നക്ഷത്രവിചാരം
നവംബര്‍ 20ലെ വ്യാഴമാറ്റം; ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കുക

ഏറ്റവും ശക്തമായ ഗ്രഹങ്ങളിലൊന്നായ വ്യാഴം 2020 നവംബര്‍ 20ന് പകല്‍ 2.14ന് മകരം രാശിയിലേക്ക് മാറുന്നു. തുടര്‍ന്ന് 2021 ഏപ്രില്‍ 6ന് പുലര്‍ച്ചെ 1.08ന് മകരത്തില്‍ നിന്ന് കുംഭത്തിലേക്കും 2021 സെപ്തംബര്‍ 14ന് വൈകിട്ട് 5.30ന് കുംഭത്തില്‍ നിന്ന് മകരത്തിലും(വക്രത്തില്‍) വ്യാഴം സഞ്ചരിക്കും. വ്യാഴത്തിന്റെ ഈ മാറ്റം ചില രാശിക്കാര്‍ക്ക് വളരെയധികം ഗുണം ചെയ്യുമ്പോള്‍ മറ്റുചില രാശിക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു. വ്യാഴത്തിന്റെ രാശിമാറ്റം ഓരോ കൂറുകാര്‍ക്കും ഏങ്ങനെയാണെന്നു നോക്കാം.

മേടക്കൂറ് (അശ്വതി,ഭരണി, കാര്‍ത്തിക1/4)

വ്യാഴമാറ്റം മേടക്കൂറുകാര്‍ക്ക് അത്ര അനുകൂലമായിരിക്കില്ല. തൊഴില്‍പരമായി ചില വെല്ലുവിളികളെ നേരിടേണ്ടിവന്നേക്കാം. ആവര്‍ത്തിച്ചുള്ള പരാജയങ്ങള്‍ വന്നുചേരാം. തൊഴില്‍മാറിയെന്നുവരെ വരാം. തെറ്റായ ആരോപണങ്ങള്‍ വന്നേക്കാം. അതിനാല്‍ ജാഗ്രത പാലിക്കുക. 2021 ഏപ്രില്‍ മുതല്‍ 2021 സെപ്റ്റംബര്‍ പകുതി വരെ സ്ഥിതി മെച്ചപ്പെടും, ഈ സമയം സാമ്പത്തികമായും തൊഴില്‍പരമായും നല്ല ഫലങ്ങള്‍ ലഭിക്കും.

ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)

ഈ രാശിക്കാര്‍ക്ക് വ്യാഴമാറ്റം പൊതുവേ അനുകൂലമായിരിക്കും. ഔദ്യോഗിക ജീവിതം തൃപ്തികരമായിരിക്കും. വിജയം നിങ്ങളെ തേടിവരും. തൊഴില്‍പരമായി നേട്ടങ്ങളുണ്ടാകും. സ്ഥാനക്കയറ്റത്തിനും യോഗം. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. 2021 ഏപ്രില്‍ മുതല്‍ 2021 സെപ്റ്റംബര്‍ പകുതി വരെ സ്ഥിതിഗതികള്‍ മാറിയേക്കാം. ഔദ്യോഗിക ജീവിതത്തില്‍ വെല്ലുവിളികള്‍ നേരിടാന്‍ തുടങ്ങാം. ഈ സമയത്ത് നിങ്ങള്‍ ആഗ്രഹിച്ച ഫലങ്ങള്‍ ലഭിച്ചെന്നു വരില്ല. തൊഴില്‍ സ്ഥാലത്ത് ചില പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം.

മിഥുനക്കൂറ് (മകയരം1/2,തിരുവാതിര,പുണര്‍തം 3/4)

വ്യാഴത്തിന്റെ മാറ്റം ഈ രാശിക്കാര്‍ക്ക് തടസ്സങ്ങള്‍, വേവലാതികള്‍, ദുരിതങ്ങള്‍ എന്നിവയുണ്ടാക്കാന്‍ ഇടയുണ്ട്. ജാഗ്രത പാലിക്കേണ്ടകാലമാണ്. വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിക്കണം. സര്‍ക്കാരില്‍നിന്നും ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. 2021ന്റെ ആദ്യമാസങ്ങളില്‍ നിക്ഷേപത്തില്‍ നിന്ന് വിട്ടുനില്‍ക്കുക. ജോലിസ്ഥലത്തെ അസ്വസ്ഥതകള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കാം. ഈ കാലയളവ് ആരോഗ്യത്തിനും നല്ലതല്ല. അനാവശ്യമായ യാത്ര ഒഴിവാക്കണം. താമസസ്ഥലം മാറ്റാന്‍ നിങ്ങള്‍ നിര്‍ബന്ധിതരായേക്കാം. ആരുമായും പുതിയ ബന്ധം വളര്‍ത്തിയെടുക്കുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കുക. 2021 ഏപ്രില്‍ മുതല്‍ 2021 സെപ്റ്റംബര്‍ പകുതി വരെ നിങ്ങള്‍ക്ക് അനുകൂല സമയമാണ്.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)

അടുത്തവര്‍ഷം ആദ്യമാസങ്ങളില്‍ കര്‍ക്കിടക കൂറുകാര്‍ക്ക് അനുകൂലഫലങ്ങള്‍ ലഭിക്കും. കുടുംബബന്ധം മെച്ചപ്പെടും. സാമ്പത്തിക സ്ഥിതി പൊതുവെ തൃപ്തികരമായിരിക്കും, മാത്രമല്ല നിങ്ങള്‍ ചില ലാഭകരമായ ബിസിനസ്സില്‍ നിക്ഷേപിക്കാന്‍ പദ്ധതിയിടാം. സന്താനങ്ങളെ പ്രതീക്ഷിക്കുന്നവര്‍ക്ക് ഈ കാലയളവ് ഏറ്റവും അനുകൂലമായിരിക്കും. കേസുകളില്‍ അനുകൂലമായ തീരുമാനമുണ്ടായേക്കാം. 2021 ഏപ്രില്‍ മുതല്‍ 2021 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ സൂക്ഷിക്കുക.

ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4)

ചിങ്ങം രാശിക്കാര്‍ക്ക് അത്ര അനുകൂലമായ കാലമല്ല. തെറ്റായ ആരോപണങ്ങള്‍ നിങ്ങള്‍ക്കുനേരെ ഉയര്‍ന്നു വന്നേക്കാം. 2021 ഏപ്രില്‍ മുതല്‍ 2021 സെപ്റ്റംബര്‍ പകുതി വരെ ചില നല്ല മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. പങ്കാളിയുമായും മറ്റ് കുടുംബാംഗങ്ങളുമായും ഉള്ള ബന്ധത്തില്‍ സൗഹാര്‍ദ്ദ അന്തരീക്ഷം ലഭിക്കും. വിവാഹം നോക്കുന്നവര്‍ക്ക് അതിന് അനുകൂലമായ സമയമാണ്. സാമ്പത്തിക സ്ഥിതി പൊതുവേ മെച്ചപ്പെടും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. വിദ്യാര്‍ഥിക്ക് അനുകൂലമായ കാലം കൂടിയാണിത്.

കന്നിക്കൂറ് (ഉത്രം3/4,അത്തം, ചിത്തിര1/2)

ജോലിസ്ഥലത്ത് കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. സഹപ്രവര്‍ത്തകരുമായി നല്ല ബന്ധമുണ്ടാകും. 2020 നവംബര്‍ 20 മുതല്‍ 2021 മാര്‍ച്ച് വരെയുള്ള കാലയളവ് അനുകൂലമാണ്. ബിസിനസുകാര്‍ക്ക് ഈ സമയം അനുകൂലമാണ്. ബിസിനസ് വിപുലീകരിക്കാന്‍ സാധിക്കും. ജീവിതത്തില്‍ വെല്ലുവിളികളെ നേരിടാന്‍ കഴിയും. 2021 ഏപ്രില്‍ മുതല്‍ 2021 സെപ്റ്റംബര്‍ പകുതി വരെ പൊതുവേ നല്ല ഫലങ്ങള്‍ ലഭിക്കും. കുടുംബജീവിത്തിലും ദാമ്പത്യ ജീവിതത്തിലും ഉത്കണ്ഠ നിറഞ്ഞേക്കാം. ശത്രുക്കളെ കരുതിയിരിക്കണം.

തുലാക്കൂറ് (ചിത്തിര1/2,ചോതി, വിശാഖം3/4)

കുടുംബ ജീവിതത്തില്‍ താളപ്പിഴകളുണ്ടാകാതെ ശ്രദ്ധിക്കണം. തൊഴില്‍പരമായി അനുകൂലകാലമല്ല. ജോലി മാറുന്നതിനെക്കുറിച്ച് ആലോചിക്കും. 2021 മാര്‍ച്ച് വരെ ജാഗ്രത പാലിക്കുക. 2021 ഏപ്രില്‍ മുതല്‍ 2021 സെപ്റ്റംബര്‍ പകുതി വരെ സ്ഥിതിഗതികള്‍ മാറും.
മേലധികാരികളുടെ പിന്തുണ ലഭിക്കാന്‍ തുടങ്ങും. ഔദ്യോഗിക ജീവിതത്തില്‍ സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സമയം ശുഭമായതിനാല്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ കാലയളവ് ഉപയോഗപ്പെടുത്താം. ബിസിനസുകാര്‍ക്ക് അനുകൂലമായ കാലം.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം,തൃക്കേട്ട)

ബിസിനസുകാര്‍ക്ക് അത്രനല്ല കാലമല്ല. തൊഴില്‍പരമായി തടസങ്ങളുണ്ടാകും. ജോലിയില്‍ മാറ്റം വരുത്താനോ കൈമാറ്റം നടത്താനോ സാധ്യതയുണ്ട്. ആവശ്യമുളള ഘട്ടത്തില്‍ സുഹൃത്തുക്കളുടെ പിന്തുണ പ്രതീക്ഷിക്കേണ്ടതില്ല. ആരോഗ്യകാര്യത്തിലും ശ്രദ്ധവേണം. നിക്ഷേപങ്ങള്‍ക്കു സമയം അനുകൂലമല്ല. എന്നിരുന്നാലും, എഴുത്തുകാര്‍ക്കും പ്രസിദ്ധീകരണശാലകള്‍ക്കും വിദ്യാഭ്യാസ മേഖലയുമായി ബന്ധമുള്ളവര്‍ക്കും ഇത് നല്ല കാലഘട്ടമാണ്. 2021 ഏപ്രില്‍ മുതല്‍ 2021 സെപ്റ്റംബര്‍ പകുതി വരെയുള്ള കാലയളവ് ചെറിയ ആശ്വാസമുണ്ടായേക്കാം.

ധനുക്കൂറ് (മൂലം,പൂരാടം,ഉത്രാടം 1/4)

കഴിഞ്ഞ കുറച്ച് മാസങ്ങളായി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും തടസ്സങ്ങളും കുറയും. ജീവിതത്തില്‍ സന്തോഷം നിറയും. സുഹൃത്തുക്കളുടെ പിന്തുണലഭിക്കും. കുടുംബത്തില്‍ സന്തോഷകരമായ അനുഭവം ഉണ്ടാകും. ബിസിനസ് വിപുലീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കും. വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ കാലം. ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടും. തൊഴില്‍പരമായി നേട്ടങ്ങളുടെ കാലം. 2021 ഏപ്രില്‍ മുതല്‍ 2021 സെപ്റ്റംബര്‍ വരെ ജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ കാണുന്നു.

മകരക്കൂറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)

അനാവശ്യചെലവുകള്‍ നിയന്ത്രിക്കേണ്ടതുണ്ട്. അമിത ആത്മവിശ്വാസം ഒഴിവാക്കണം. വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചില തടസങ്ങള്‍ വന്നുചേരാം. തൊഴില്‍ ഇടത്തില്‍ ചില ബുദ്ധിമുട്ടുക്കള്‍ കണ്ടേക്കാം. 2021 ഏപ്രില്‍ മുതല്‍ 2021 സെപ്റ്റംബര്‍ പകുതി വരെ നിങ്ങളുടെ ജീവിതത്തില്‍ പ്രതീക്ഷയും സന്തോഷവും നിറഞ്ഞതായിരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

കുംഭക്കൂറ് (അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4)

വ്യാഴമാറ്റത്തിന്റെ ആരംഭത്തില്‍ ഈ രാശിക്കാര്‍ക്ക് അത്ര നല്ല കാലമല്ല. ചെലവ് വര്‍ധിക്കും. തീര്‍ഥാടന കേന്ദ്രങ്ങളില്‍ ദര്‍ശനം നടത്തും. തൊഴില്‍പരമായും ഈ സമയം അനുകൂലമല്ല. കുടുംബത്തില്‍ നിന്നും വേറിട്ടു ജീവിക്കേണ്ട സാഹചര്യമുണ്ടായേക്കാം. ജോലി മാറാനുള്ള സാധ്യതയുണ്ട്. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധാലുവായിരിക്കുക. സ്ഥലമിടപാടുകളിലെ തര്‍ക്കങ്ങള്‍ നിങ്ങളെ അസ്വസ്ഥരാക്കിയേക്കാം. 2021 ഏപ്രില്‍ മുതല്‍ 2021 സെപ്റ്റംബര്‍ പകുതി വരെ ജീവിതത്തിലെ പരീക്ഷണ ഘട്ടമാണ്.

മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)

വ്യാഴമാറ്റത്തിന്റെ തുടക്കം ഗുണകരമാണ്. തൊഴില്‍പരമായി മികച്ചകാലം. സ്ഥാനക്കയറ്റത്തിനു സാധ്യത. വിവിധയിടങ്ങളില്‍നിന്നും വരുമാനം വര്‍ധിക്കും. ബിസിനസ് വിപുലീകരിക്കും. 2021 ഏപ്രില്‍ മുതല്‍ 2021 സെപ്റ്റംബര്‍ പകുതി വരെ ജീവിതത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായേക്കും. ചെലവ് വര്‍ധിക്കും. ഇത് നിങ്ങളെ ആശങ്കപ്പെടുത്തും. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം.

Related Posts