സ്പെഷ്യല്‍
ഈ അഗ്നിനാളത്തെ പ്രാര്‍ഥിച്ചാല്‍ ജീവിതത്തില്‍ സംഭവിക്കുന്നത്‌

ഭാരതത്തിലെ 51 ശക്തിപീഠങ്ങളില്‍ ഒന്നാണ് ഹിമാചല്‍ പ്രദേശിലുള്ള ജ്വാലാമുഖി ക്ഷേത്രം. ഭാരതത്തിലെ ഏറ്റവും കൂടുതല്‍ ഭക്തര്‍വരുന്ന ഒരു ക്ഷേത്രമാണ് ഇത്. മറ്റ് ക്ഷേത്രങ്ങളിലെ പോലെ ഇവിടെ പ്രതിഷ്ഠയായി വിഗ്രഹങ്ങളോ പ്രതിമകളോ ഇല്ല. പകരം ജ്വലിക്കുന്ന ഒരു അഗ്‌നി നാളമാണ് അവിടുത്തെ പ്രതിഷ്ഠ. സദാസമയവും കത്തി നില്‍ക്കുന്ന അഗ്‌നി നാളം.

സതി ദേവിയുടെ കഥയുമായിട്ട് ഈ ക്ഷേത്രത്തിന് ബന്ധമുണ്ടെന്നാണ് പറയപ്പെടുന്നത്. ശിവ ഭഗവാന്റെ ഭാര്യയായിരുന്ന സതിയുടെ അച്ഛനായ പ്രജാപതി ദക്ഷന്‍ നടത്തിയ യാഗത്തിന് ശിവ ഭഗവാനെ ക്ഷണിച്ചില്ലെന്ന കാരണത്താല്‍ സതി ആ യാഗാഗ്‌നിയില്‍ ചാടുകയും അതേതുടര്‍ന്നു ശിവഭഗവാന്‍ കോപാകുലനാവുകയും ചെയ്തു. സതിയുടെ കത്തിയ ശരീരവും പിടിച്ച് രോഷാകുലനായിനില്‍ക്കുന്ന ശിവ ഭഗവാന്റെ കോപം ശമിപ്പിക്കുവാന്‍ മഹാവിഷ്ണു സതിയുടെ ശരീരത്തെ പല ഭാഗങ്ങള്‍ ആക്കുകയും ആ ഭാഗങ്ങള്‍ വീണ സ്ഥലം ശക്തിപീഠങ്ങളാവുകയും ചെയ്തു. സതി ദേവീയുടെ നാക്ക് വന്നുവീണ സ്ഥലമാണ് ജ്വാലാമുഖി ക്ഷേത്രമെന്നാണ് വിശ്വാസം. ഇവിടെ ദുര്‍ഗ്ഗാ ദേവിയുടെ ശക്തി പ്രവാഹമുള്ളതായും കരുതപ്പെടുന്നു.

ക്ഷേത്രത്തിനുള്ളില്‍ മൂന്നടി താഴ്ച്ചയിലാണ് പ്രധാന ജ്വാല സ്ഥിതിചെയ്യുന്നത്. പടവുകള്‍ ഇറങ്ങിചെന്ന് ‘മഹാ കാളിയുടെ വായ’എന്ന് വിളിക്കുന്ന ഈ അഗ്‌നി നാളം കാണാവുന്നതാണ്. അതില്‍ തന്നെ മറ്റ് ഒന്‍പതു സ്ഥലങ്ങളില്‍ കൂടെ ജ്വാല പുറത്തുവരുന്നുണ്ട്. സരസ്വതി, അന്നപുര്‍ണ്ണ, ചണ്ഡി, ഹിങ്ങ് ലജ്, വിന്ധ്യ വാസിനി, മഹാലക്ഷ്മി, മഹാകാളി, അംബിക, അഞ്ജന എന്നിവയാണ് ആ ഒന്‍പതു നാളങ്ങള്‍ പ്രതിനിധികരിക്കുന്ന ശക്തികള്‍.

നവരാത്രി സമയത്ത് ഇവിടെ നടത്തുന്ന ‘ജ്വാല കുണ്ഡ്’ ഏറെ മഹനീയവും പ്രസിദ്ധവുമാണ്. ഏപ്രിലിലും ഒക്ടോബറിലുമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറെ നല്ല സമയം.
ദിവസവും 5 തവണ ആരതി ഉഴിയുന്നതില്‍ അവസാനത്തെതാണ് ഏറ്റവും മഹനീയമായി കരുതപ്പെടുന്നത്. രാത്രി 10 മണിക്കാണ് ഇത് നടത്തുന്നത്. ശങ്കരാചാര്യര്‍ രചിച്ച സൗന്ദര്യ ലഹരി മുഴുവനും ഈ സമയത്ത് ജപിക്കുന്നു.

ഇവിടെ വന്ന് പ്രാര്‍ത്ഥിച്ചാല്‍ ഒരാളുടെ എല്ലാ പാപങ്ങളും മാറുമെന്നും അയാളുടെ ആത്മാവ് പൂര്‍ണ്ണമായും ശുദ്ധിയാക്കപെടുമെന്നും വിശ്വസിക്കുന്നു. മോക്ഷത്തിലെക്കുള്ള പാത ഇതിലൂടെ തുറക്കുന്നുവെന്നും വിശ്വസിക്കുന്നു. ഈ ക്ഷേത്രദര്‍ശനം വഴി ജീവിതത്തില്‍ അതുവരെ ഉണ്ടായിരുന്ന എല്ലാ വിഷമതകളും മാറി സന്തോഷം വന്നുചേരുമെന്നുമാണ് വിശ്വാസം.

Related Posts