വാസ്തു
അടുക്കളയൊരുക്കാം ഐശ്വര്യപ്രദമായി

വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരുസ്ഥലമാണ് അടുക്കള. അതിനാല്‍തന്നെ അടുക്കളയുടെ ഊര്‍ജ്ജവലയം കൂട്ടിയാല്‍ വീട്ടിലെ എല്ലാവര്‍ക്കും ഗുണകരമാണെന്നാണ് വിശ്വാസം. വാസ്തു പ്രകാരം അടുക്കളയുടെ ദിശ, വാതിലിരിക്കുന്ന സ്ഥലം, ഗ്യാസ്,ഫ്രിഡ്ജ് തുടങ്ങിയവ വയ്‌ക്കേണ്ട സ്ഥലം എന്നിവ ശരിയായാല്‍ അടുക്കളയിലെ നല്ല ഊര്‍ജ്ജത്തെ ഉണര്‍ത്തുമെന്നാണ് വിശ്വാസം.

തെക്കുകിഴക്ക് ദിശയില്‍ ഗ്യാസ് സ്റ്റൗവ് വയ്ക്കുന്നതാണ് ഏറ്റവും ഉത്തമം. പാചകം ചെയ്യുമ്പോള്‍ കിഴക്കു ദര്‍ശിയായിനിന്നു പാചകം ചെയ്യുന്നത് ഐശ്വര്യപ്രദമാണെന്നു പറയപ്പെടുന്നു. സിങ്കും പൈപ്പുമെല്ലാം തന്നെ സ്റ്റൗവില്‍നിന്നു പറ്റുന്നത്ര അകലത്തില്‍ വയ്ക്കുന്നതാണ് ഉത്തമം. കാരണം, ഇവ വെള്ളത്തെയും സ്റ്റൗവ് തീയേയും പ്രതിനിധാനം ചെയ്യുന്നതാണ്.

ഫ്രിഡ്ജ് വയ്ക്കുമ്പോള്‍ വടക്കുകിഴക്ക് ഭാഗത്തുനിന്നും മാറ്റാനായി പ്രത്യേകം ശ്രദ്ധിക്കണം. ഇതുതെക്ക്പടിഞ്ഞാറ് വയ്ക്കുന്നത് ഉത്തമമാണെങ്കിലും ഭിത്തിയില്‍ നിന്നും കുറഞ്ഞത് ഒരു അടിയെങ്കിലും മാറ്റി വേണം വയ്ക്കാന്‍. അടുക്കളയില്‍ ചെറുതോ വലുതോ ആയ രണ്ട് ജനലുകള്‍ നിര്‍ബന്ധമായും വേണമെന്നും അതു കിഴക്കുഭാഗത്തായി വേണമെന്നും പറയുന്നു.

ഓവന്‍, ഹീറ്റര്‍ തുടങ്ങിയ ഇലക്ട്രോണിക് സാധനങ്ങള്‍ വടക്കുകിഴക്ക് ഭാഗത്ത് വയ്ക്കുന്നത് ഒഴിവാക്കണമെന്നാണ് പറയുന്നത്.
ഭക്ഷണവും പാത്രങ്ങളും മറ്റു സാമഗ്രികളും സൂക്ഷിച്ചുവയ്ക്കുന്ന തട്ടുകളും അലമാരകളും അടുക്കളയുടെ ഒരു പ്രധാന ഭാഗമാണ്. തെക്കോ പടിഞ്ഞാറോ ആണ് ഇവ ഉത്തമം.

കൂടാതെ കുടിവെള്ളം സൂക്ഷിക്കുന്ന മണ്‍പാത്രം, ഫില്‍റ്റര്‍ തുടങ്ങിയവയൊക്കെ വടക്കുകിഴക്കായി വച്ചാല്‍ ഐശ്വര്യപ്രദമായി കണക്കാക്കുന്നു. സെറാമിക് ടൈലുകള്‍, മാര്‍ബിള്‍, മൊസൈക്ക് എന്നിവ അടുക്കളയുടെ തറയില്‍ വിരിക്കാന്‍ നല്ലതാണ്. ഇവ കട്ടിയുള്ളതും, പാടുകള്‍ വരാന്‍ സാധ്യത കുറവുള്ളതിനാലും ഇത് ആദ്യം തന്നെ പരിഗണിക്കാവുന്ന ഒന്നാണ്.

മഞ്ഞ, പച്ച, ചുമപ്പ്, ഓറഞ്ച്, റോസ്, ചോക്ലേറ്റ് ബ്രൗണ്‍ എന്നിവ അടുക്കളക്ക് യോജിച്ച നിറങ്ങളാണ്. പറ്റുന്നത്ര കറുപ്പ് നിറം ഒഴിവാക്കുന്നതാണ് ഉത്തമം. അടുക്കളയുടെ സ്ഥാനത്തിനും പ്രധാന്യമേറെയാണ്. ഒരിക്കലും അടുക്കളയും ടോയ്‌ലറ്റുമായി ഭിത്തി പങ്കിടാന്‍ പാടില്ല. ബഹു നില കെട്ടിടമാണെങ്കില്‍ ടോയ്‌ലറ്റിനു താഴെ അടുക്കള വരുവാനും പാടില്ല.

Related Posts