സ്പെഷ്യല്‍
ഇവിടം സന്ദർശിച്ചാൽ പുനർജന്മം ഉണ്ടാവില്ല! അപൂർവ ക്ഷേത്രത്തിലെത്തി വിനീത് ശ്രീനിവാസനും കുടുംബവും

തമിഴ്നാട്ടിലെ കാഞ്ചി കൈലാസ നാഥർ ക്ഷേത്രം സന്ദർശിച്ച് കൊണ്ടുള്ള വിനീത് ശ്രീനിവാസന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ ശ്രദ്ധേയമാവുകയാണ്. കുട്ടികളോടൊപ്പം ക്ഷേത്രത്തിലെത്തിയ ചിത്രങ്ങളാണ് നവമാധ്യമങ്ങളിൽ വിനീത് ശ്രീനിവാസൻ പങ്കു വെച്ചിട്ടുള്ളത്.

ഏതെങ്കിലുമൊരു ക്ഷേത്രം എന്നതിലുപരി വളരെയധികം പ്രത്യേകതകളുള്ള ഒരു ക്ഷേത്രമാണ് കാഞ്ചി കൈലാസനാഥർ. ക്ഷേത്രത്തിന്റെ നിർമ്മിതിയും ഐതിഹ്യ പരമായ ചുറ്റുപാടും ക്ഷേത്ര സംബന്ധിച്ചുള്ള വിശ്വാസങ്ങളും വളരെ വ്യത്യസ്തത പുലർത്തുന്നതാണ്.

നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം വേദാവതി നദിയുടെ തീരത്തായാണ് പണിതുയർത്തിയിരിക്കുന്നത്. രണ്ടു നൂറ്റാണ്ടുകൾ കൊണ്ട് പണികഴിച്ച ക്ഷേത്രമാണിത്.ശക്തി സ്വരൂപനായ പരമശിവൻ ആണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ.ഈ ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ചാൽ പിന്നെ പുനർജന്മം ഉണ്ടാവില്ല എന്നതാണ് വിശ്വാസം. ഇവിടെയെത്തി തന്നെ പ്രാർത്ഥിക്കുന്നവർക്ക് പരമശിവൻ പുനർജന്മം നൽകി കഷ്ടപ്പെടുത്തില്ലെന്നാണ് വിശ്വാസം. ഈ വിശ്വാസത്തിന്റെ പേരിൽ ദിനവും അസംഖ്യം ഭക്ത ജനങ്ങളാണ് ക്ഷേത്ര സന്ദർശനത്തിനായ് എത്തുന്നത്.

ഇവിടുത്തെ ശിവലിംഗത്തിനും വലിയ പ്രത്യേകതകളാണുള്ളത്. ശിവലിംഗത്തിന് വലതുഭാഗത്തുള്ള ഉയരംകുറഞ്ഞ ചെറിയ വഴിയിലൂടെയാണ് വലം വയ്ക്കേണ്ടത്. പുറത്തേക്കുള്ള വഴിയും ഇതേ പോലെ തന്നെ ചെറുതാണ്.

അകത്തേക്ക് കയറാൻ ചെറുതായി കുനിയുകയും പിന്നീട് നടന്ന് വലംവയ്ക്കുകയും, അവസാനം കുനിഞ്ഞ് തന്നെ പുറത്തേക്ക് വരികയും ചെയ്യുന്ന രീതിയിലാണ് ഇവിടെ പ്രദക്ഷിണം.ചെറുപ്പം, യൗവനം, വർദ്ധക്യം എന്നീ മൂന്ന് അവസ്ഥകളെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്. ഈ പ്രദക്ഷിണത്തിന്റെ ഫലമായാണ് പുനർജന്മ ദുരിതത്തിൽ നിന്നും ഭക്തർക്ക് മോചനം ലഭിക്കുന്നത്. ശിവലിംഗത്തെ ഇങ്ങനെ പ്രദക്ഷിണംവച്ച് കഴിയുമ്പോഴേക്കും നവ്യമായ ഒരു അനുഭൂതി ലഭിക്കുന്നുവെണ് ഇവിടെയെത്തുന്ന പലരും സാക്ഷ്യപ്പെടുത്തുന്നത്.

Related Posts