സ്പെഷ്യല്‍
എന്റെ ഓർമ്മയിലെ കർക്കിടകം ; നിര്‍മ്മല എസ് നമ്പൂതിരിപ്പാട് എഴുതുന്നു

നിർമ്മല എസ് നമ്പൂതിരിപ്പാട്

കർക്കിടകം 1 മുതൽ അമ്പലങ്ങളിലും,വീടുകളിലും രാമായണ ശീലുകൾ ഉയരുകയായി. എന്റെ കുട്ടിക്കാലത്ത് കർക്കിടകത്തിനെ “പഞ്ഞ മാസമെന്നും”” കള്ള കർക്കിടകമെന്നും” പറഞ്ഞിരുന്നു. കാരണം അന്നൊക്കെ അധികം ആൾക്കാരും കൂലിപ്പണി എടുത്ത് ജീവിക്കുന്നവരായിരുന്നു. അന്നന്ന് പണിയെടുത്ത് കുടുംബം പുലർത്തിയിരുന്നവരുടെ ജീവിതം വളരെ കഷ്ടമായിരുന്നു . നിത്യം പണിയെടുത്ത് കൂലി കിട്ടുന്ന നെല്ല് വേണം നിത്യ ചിലവിന്. പോരാതെ കുറെ മക്കളും.

ഇന്നത്തെ തലമുറക്കൊന്നും അന്നത്തെ ദാരിദ്രത്തെ പറ്റി പറഞ്ഞാൽ പോലും മനസ്സിലാവില്ല .. കർക്കിടകത്തിലാണെങ്കിൽ നല്ല മഴയും. ഒരു പണിയും ചെയ്യാനും പറ്റില്ല. ആ ദാരിദ്ര കാലത്ത് ഈശ്വര ഭജനമാണ് പൂർവീകർ കണ്ടു പിടിച്ച മരുന്ന്. അതും സാധാരണക്കാർക്ക് മനസ്സിലാവുന്ന മലയാള ഭാഷയിലെ “രാമായണം” .അന്നൊക്കെ ഇല്ലങ്ങളിൽ രാമായണവും , ഭാഗവതവും നിത്യം വായിക്കുന്നവരുണ്ട്. കർക്കിടക മാസത്തിൽ ശരീരത്തിന്റെ ബലം കുറയും ..മഴ കാരണം തണുപ്പും രോഗങ്ങളും കൂടി കഷ്ടപ്പെടുന്ന സമയം. ശരീരത്തിന്റെ ബലം കുറയുന്നതിനാൽ ഈ മാസം എന്ത് മരുന്ന് കഴിച്ചാലും ശരീരം അതിനെ സ്വീകരിക്കും .ഈ പഞ്ഞ മാസത്തിനേയും, രോഗങ്ങളേയും തരണം ചെയ്യാൻ ഈശ്വര ഭജനം തന്നെ പൂർവീകർ തിരഞ്ഞെടുത്തു. പട്ടിണിയും,ദാരിദ്രവും,രോഗങ്ങളും കൊണ്ട് കഷ്ടപ്പെടുന്ന ജനങ്ങൾ അതിൽ നിന്നെല്ലാം മുക്തി നേടാൻ രാമനാമം ജപിക്കാനും ,രാമായണം വായിക്കാനും തുടങ്ങി. പിന്നീട് മാധ്യമങ്ങളും അമ്പലങ്ങളും അതിനെ വലുതാക്കി കാണിച്ച് രാമായണ മാസമാക്കി. ഇന്നത് നാലമ്പലം (ശ്രീരാമൻ,,ലക്ഷ്മണൻ,ഭരതൻ ,ശത്രുഗ്നൻ) യാത്രയിൽ എത്തിയിരിക്കുന്നു.

“ചേട്ടാ ഭഗവതിയെ “കളഞ്ഞ് “ശ്രീ ഭഗവതിയെ” സ്വീകരിക്കുന്നതിന്റെ മുന്നോടിയായി കർക്കിടകം തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് തന്നെ എല്ലാവരും ഒരുക്കങ്ങൾ തുടങ്ങുകയായി. പറമ്പെല്ലാം ചെത്തി വൃത്തിയാക്കി ,തെങ്ങിൻ ചോട്ടിലെല്ലാം തടം എടുക്കും. മഴക്കാലമായാലും പാള തൊപ്പി വെച്ച് ഒരു തോർത്ത് മാത്രം ഉടുത്ത് നനഞ്ഞ് കുതർന്ന പറമ്പ് കിളച്ചിരുന്ന പണിക്കാരെ ഞാൻ ഇന്നും മനസ്സിൽ കാണുന്നു.അതോടെ പാടവും ഉഴുത് മറിക്കും. വരമ്പെല്ലാം മണ്ണ് കൊണ്ട് പൊതിയും.. ഈ പൊതിഞ്ഞ വരമ്പിൽ കൂടെ നടക്കാൻ ഞങ്ങൾ കുട്ടികൾക്ക് ഇഷ്ടമായിരുന്നു..പറമ്പെല്ലാം വൃത്തി ആക്കുന്നതോടെ ഇല്ലത്തെ അകവും വൃത്തിയാക്കാൻ തുടങ്ങും.അത് നായർ സ്ത്രീകളുടെ ജോലിയാണ് . അമ്മക്ക് നല്ല “നിഷ്കർഷ” ഉള്ളത് കൊണ്ട് എല്ലാ മാസവും ക്ളീനിങ്ങ് ഉണ്ട്. അതിനാൽ പണിക്കാർക്ക് അകത്തെ പണി എളുപ്പമാണ്. പൂമുഖത്ത് ഇരിക്കാൻ മരത്തിന്റെ പടികളാണ്. ചാരിയിരിക്കാൻ തൂണും. ചാരി ഇരിക്കുമ്പോൾ തലയിലെ എണ്ണ കാരണം തൂണിൽ കറുത്ത കളർ വരും. മരപ്പടികൾ വൃത്തിയാക്കാൻ “പാറകത്തിന്റെ ” ഇല കൊണ്ട് ഉരക്കുകയാണ് പതിവ്. തൂണുകളും പാറകത്തിന്റെ ഇല കൊണ്ട് ഉരച്ചാൽ നല്ല വൃത്തിയാകും. കൂട്ടത്തിൽ ചകിരിയും ഉപയോഗിക്കുന്നത് കാണാറുണ്ട്. പാറകത്തിന്റെ ഇലക്ക് നല്ല ഒരം ഉണ്ട്. അടുക്കളയിലെ അട്ടക്കരി , തട്ടിൻ മുകളിലെ മാറാല ഇതൊക്കെ തട്ടി വൃത്തിയാക്കൽ പണിക്കാരൻ ഗോവിന്ദന്റെ ഡ്യൂട്ടിയാണ്. പിന്നെ അഗ്രശാല വൃത്തിയാക്കും. ഒടുവിൽ തൊഴുത്തും കൂടി വൃത്തിയാക്കി ചേട്ടയെ കളയാനുള്ള തെയ്യാറെടുപ്പാണ്.

1-ചേട്ടയെ കളയൽ…..

കുട്ടികളെ നോക്കിയിരുന്ന “ഇട്ടിയുടെ” അവകാശമാണ് ചേട്ടയെ കളയൽ. കർക്കിടക സംക്രാന്തി ദിവസമാണ് ചേട്ടയെ കളയുന്നത് ..സംക്രമം തുടങ്ങുന്നതിന് മുമ്പാണ് ചേട്ടയെ കളയുക.. “ചേട്ടാ ഭഗവതിയെ” കളഞ്ഞ് “ശ്രീ ഭഗവതിയെ” കൊണ്ട് വരുന്നതാണ് സങ്കല്പം. . .ഒരു കീറ മുറത്തിൽ ചോറ് കൊണ്ട് ചുവന്ന ഉരുള,കറുത്ത ഉരുള ,മഞ്ഞ ഉരുള ഉണ്ടാക്കി മുറത്തിൽ വെക്കും. കുരുതി കലക്കി വെക്കും പ്ളാവില കുമ്പിൾ കുത്തി അതിലാണ് ഗുരുതി വെക്കുന്നത് .. പഴയ ചൂല് , പഴയ തേപ്പ് (നിലം തുടക്കുന്ന തുണി ) അടിക്കാട്ട് (അടിച്ചു വാരുമ്പോൾ കിട്ടുന്ന ചണ്ടിത്തങ്ങൾ )തലമുടി എന്നിവയും കീറമുറത്തിൽ വെക്കും. ഈ മുറം കൈയിലെടുത്ത് “ഇട്ടി” എല്ലാ മുറിയിലും കയറിയിറങ്ങി ചേട്ടാ പോ, ചേട്ടാ പോ “ശ്രീഭഗോതി അകത്ത്, ചേട്ടാ ഭഗോതി പുറത്ത് ” എന്നും പറഞ്ഞു കൊണ്ട് ഓടി നടക്കും. ഞങ്ങൾ കുട്ടി പട്ടാളവും കൂടെ ഓടും. അടുക്കളയിലും ശ്രീലകത്തും ചേട്ടയെ കളയാൻ കയറില്ല. അകത്തെ ചേട്ടയെയെല്ലാം ആട്ടി ഓടിച്ച് , മുറ്റത്ത് പുരക്ക് ചുറ്റും മൂന്ന് പ്രദക്ഷിണം ഓടി നടന്ന് ചേട്ടാ പോ, ചേട്ടാ പോ ശ്രീഭഗോതി അകത്ത്, ചേട്ടാ ഭഗോതി പുറത്ത് ,അഗ്രശാലയിലെ ചേട്ടയേയും ഓടിച്ച്, തൊഴുത്തിലെ ചേട്ടയേയും ഓടിച്ച് തിരിഞ്ഞു നോക്കാതെ “ഇട്ടി” പടി കടന്ന് പോകും. ഇല്ലത്ത് അടുത്ത് ഒരു തോട് ഉണ്ട്. ഈ മുറത്തോടെ എല്ലാം കാട്ടിൽ കളഞ്ഞ് തോട്ടിൽ കുളിച്ച് ഇട്ടി വരുമ്പോഴേക്കും അമ്മ ഇട്ടിക്ക് മുണ്ട് ,കാശ്,അരി ഒക്കെ അവകാശം കൊടുക്കും .ചേട്ടയെ കളഞ്ഞ ഉടൻ അമ്മ പുറത്തേക്കുള്ള വാതിലുകൾ അടക്കും..പിന്നീട് ശ്രീലകത്ത് ( പൂജാ മുറി ) വിളക്ക് കൊളുത്തി വെക്കും..കിണ്ടിയിൽ വെള്ളവും,അഷ്ടമംഗല്യവും വെക്കും..കിഴക്കോട്ടുള്ള വാതിൽ ആരെങ്കിലും തുറക്കും..അമ്മ നില വിളക്കുമായി “ശ്രീ ഭഗവതിയെ” അകത്തേക്ക് ആനയിക്കുക എന്ന സങ്കല്പത്തിൽ പൂജാ മുറിയിൽ ആ വിളക്ക് വെക്കും..

കർക്കിടകം ഒന്നിന് രാവിലെ അഞ്ചു മണിക്ക് പാണനും, പാട്ടിയും തുകിലുളർത്താൻ വരും. അവർ വരുമ്പോൾ ഞങ്ങളെ ഉണർത്താൻ ഇട്ടിയോട് ചട്ടം കെട്ടിയാണ് ഉറങ്ങാൻ കിടക്കുക. പാണന്റേയും, പാട്ടിയുടേയും ഈണത്തിലുള്ള “തുകിലുണർത്തുന്ന ” പാട്ട് കേൾക്കാൻ ഞങ്ങൾക്ക് നല്ല ഇഷ്ടമായിരുന്നു. അതും ഇന്ന് അന്യം നിന്ന് പോയി. ഇത് എഴുമ്പോൾ പാട്ടിയുടെ തുകിലുണർത്തു പാട്ട് എന്റെ ചെവിയിൽ മുഴങ്ങുന്നു.. പാട്ടിയുടെ തലമുറക്കാരെല്ലാം വലിയ ഉദ്യോഗസ്ഥരായിരിക്കുന്നു. അവർക്ക് ഈ ചടങ്ങുകൾ ഒന്നും അറിയില്ല.

കർക്കിടകം ഒന്ന് രാവിലെ പണിക്കാരൻ “ഗോവിന്ദൻ” പുറത്താളത്തിൽ നിന്ന് കൊണ്ട് അകത്തേക്ക് വരട്ടെ …എന്ന് നീട്ടി ചോദിക്കുന്നുണ്ടാകും. നാലിറയവും, നടുമിറ്റവും ആത്തേമ്മാരോൾടെ (സ്ത്രീകൾ ) പറുദീസയാണ്. അനുവാദമില്ലാതെ അവിടേക്ക് ആണുങ്ങൾക്ക് കയറാൻ പാടില്ല. അനുവാദം കിട്ടിയാൽ കൈയ്യിൽ കരുതിയിരിക്കുന്ന ദശപുഷ്പവുമായി നാലിറയത്ത് എത്തും. ദശപുഷ്പം പറിച്ച് ഒന്നിച്ച് പിടിച്ച് അതിന്റെ അടിയിൽ മണ്ണുകൊണ്ട് പൊതിഞ്ഞ് നാലെണ്ണം കയ്യിലുണ്ടാകും. നടുമിറ്റത്തേക്ക് ഇറങ്ങി “ആറപ്പേ ….ആ പൂയ്… ആ പൂയ് ..എന്ന് ആറപ്പ് വിളിച്ച് ഓട്ടിൻ പുറത്തേക്ക് കിഴക്ക് , വടക്ക് ,പടിഞ്ഞാറ്, തെക്ക് എന്ന ക്രമത്തിൽ എറിയും. ഞങ്ങൾ എല്ലാം കൌതുകത്തോടെ നോക്കി നില്കും.രാവിലെ കുളിച്ച് വരുമ്പോഴേക്കും ശ്രീലകത്ത് അഷ്ടമംഗല്യവും , കിണ്ടിയിൽ വെള്ളവും ,ഭസ്മവും , ദശപുഷ്പമാലയും കൂടി ശിവോതിക്ക് (ശ്രീ ഭഗവതി) വെച്ചിട്ടുണ്ടാകും. കുളിച്ചു വന്നാൽ സാധാരണ പോലെ പലകയിലിരുന്ന് മാല ചൂടി ,ചന്ദനം തൊട്ട് ,കണ്ണെഴുതി , സ്പെഷലായി മുക്കുറ്റി അരച്ചതും തൊടും ..മുക്കുറ്റി അരച്ച് തൊടുന്നത് മുക്കുറ്റിയുടെ ഔഷധ ഗുണം കൊണ്ടാണത്രെ. നെറ്റിയിൽ മർമ്മ സ്ഥാനത്താണ് തൊടേണ്ടത്. കർക്കിടകത്തിൽ “അടുക്ക്” ചൂടുക എന്നൊരു ചടങ്ങുമുണ്ട്..ദശപുഷ്പത്തിന്റെ ഇലകൾ മാത്രം ഒരു പൊതിയാക്കി വെച്ചിട്ടുണ്ടാകും..അതിനെ ആണ് അടുക്ക് എന്ന് പറയുന്നത്….പെൺ കുട്ടികളെ കൊണ്ട് നേദിപ്പിക്കും..അടുപ്പിൽ ഗണപതി ഇടീക്കും..സ്ത്രീകൾക്ക് ഗണപതി ഹോമം പാടില്ല.അതിനാൽ അടുപ്പിൽ ഗണപതി ഇടീക്കും. നാളികേരപ്പൂള്,തെച്ചിപ്പൂവ്വ്,മന്ദാരപ്പൂവ്വ് കയ്യിലെടുത്ത് അതിൽ നെയ്യ് ഉപസ്തരിച്ച് കത്തുന്ന അടുപ്പിലേക്ക് ഇട്ട് ഗണപതിയുടെ മന്ത്രം ചൊല്ലി ഏത്തമിട്ട് നമസ്ക്കരിക്കണം..

2– വെള്ളീല പൂ ചൂടൽ

മുപ്പെട്ട് ചൊവ്വാഴ്ച വെള്ളീല പൂ ചൂടും .ചിലർ വെള്ളിയാഴ്ചയാണ് വെള്ളീല പൂ ചൂടുന്നത്. വെള്ളീലയുടെ പച്ച ഇല,വെളുത്ത ഇല,ചുവന്ന പൂവ് ഇവ മൂന്നും ചൂടണം..വെള്ളീല എന്ന് പറഞ്ഞാൽ പണ്ട് ഷാംബുവിന് പകരം താളി ആണ് തലയിൽ തേച്ചിരുന്നത്..അതിൽ പ്രധാനപ്പെട്ട താളി ആണ് വെള്ളീല..

3-മൈലാഞ്ചി ഇടൽ..

ഇനി എല്ലാ പെൺ കുട്ടികളും കാത്തിരിക്കുന്ന ദിവസം. മയിലാഞ്ചി ഇടുന്ന ദിവസം. മുപ്പട്ട് വെള്ളിയാഴ്ച പണിക്കാരി “ഇട്ടി” കുറെ മയിലാഞ്ചി അരച്ച് അകത്തക്ക് തരും. തലേ ദിവസം തന്നെ മയിലാഞ്ചി പറിക്കാൻ ഞങ്ങൾക്ക് ഉത്സാഹമാണ് .മയിലാഞ്ചിയും മഞ്ഞളും കൂട്ടി ഇട്ടി അരക്കുന്നത് നോക്കി , ഇട്ടിയുടെ കൈ ചുവക്കുന്നത് അസൂയയോടെ നോക്കി നില്കും. അമ്മ ആദ്യം രണ്ട് കയ്യിന്റേയും ഉള്ളം കയ്യിൽ മയിലാഞ്ചി ഇടും.ഞങ്ങളുടെ കയ്യിലും കുറച്ച് ഇട്ട് തരും . ചില ഇല്ലങ്ങളിൽ നമ്പൂതിരിമാരും കുറച്ചെടുത്ത് ഉള്ളം കയ്യിൽ ഇടും. സ്കൂളുള്ള ദിവസമാണെങ്കിൽ അവനവന്റെ പങ്ക് മാറ്റി വെച്ച് സ്കൂൾ വിട്ടു വന്നാലെ ഇടൂ .സ്കൂളില്ലെങ്കിൽ ബ്രേക്ക് ഫാസ്റ് കഴിഞ്ഞാൽ ഇടും.മൈലാഞ്ചി ഇട്ട് രണ്ട് മണിക്കൂർ കഴിഞ്ഞ് കഴുകി കളഞ്ഞ് വെളിച്ചെണ്ണ പുരട്ടും. അത് കഴിഞ്ഞാൽ കൈ മണക്കലാണ് .നല്ലൊരു വാസന കയ്യിന് ഉണ്ടാകും ആരുടെ കയ്യാണ് അധികം ചുവന്നത് എന്നായി പിന്നത്തെ തർക്കം .ഇനിയും ആ നല്ല നാളുകൾ ഒന്ന് വന്നിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു .

4- പത്ത് ഇലക്കറി

കർക്കിടകത്തിൽ ഇലക്കറി പ്രധാനമാണ്. പത്ത് ഇലക്കറികളാണ് പ്രധാനം. കർക്കിടകം മുഴുവൻ ഇലക്കറി സ്പെഷൽ കൂട്ടാനാണ്. പത്ത് ഇലകൾ ഏതൊക്കെ ആണെന്ന് നോക്കാം. 1-താള്,,2-തകര, 3-തഴുതാമ, 4-കുമ്പളത്തിന്റെ ഇല,,5-മത്തന്റെ ഇല,6-ചീര,7-ചേന ഇല, 8-കടുത്തൂവ (,ചൊറിയുമെങ്കിലും കൂട്ടാൻ വെക്കുമ്പോൾ ചൊറിയില്ല ) 9-പയറിന്റെ ഇല,10 ചേമ്പിന്റെ ഇല . അമ്മ രണ്ട് വിധത്തിൽ ഉണ്ടാക്കാറുണ്ട് . 1- എല്ലാ ഇലയും കൂടി ചെറിയതായി അരിഞ്ഞ് കാന്താരി മുളക് കീറിയിട്ട് വേവിച്ച് പച്ച വെളിച്ചെണ്ണ മീതെ ഒഴിക്കും. 2 എല്ലാ ഇലകളും ചെറുതായി അരിഞ്ഞ് വേവിച്ച് നാളികേരവും മുളകും കൂട്ടി അരച്ച് തിളപ്പിച്ച് പച്ച വെളിച്ചെണ്ണ മുകളിൽ ഒഴിക്കും. എന്തൊരു സ്വാദാണെന്നോ ? വായിൽ കപ്പലോടിക്കാം.ചില ദിവസം പത്ത് ഇല കൊണ്ട് തോരൻ ആണ് ഉണ്ടാക്കാറ്.. ചേനയില,,മത്തന്റെ മൂക്കാത്ത ഇല,കുമ്പളത്തിന്റെ മൂക്കാത്ത ഇല , പയറിന്റെ മൂക്കാത്ത ഇല,തഴുതാമ, ഇവയെല്ലാം തോരൻ വെച്ചാൽ നല്ല സ്വാദാണ്. കർക്കിടകം കഴിയും വരെ എന്നും ഇലക്കറികൾ ഉണ്ടാക്കാറുണ്ട്..ഈ കാലങ്ങളിൽ മുരിഞ്ഞ ഇല ഉപയോഗിക്കാറില്ല .മുരിഞ്ഞ ഇല ഈ സമയത്ത് വിഷമാണെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. .

ആ പഴയ കാലമൊന്ന് വീണ്ടും വന്നിരുന്നെങ്കിൽ എന്ന് വെറുതെ മോഹിക്കുവാൻ മോഹം.

5- ഇനി പ്രധാനം കർക്കിടകത്തിലെ ഔഷധസേവയാണ്.

കർക്കിടകം 16നാണ് ഔഷധസേവ. ഗോവിന്ദൻ “കൊടുവേലി കിഴങ്ങ്”തലേ ദിവസം തന്നെ പറിച്ച് ചെളിയെല്ലാം കളഞ്ഞ് വൃത്തി ആക്കി അടുക്കളയിലെത്തിക്കും.”മരുന്ന് സേവ” എന്നാണ് പറയുക. മരുന്ന് ഉമ്മറപ്പടി കടത്തരുതെന്നാണ് പറയാറ്. അതിനാൽ ഗോവിന്ദൻ അടുക്കളയുടെ ജനലിൽ കൂടിയേ മരുന്ന് അകത്തേക്ക് വെക്കു. അമ്മയുടെ തേവാരമെല്ലാം കഴിഞ്ഞാൽ കൊടുവേലി കിഴങ്ങിന്റെ അകത്തെ നാര് ചീന്തിയെടുത്ത് കളഞ്ഞ് , സമൂലം അമ്മിയിൽ നന്നായി അരച്ച് ,(ചന്ദനം അരക്കും പോലെ )അതിൽ നെയ്യ് ചേർക്കും. അതിന് ഒരു പൊള്ളലുണ്ട്. അത് പോകാനാണ് നെയ്യ് ചേർക്കുന്നത്. ( അന്നൊന്നും പേര് പറയില്ല. മരുന്ന് എന്നേ പറയു. പേര് പറഞ്ഞാൽ ഗുണം കുറയുമത്രെ.) ഇതൊരു സിദ്ധൌഷധമാണ്. ഒരു ദിവസം കഴിച്ചാൽ അസുഖമെല്ലാം മാറും എന്നാണ് സങ്കൽപ്പം . മരുന്ന് ശ്രീലകത്താണ് വെക്കാറ് . പതിനഞ്ച് ചെറിയ ഇലകളിൽ മരുന്ന് തുല്യമായി അമ്മ നിരത്തി വെച്ചിട്ടുണ്ടാകും. അച്ഛന്റേയും ,അമ്മയുടേയും ,ഏഴ് മക്കളുടേയും കഴിഞ്ഞാൽ ബാക്കി വെച്ചത് പണിക്കാർക്ക്. അങ്ങനെ ഔഷധസേവയും കഴിഞ്ഞു. അന്നത്തെ കാലത്ത് ഔഷധ കഞ്ഞിയൊന്നും കണ്ടിട്ടില്ല.
രാമായണത്തിലെ പ്രധാന ശ്ളോകം .
രാമം ദശരഥം വിദ്ധി
മാം വിദ്ധി ജനകാൽമജം
അയോദ്ധ്യാ മടവിം വിദ്ധി
ഗഛതാത യഥാ സുഖം .
വനവാസത്തിനൊരുങ്ങിയ ലക്മണനോട് സുമിത്രാദേവിയുടെ ഉപദേശം. രാമനെ അച്ഛനായും,സീതയെ അമ്മയായും ,കാടിനെ അയോദ്ധ്യയായും സങ്കൽപിച്ചാൽ സന്തോഷം കിട്ടും .

കർക്കിടകത്തിലെ അത്തം മുതൽ ഓണത്തിന്റെ മുന്നോടി ആയി പൂവിടൽ ആണ്. പണിക്കാരിൽ ആരെങ്കിലും ഒരാൾ നടുമിറ്റത്ത് കുറച്ച് സ്ഥലത്ത് ചാണകം മെഴുകി ഒരു കട മുക്കുറ്റി പറിച്ച് അതിന്റെ കട നുള്ളി കളഞ്ഞ് ചാണകം മെഴുകിയ സ്ഥലത്ത് വെക്കും. അത്തം അടുക്കുന്തോറും പൂക്കളവും വലുതാവും..അങ്ങിനെ അത്തം വരെ തുടരും. അത്തം മുതൽ മാതേവരെ വെക്കാൻ തുടങ്ങും.. കർക്കിടകം കഴിഞ്ഞാൽ പൊന്നിൻ ചിങ്ങമായി.

വടക്കൻ കേരളത്തിൽ മലപ്പുറം,കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ “ചേട്ടയെ കളയൽ” എന്ന ചടങ്ങ് ഇല്ല..അതിന് പകരം “കലിയന്”കൊടുക്കുക എന്ന ചടങ്ങാണ് നടത്തുന്നത്..വീഡിയോ കാണുക…

 

Related Posts