ക്ഷേത്ര വാർത്തകൾ
മൂവാറ്റുപുഴ റാക്കാട് കാരണാട്ടുകാവ് ഭദ്രകാളി ക്ഷേത്രത്തില്‍ കുംഭ ഭരണി മഹോത്സവം ഫെബ്രുവരി 21 മുതല്‍

മൂവാറ്റുപുഴ: റാക്കാട് കാരണാട്ടുകാവ് ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ കുംഭ ഭരണി മഹോത്സവം ഫെബ്രുവരി 21, 22, 23 (ശനി, ഞായര്‍, തിങ്കള്‍) തീയതികളില്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കും. ക്ഷേത്ര തന്ത്രി ബ്രഹ്‌മശ്രീ പുലിയന്നൂര്‍ സുബ്രഹ്‌മണ്യന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്.

ഒന്നാം ഉത്സവ ദിനമായ ശനിയാഴ്ച (ഫെബ്രുവരി 21) രാവിലെ 5 മണിക്ക് അഭിഷേകത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് ഗണപതിഹോമം, ഉഷപൂജ എന്നിവ നടക്കും. ഉച്ചയ്ക്ക് 12.30-ന് അന്നദാനവും വൈകിട്ട് 6.30 മുതല്‍ തൃക്കാരിയൂര്‍ അഭിലാഷ് മാരാരും സംഘവും നയിക്കുന്ന പഞ്ചവാദ്യത്തോടെ ദീപാരാധനയും നടക്കും. തുടര്‍ന്ന് വെടിക്കെട്ട്, അത്താഴപൂജ, കളമെഴുത്തും പാട്ടും, രാത്രി 8 മണിക്ക് കൈകൊട്ടിക്കളി എന്നിവയുണ്ടാകും.

രണ്ടാം ഉത്സവ ദിനമായ ഞായറാഴ്ച (ഫെബ്രുവരി 22) രാവിലെ 8.30 മുതല്‍ ക്ഷേത്ര കലാപീഠം സന്തോഷ്‌കുമാറും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം ഉണ്ടായിരിക്കും. വൈകിട്ട് 7 മണിക്ക് തായമ്പക, തുടര്‍ന്ന് ദീപാരാധന, അത്താഴപൂജ, കളമെഴുത്തും പാട്ടും എന്നിവ നടക്കും. രാത്രി 8 മണിക്ക് ആട്ടവിളക്കും 11 മണിക്ക് മുടിയേറ്റ് മഹോത്സവവും അരങ്ങേറും.

പ്രധാന ഉത്സവ ദിവസമായ കുംഭ ഭരണി ദിനത്തില്‍ (ഫെബ്രുവരി 23 തിങ്കളാഴ്ച) വിശേഷാല്‍ പൂജകളും കലശം കരിക്കലും നടക്കും. ഉച്ചയ്ക്ക് 12.30-ന് മഹാ അന്നദാനം ഉണ്ടായിരിക്കും. വൈകിട്ട് പഞ്ചവാദ്യം, ദീപാരാധന, വെടിക്കെട്ട് എന്നിവയ്ക്ക് ശേഷം രാത്രി 8 മണിക്ക് ‘ശ്രീ വിശ്വമാതംഗി’ എന്ന ബാലെ അരങ്ങേറും. രാത്രി 11 മണിക്ക് ഇളങ്കാവിലേക്ക് എഴുന്നെള്ളിപ്പും, 12 മണിക്ക് പ്രധാന വഴിപാടായ തൂക്കവും നടക്കും. ചൊവ്വാഴ്ച പുലര്‍ച്ചെ 5 മണിക്ക് നടക്കുന്ന ആറാട്ടോടുകൂടി ഈ വര്‍ഷത്തെ കുംഭ ഭരണി മഹോത്സവത്തിന് സമാപനമാകും.

Related Posts