സ്പെഷ്യല്‍
ഇന്ന് മഹാവിഷ്ണുവിനെ കൂര്‍മ്മാവതാരഭാവത്തില്‍ ഭജിച്ചാല്‍

ഈവര്‍ഷത്തെ കൂര്‍മ്മാവതാരദിനം മെയ് 15നാണ്. കൂര്‍മ്മാവതാരത്തെ ഭജിച്ചാല്‍ വിഘ്‌നനിവാരണമാണ് ഫലം. ഹൈന്ദവ പുരാണപ്രകാരം മഹാവിഷ്ണുവിന്റെ രണ്ടാമത്തെ അവതാരമാണ് കൂര്‍മ്മം. ഓരോ അവതാരങ്ങള്‍ക്കു പിന്നിലും ഒരോ ഐതീഹ്യമുണ്ട്.
കൂര്‍മ്മാവതാരത്തിന്റെ ഐതിഹ്യം ഇങ്ങനെ:- ദേവരാജാവായ ഇന്ദ്രന്‍ ഒരിക്കല്‍ വഴിയില്‍ വച്ച് ദുര്‍വാസാവിനെ കാണുന്നു. ദുര്‍വാസാവ് ഇന്ദ്രന് സ്‌നേഹപൂര്‍വം വാസനയുള്ളൊരു പൂമാല സമ്മാനിക്കുന്നു. സന്തോഷ ചിത്തനായ ഇന്ദ്രന്‍ മാല തന്റെ ആനയുടെ മസ്തകത്തില്‍ അണിയിക്കുന്നു. പൂക്കളുടെ വാസനയറിഞ്ഞ് തേന് കുടിക്കാനെത്തിയ ഈച്ചകള്‍ ആനയെ ശല്യപ്പെടുത്തിയപ്പോള്‍ ആന മാല തുമ്പിക്കൈ കൊണ്ടെടുത്ത് കാല്‍ക്കീഴില്‍ ചവുട്ടി അരയ്ക്കുന്നു. ഇതുകണ്ട ദുര്‍വാസാവ് ഇന്ദ്രനെ ശപിക്കുന്നു. ശക്തിയെല്ലാം ചോര്‍ന്ന് ദേവന്മാര്‍ നിര്‍ഗ്ഗുണന്മാരായിപ്പോകട്ടെ എന്നായിരുന്നു ശാപം.

ശാപമോചനത്തിന് പരിഹാരം തേടി ദേവന്മാര്‍ ബ്രഹ്മാവിനെ ചെന്ന് കാണുന്നു. ശക്തിശാലികളായ അസുരന്മാര്‍ ത്രിലോകങ്ങളും പിടിച്ചടക്കുമെന്ന് അവര്‍ ഭയന്നു. അപ്പോള്‍ ബ്രഹ്മാവാണ് ഉപദേശിച്ചത് പാലാഴി കടഞ്ഞ് കിട്ടുന്ന അമൃത് സേവിച്ച് അമരന്മാരാവാനും അമൂല്യ വസ്തുക്കള്‍ സ്വന്തമാക്കാനും. ഇതിനായി പാലാഴി കടയുക എളുപ്പമായിരുന്നില്ല. മന്ഥര പര്‍വതത്തെ കടകോലാക്കി വാസുകി എന്ന കൂറ്റന്‍ സര്‍പ്പത്തെ കയറാക്കി വേണം പാല്‍ക്കടല്‍ കടയുന്നത്.

നിവൃത്തിയില്ലാതെ വന്നപ്പോല്‍ ദേവന്മാര്‍ നിത്യ ശത്രുക്കളായ അസുരന്മാരുമായി സന്ധിയുണ്ടാക്കി. അമൃത് കിട്ടുമല്ലോ എന്നു കരുതി അസുരന്മാര്‍ പാലാഴി മഥനത്തിന് തയാറായി. പക്ഷെ, പാല്‍ക്കടലില്‍ മന്ഥര പര്‍വതം ഇടുമ്പോഴേക്കും അത് താഴ്ന്നു പോവുന്നു. എന്തു ചെയ്യും?. ഒരുപായത്തിനായി, സഹായത്തിനായി അവര്‍ മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചു. ഈ സമയം ആധാരമില്ലാത്തതിനാല്‍, സമുദ്രത്തിലാണ്ടുപോയ മന്ഥരപര്‍വതത്തെ പൂര്‍വസ്ഥിതിയില്‍ എത്തിയ്ക്കുന്നതിനായാണ് മഹാവിഷ്ണു ഒരു കൂറ്റന്‍ ആമയായി മാറി സമുദ്രത്തിന്റെ അടിയില്‍ ചെന്ന് പുറം കൊണ്ട് മന്ഥര പര്‍വതത്തിന്റെ കൂര്‍ത്ത ഭാഗം താങ്ങി നിര്‍ത്തി കടയാന്‍ സൗകര്യം ചെയ്തു കൊടുത്തത്.

ശ്രീ കൂര്‍മ്മാനാഥാ ക്ഷേത്രം സ്ഥാപിച്ചത് ആന്ധ്രപ്രദേശിലെ ശ്രീ കാകുളം നഗരത്തില്‍ നിന്നും 13 ഗാ മാറി ശ്രീ കൂര്‍മ്മ ഗ്രാമത്തിലാണ്. ഇവിടുത്തെ മുഖ്യ പ്രതിഷ്ഠ കൂര്‍മ്മാനാഥന്‍ അഥവ മഹാവിഷ്ണുവിന്റെ രണ്ടാമത്തെ അവതാരമായ കൂര്‍മ്മമാണ്. കേരളത്തില്‍ കോഴിക്കോട് രാമല്ലൂരില്‍ ആമമംഗലക്ഷേത്രവും ആലപ്പുഴ ജില്ലയില്‍ ആമേടത്തുകാവുമാണ് പ്രധാന ക്ഷേത്രങ്ങള്‍.

Related Posts