 12നും 13നുമായി നടക്കും. 12ന് വൈകുന്നേരം പ്രാസാദ ശുദ്ധി ക്രിയയാണ് നടക്കുക. 13ന് ഉഷപൂജയ്ക്ക് ശേഷം ബിംബ ശുദ്ധി ക്രിയയും നടക്കും.
ജനുവരി 14 ന് ആണ് പ്രസിദ്ധമായ മകരവിളക്ക്. ഭക്തർക്ക് പൊന്നമ്പലമേട്ടിലെ മകരവിളക്ക് ദർശിക്കുന്നതിനായി സുരക്ഷിതമായ കേന്ദ്രങ്ങൾ ശബരിമല സന്നിധാനത്തും പരിസരത്തും ക്രമീകരിക്കുന്നുണ്ട്. ഇവിടെ പോലീസിന്റെ പ്രത്യേക സുരക്ഷാ സംവിധാനമുണ്ടാകും.
14 ന് ഉച്ചയ്ക്ക് 2.29ന് ആണ് മകര സംക്രമ പൂജ. തിരുവിതാംകൂർ രാജകുടുംബത്തിൽ നിന്ന് പ്രതിനിധി കൊണ്ടുവരുന്ന നെയ് തേങ്ങകൾ ശ്രീകോവിലിനുള്ളിൽ വച്ച് ഉടച്ച ശേഷം, തന്ത്രി കണ്ഠര് മഹേഷ് മോഹനര് നെയ്യ് അയ്യപ്പസ്വാമിക്ക്  അഭിഷേകം ചെയ്തു മകരസംക്രമപൂജ നടത്തും. ഉച്ചപൂജയ്ക്കു ശേഷമാണ് മകരസംക്രമപൂജ. മകരസംക്രമ പൂജയ്ക്ക് ശേഷം വൈകുന്നേരം മൂന്നിന് അടയ്ക്കുന്ന അയ്യപ്പ ക്ഷേത്ര നട വൈകിട്ട് അഞ്ചിന് തുറക്കും.
തുടർന്ന് തിരുവാഭരണം സ്വീകരിക്കുന്നതിനുള്ള പുറപ്പാട്. ശരംകുത്തിയിൽ വച്ച് ആചാരാനുഷ്ഠാന പ്രകാരമുള്ള  സ്വീകരണത്തിനു ശേഷം  കൊണ്ടുവരുന്ന തിരുവാഭരണ പേടകം  പതിനെട്ടാം പടിക്കു മുകളിൽ കൊടിമരത്തിന് മുന്നിലായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, ദേവസ്വം പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ, ബോർഡ് അംഗങ്ങളായ പി.എം. തങ്കപ്പൻ, അഡ്വ. മനോജ് ചരളേൽ, ദേവസ്വം കമ്മീഷണർ ബി.എസ്. പ്രകാശ്, ശബരിമല സ്‌പെഷ്യൽ  കമ്മീഷണർ എം. മനോജ് എന്നിവർ ചേർന്ന് സ്വീകരിച്ച് ശ്രീകോവിലിനു മുന്നിലേക്ക് കൊണ്ടു പോകും. ശേഷം തിരുവാഭരണം ചാർത്തിയുള്ള മഹാ ദീപാരാധന 6.30ന് നടക്കും. ദീപാരാധനയെ തുടർന്ന് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും.
രാത്രിയോടെ  മണി മണ്ഡപത്തിൽ നിന്നുള്ള എഴുന്നളളത്തിനും തുടക്കമാകും. ഇന്ന് (ജനുവരി 11) എരുമേലി പേട്ടതുള്ളൽ നടക്കും. നാളെ (ജനുവരി 12) തിരുവാഭരണ ഘോഷയാത്ര പന്തളത്തു നിന്നു പുറപ്പെടും.

Related Posts