സ്പെഷ്യല്‍
ഈ നവരാത്രി കൊല്ലൂര്‍ മൂകാംബികയില്‍; ട്രെയിന്‍ വിവരങ്ങള്‍ അറിയാം

നവരാത്രി ആഘോഷങ്ങളുടെ തിരക്കിലാണ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം. ആയിരക്കണക്കിന് മലയാളികളാണ് നവരാത്രിക്കാലത്ത് കൊല്ലൂരിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. നവരാത്രി ആരംഭിച്ചതോടെ തിരക്കിലായെങ്കിലും നവമിയോട് അടുത്ത മൂന്നു ദിവസങ്ങളില്‍ തിരക്കേറും. കലയുടെ ദേവതയായ മൂകാംബിക ദേവിയുടെ സന്നധിയില്‍ അരങ്ങേറ്റം നടത്തുകയെന്നത് കലാകാരന്‍മാരെ സംബന്ധിച്ചെടുത്തോളം ഐശ്വര്യകരമായ കാര്യമാണ്.

ഒന്‍പതു രൂപങ്ങളിലും ഭാവങ്ങളിലും നവരാത്രിക്കാലത്ത് ദേവി ഇവിടെ കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. മൂന്നുപൂജകളാണ് നവരാത്രികാലത്ത് ഇവിടെ നടക്കുന്നത്. ആദ്യ മൂന്നു ദിവസം ദുര്‍ഗാപൂജയും തുടര്‍ന്നു മൂന്നുദിവസം ലക്ഷ്മീ പൂജയും അവസാനത്തെ മൂന്നു നാള്‍ സരസ്വതീ പൂജയും നടക്കും. ദുഷ്ടചിന്തകള്‍ ഇല്ലാതാകാന്‍ ദുര്‍ഗ്ഗാപൂജയും സമ്പത്തും ഐശ്വര്യവും ലഭിക്കാന്‍ ലക്ഷ്മിപൂജയും അറിവു നേടാന്‍ സരസ്വതി പൂജയുമാണ്.

നവരാത്രികാലത്തെ മറ്റൊരു പ്രത്യേകതയാണ് രഥോത്സവം. ഇത്തവണത്തെ രഥോത്സവം ഒക്ടോബര്‍ ഏഴിന് ഉച്ചയ്ക്കാണ്. അന്നുതന്നെ ചണ്ഡികായാഗവും നടക്കും.നവമിയോട് അനുബന്ധിച്ചുള്ള മൂന്നു ദിവസങ്ങളിലും പുലര്‍ച്ചെ മൂന്നു മണിക്ക് നട തുറക്കും.

മൂകാംബിക ക്ഷേത്രത്തില്‍ ട്രെയിന്‍ മാര്‍ഗം പോകുന്നവര്‍ ബൈന്ദൂര്‍ മൂകാംബിക റോഡ് എന്ന സ്റ്റേഷനിലാണ് ഇറങ്ങേണ്ടത്. അവിടെനിന്ന് റോഡ് മാര്‍ഗം 42 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കൊല്ലൂരിലെത്താം.

എറണാകുളത്ത് നിന്നുള്ള ട്രെയിനുകള്‍

1. മരുസാഗര്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് (16336) ഞായറാഴ്ചകളില്‍ മാത്രം എറണാകുളം ജംങ്ഷനില്‍നിന്ന് രാത്രി 8.25ന് പുറപ്പെടുന്ന ഈ ട്രെയിന്‍ പിറ്റേ ദിവസം രാവിലെ 7.04ന് ബൈന്ദൂര്‍ മൂകാംബിക റോഡില്‍ എത്തിച്ചേരും.
സ്ലീപ്പര്‍ ക്ലാസില്‍ 360 രൂപയും ത്രീ ടയര്‍ എസിയില്‍ 950 രൂപയും ടു എസിയില്‍ 1340 രൂപയും ഫസ്റ്റ് എസിയില്‍ 2260 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

2. എറണാകുളം-ഓഖ എക്‌സ്പ്രസ്(16338) ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രം- എറണാകുളം ജംങ്ഷനില്‍നിന്ന് രാത്രി 8.25ന് പുറപ്പെടുന്ന ഈ ട്രെയിന്‍ പിറ്റേ ദിവസം രാവിലെ 7.03ന് ബൈന്ദൂര്‍ മൂകാംബിക റോഡില്‍ എത്തിച്ചേരും.
സ്ലീപ്പര്‍ ക്ലാസില്‍ 330 രൂപയും ത്രീ ടയര്‍ എസിയില്‍ 905 രൂപയും ടു എസിയില്‍ 1295 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

3. പൂര്‍ണ എക്‌സ്പ്രസ്(11098) തിങ്കളാഴ്ചകളില്‍ മാത്രം- എറണാകുളം ജംങ്ഷനില്‍നിന്ന് രാത്രി 11.25ന് പുറപ്പെടുന്ന ഈ ട്രെയിന്‍ പിറ്റേ ദിവസം രാവിലെ 09.28ന് ബൈന്ദൂര്‍ മൂകാംബിക റോഡില്‍ എത്തിച്ചേരും.
സ്ലീപ്പര്‍ ക്ലാസില്‍ 330 രൂപയും ത്രീ ടയര്‍ എസിയില്‍ 905 രൂപയും ടു എസിയില്‍ 1295 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിനുകള്‍

1. നേത്രാവതി എക്‌സ്പ്രസ്(ആലപ്പുഴ-ഷൊര്‍ണൂര്‍ വഴി)-16346- ദിവസേന – തിരുവനന്തപുരത്ത് നിന്ന് രാവിലെ 9.30ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേ ദിവസം പുലര്‍ച്ചെ 1.44ന് ബൈന്ദൂര്‍ മൂകാംബിക റോഡില്‍ എത്തും.
സ്ലീപ്പര്‍ ക്ലാസില്‍ 400 രൂപയും ത്രീ ടയര്‍ എസിയില്‍ 1090 രൂപയും ടു എസിയില്‍ 1575 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

2. കൊച്ചുവേളി-ശ്രീഗംഗാനഗര്‍ എക്‌സ്പ്രസ്(കോട്ടയം വഴി)- 16312- ശനിയാഴ്ച മാത്രം- കൊച്ചുവേളിയില്‍നിന്ന് ശനിയാഴ്ചകളില്‍ വൈകിട്ട് 3.45ന് പുറപ്പെടുന്ന ഈ ട്രെയിന്‍ പിറ്റേ ദിവസം രാവിലെ 7.03ന് ബൈന്ദൂര്‍ മൂകാംബിക റോഡില്‍ എത്തിച്ചേരും.
സ്ലീപ്പര്‍ ക്ലാസില്‍ 405 രൂപയും ത്രീ ടയര്‍ എസിയില്‍ 1100 രൂപയും ടു എസിയില്‍ 1580 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

3. തിരുവനന്തപുരം-വെരാവല്‍ എക്‌സ്പ്രസ്(കോട്ടയം വഴി)- 16334- തിങ്കളാഴ്ചകളില്‍ മാത്രം- തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 3.45ന് പുറപ്പെടുന്ന ഈ ട്രെയിന്‍ പിറ്റേ ദിവസം രാവിലെ 7.03ന് ബൈന്ദൂര്‍ മൂകാംബിക റോഡില്‍ എത്തിച്ചേരും.
സ്ലീപ്പര്‍ ക്ലാസില്‍ 405 രൂപയും ത്രീ ടയര്‍ എസിയില്‍ 1100 രൂപയും ടു എസിയില്‍ 1580 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

4. കൊച്ചുവേളി ഭവ്‌നഗര്‍ എക്‌സ്പ്രസ് (കോട്ടയം വഴി)- 19259- വ്യാഴാഴ്ചകളില്‍ മാത്രം- തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 3.45ന് പുറപ്പെടുന്ന ഈ ട്രെയിന്‍ പിറ്റേ ദിവസം രാവിലെ 7.03ന് ബൈന്ദൂര്‍ മൂകാംബിക റോഡില്‍ എത്തിച്ചേരും.
സ്ലീപ്പര്‍ ക്ലാസില്‍ 405 രൂപയും ത്രീ ടയര്‍ എസിയില്‍ 1100 രൂപയും ടു എസിയില്‍ 1580 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

5. നാഗര്‍കോവില്‍-ഗാന്ധിധാം എക്‌സ്പ്രസ് (കോട്ടയം വഴി)- 16336- ചൊവ്വാഴ്ചകളില്‍ മാത്രം- തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 4.05ന് പുറപ്പെടുന്ന ഈ ട്രെയിന്‍ പിറ്റേ ദിവസം രാവിലെ 7.03ന് ബൈന്ദൂര്‍ മൂകാംബിക റോഡില്‍ എത്തിച്ചേരും.
സ്ലീപ്പര്‍ ക്ലാസില്‍ 405 രൂപയും ത്രീ ടയര്‍ എസിയില്‍ 1100 രൂപയും ടു എസിയില്‍ 1580 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

ഷൊര്‍ണൂരില്‍നിന്ന്

1. കോയമ്പത്തൂര്‍-ജബല്‍പുര്‍ സൂപ്പര്‍ഫാസ്റ്റ് സ്‌പെഷ്യല്‍ (02197) തിങ്കളാഴ്ചകളില്‍ മാത്രം- ഷൊര്‍ണൂര്‍ ജംങ്ഷനില്‍നിന്ന് രാത്രി 9.05ന് പുറപ്പെടുന്ന ഈ ട്രെയിന്‍ പിറ്റേ ദിവസം രാവിലെ 4.50ന് ബൈന്ദൂര്‍ മൂകാംബിക റോഡില്‍ എത്തിച്ചേരും.
സ്ലീപ്പര്‍ ക്ലാസില്‍ 405 രൂപയും ത്രീ ടയര്‍ എസിയില്‍ 1075 രൂപയും ടു എസിയില്‍ 1465 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

Related Posts