സ്പെഷ്യല്‍
മാര്‍ച്ച് 28ന് കൊല്ലൂരില്‍ മൂകാംബികാദേവീ പുറത്തേക്ക് എഴുന്നള്ളുമ്പോള്‍

പി.വി. അഭിലാഷ്
(കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം ട്രസ്റ്റി അംഗം)

തുളുനാട്ടില്‍ കൊല്ലൂര്‍ഗ്രാമത്തിന്റെ മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലിപ്പോള്‍ ഉത്സവനാളുകളാണ്. മീനത്തിലെ ഉത്രം നാളില്‍ കൊടിയേറിയ ഉത്സവം ഒന്‍പതു നാള്‍ നീണ്ടുനില്‍ക്കും. ഉത്സവചടങ്ങുകളില്‍ പ്രധാന ഇനമായ മഹാരഥയാത്ര മാര്‍ച്ച് 28 ന് വ്യാഴാഴ്ച നടക്കും. രാവിലെ 11.25നു രഥാരോഹണവും രഥചലനവും നടക്കും.

വൈകുന്നേരമാണ് മഹാരഥോത്സവം. ഇതില്‍ ആയിരക്കണക്കിന് ഭക്തരാണ് പങ്കെടുക്കുന്നത്. രഥവീഥിയില്‍ ഓലകമണ്ഡപം വരെയും തിരിച്ചും ദേവിവിഗ്രഹമേറ്റിയ രഥം ഭക്തര്‍ വലിച്ചെഴുന്നള്ളിക്കും.

മൂലവിഗ്രഹത്തില്‍നിന്ന് ആവാഹിച്ച ചൈതന്യംവഹിക്കുന്ന രണ്ട് ദേവീവിഗ്രഹങ്ങള്‍ ഒരേസമയം ദര്‍ശിക്കാന്‍ സാധിക്കുന്ന അസുലഭ മുഹൂര്‍ത്തംകൂടിയാണ് മഹാരഥോത്സവത്തിന് ഭക്തര്‍ക്ക് ലഭിക്കുന്നത്. 29ന് രാത്രി 7ന് ഓക്കുളി ഉത്സവം നടക്കും. 30ന് രാവിലെ 7.30ന് അശ്വാരോഹണോത്സവം, മഹാപൂര്‍ണാഹുതി എന്നിവയ്ക്കു ശേഷം 9.30ന് ധ്വജാവരോഹണം. തുടര്‍ന്ന് പൂര്‍ണകുംഭാഭിഷേകവും അങ്കുര പ്രസാദവിതരണവും നടക്കും. വര്‍ഷത്തില്‍ ഒരിക്കില്‍ മഹാരഥോത്സവത്തിന് മാത്രമാണ് ദേവീവിഗ്രഹം നാലമ്പലത്തിന് പുറത്തേക്ക് എഴുന്നള്ളിക്കുന്നത്.

ക്ഷേത്രത്തെക്കുറിച്ച്

108 ശക്തിപീഠങ്ങളില്‍ വിശേഷ പ്രാധാന്യമുള്ളതാണ് ഈ ക്ഷേത്രം. ദേവീചൈതന്യത്തോടൊപ്പം ശൈവശക്തി സാന്നിധ്യവമുള്ള ക്ഷേത്രമാണിത്. സിദ്ധിക്ഷേത്രമായ ഇവിടെ ആരംഭിക്കുന്ന കാര്യങ്ങള്‍ ശുഭമാകുമെന്നാണ് വിശ്വാസം. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലൂടെയാണ് അകത്ത് പ്രവേശിക്കേണ്ടത്. അവിടെ സ്വര്‍ണ്ണക്കൊടിമരവും ദീപസ്തംഭവും കാണാം.

തെക്കുകിഴക്കുഭാഗത്ത് പടിഞ്ഞാട്ട് ദര്‍ശനമായി സുബ്രഹ്മണ്യസ്വാമിയുടെ ശ്രീകോവിലാണ്. സുബ്രഹ്മണ്യസ്വാമിയോടൊപ്പം നാഗദൈവങ്ങളും ശ്രീകോവിലിലുണ്ട്. ഇതിനു താട്ടടുത്താണ് സരസ്വതീമണ്ഡപം. ഇതിനു തൊട്ടടുത്താണ് തിടപ്പള്ളിയും ഹോമപ്പുരയും സ്ഥിതിചെയ്യുന്നത്. കിഴക്കോട്ട് ദര്‍ശനമായി അഞ്ച് ശ്രീകോവിലുകള്‍ ഉണ്ട്.

ഇവയില്‍ ആദ്യത്തെ ശ്രീകോവിലില്‍ പഞ്ചമുഖഗണപതിപ്രതിഷ്ഠയാണുള്ളത്. മറ്റ് നാലിടത്തും ശിവപ്രതിഷ്ഠകളുമാണ്. വടക്കുഭാഗത്ത് ദേവസ്വം ഓഫീസുകളും വഴിപാട് കൗണ്ടറുകളുമാണ്. വടക്കുകിഴക്കുഭാഗത്ത് പടിഞ്ഞാട്ട് ദര്‍ശനമായി ദക്ഷാന്തകനായ വീരഭദ്രന്‍ കുടികൊള്ളുന്നുണ്ട്.

Related Posts