വാസ്തു
കാലടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ അക്ഷയതൃതീയ കനകധാരാ യജ്ഞം

കാലടി: ആദി ശങ്കര കുലദേവാ ക്ഷേത്രമായ കാലടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ അക്ഷയതൃതീയ കനകധാരാ യജ്ഞത്തിനു തുടക്കമായി. അഞ്ചിന് രാവിലെ 6.30 ന് പുറ്റമണ്‍ ശുദ്ധി, നാല്‍പാമര കക്ഷായ അധിവാസം എന്നീ ശുദ്ധി ക്രിയകള്‍ക്കുശേഷം കനകാധാര, യന്ത്രങ്ങളും മഹാലക്ഷ്മിയുടെ പ്രാണപ്രതിഷ്ഠ നടത്തിയ സ്ഫടികം അടക്കം ചെയ്ത സ്വര്‍ണം, വെള്ളി നെല്ലിക്കകളും യജ്ഞ മണ്ഡപത്തില്‍ പ്രതിഷ്ഠിച്ചു.

തുടര്‍ന്ന് തന്ത്രി കിടങ്ങാശേരി രാമന്‍ നമ്പൂതിരിപ്പാട്, യജ്ഞാചാര്യന്‍ ആവണപ്പറമ്പ് പ്രദീപ് നമ്പൂതിരിപ്പാട്, മേല്‍ശാന്തി വെമ്പിളിയത്ത് സൂരജ് നമ്പൂതിരിപ്പാട് എന്നിവരുടെ കാര്‍മികത്വത്തില്‍ 32 ബ്രാഹ്മണര്‍ യജ്ഞമണ്ഡപത്തില്‍ 10008 ഉരു കനകധാരാ സ്‌തോത്രം ചൊല്ലല്‍ ആരംഭിച്ചു. ശ്രീ ശങ്കരാചാര്യര്‍ ജീവിച്ചിരുന്ന 32 വര്‍ഷങ്ങളെ അനുസ്മരിച്ചാണ് 32 പേര്‍ യജ്ഞത്തില്‍ പങ്കെടുക്കുന്നത്. അക്ഷയതൃതീയ ദിവസമായ ഏഴിനു രാവിലെ ഒന്‍പതിനു ദേവിയുടെ വിഗ്രഹത്തില്‍ കനകാഭിഷേകം നടത്തി, ജപം പൂര്‍ത്തിയാക്കും. തുടര്‍ന്ന് സ്വര്‍ണം, വെളളി നെല്ലിക്കകളും യന്ത്രങ്ങളും ഭക്തര്‍ക്കു നല്‍കും. ശ്രീശങ്കര ജയന്തി ദിനമായ ഒന്‍പതിനു ഉച്ചക്ക് പ്രസാദ ഊട്ട്, വൈകുന്നേരം 6.30 ന് 32 അമ്മമാര്‍ക്ക് വസ്ത്രവും ഫലമൂലാദികളും നല്‍കുന്ന മാതൃ വന്ദനം ചടങ്ങുകള്‍ നടക്കും. മുന്‍കൂട്ടി പേരുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന പ്രായമായരില്‍ നിന്നുമാണ് മാതൃവന്ദനത്തിനുള്ള അമ്മമാരെ തിരഞ്ഞെടുക്കുന്നത്. മാതൃവന്ദനത്തോടെയാണ് കനകധാരാ യജ്ഞം സമാപിക്കുന്നത്.

ശ്രീശങ്കരന്റെ ബാല്യകാലത്ത് ഭിക്ഷയ്ക്കായി ഒരു ഇല്ലത്ത് എത്തിയപ്പോള്‍, അവിടെയുണ്ടായിരുന്ന വ്യദ്ധയായ സ്ത്രീ ഒരു ഉണക്ക നെല്ലിക ഭിക്ഷയായി നല്‍കി. ഇതു സ്വീകരിച്ച് ആ വീടിന്റെ ദാരിദ്ര്യ സ്ഥിതി മനസിലാക്കിയ ശ്രീ ശങ്കരന്‍, കനകധാരാ സ്‌തോത്രം ജപിച്ച് പ്രാര്‍ഥിച്ചു. പ്രസീദയായ ലക്ഷ്മിദേവി സ്വര്‍ണ നെല്ലിക്കകള്‍ വര്‍ഷിച്ചുകൊണ്ട് ആ ഇല്ലത്തെ അനുഗ്രഹിച്ചുവെന്നാണ് ഐതിഹ്യം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9388862321.

Related Posts