സ്പെഷ്യല്‍
നിങ്ങള്‍ക്കു ഭാഗ്യം തരുന്ന ഗ്രഹം

എല്ലാ ഈശ്വരന്‍മാരുടേയും കാരകത്വം വഹിക്കുന്ന ഗ്രഹമാണ് ഗുരു എന്ന വ്യാഴം. പ്രപഞ്ചത്തിന്റെ കേന്ദ്രഗ്രഹമെന്നും വിശേഷമുണ്ട്. വ്യാഴത്തിനു എല്ലാ ഗ്രഹങ്ങള്‍ക്കും മേലേ നിയന്ത്രണവും സ്വാധീനശക്തിയുമുണ്ട്.  ഒരു ജാതകത്തില്‍ വ്യാഴത്തിന്റെ സ്ഥിതിയും ബലവും മറ്റേതിനെക്കാളും അതുകൊണ്ടു സുപ്രധാനമായിത്തീരുന്നു. ഈശ്വാരാധീനത്തിന്റെ, അനുകൂലതയുടെ, ഭാഗ്യത്തിന്റെ, പുണ്യത്തിന്റെ കാരകശക്തി വ്യാഴനാണ്.

ജാതകത്തിലെ ഭാഗ്യം, അവസരം, അനുഭവയോഗം എന്നിവയുടെ കാരക ഗ്രഹമാണു വ്യാഴം. ധനസൗഭാഗ്യങ്ങളുടെ കാരകനും വ്യാഴമാണ്. മറ്റുഗ്രഹങ്ങള്‍ ദുര്‍ബലമായാലും വിപരീതമായാലും വ്യാഴം പൂര്‍ണബലവാനും അനുകൂലനുമാണെങ്കില്‍ അതു ജീവിതത്തെ ഐശ്വര്യപ്രദമാക്കി മാറ്റും. ബാക്കി ഗ്രഹങ്ങളെല്ലാം ബലവത്തും വ്യാഴം മറിച്ചുമായാല്‍ കഷ്ടപ്പാടും ദുരിതവും എപ്പോഴും പിന്തുടരും. ‘ലക്ഷം ഹന്തി ഗുരു’ എന്ന പ്രമാണവും മറ്റും സൂചിപ്പിക്കുന്നതുമറ്റൊന്നല്ല. ലക്ഷം ദോഷം പോലും ബലവാനായ വ്യാഴത്തിന്റെ അനുകൂല നില കൊണ്ടോ നോട്ടം കൊണ്ടോ മാറും എന്നതു പരമാര്‍ത്ഥമാണ്.

നവഗ്രഹങ്ങളില്‍ അതീവപ്രാധാന്യമുള്ള ഗ്രഹമാണ് ദേവഗുരുവായ വ്യാഴം അഥവാ ബൃഹസ്പതി.വ്യാഴത്തിന്റെ രാശിമാറ്റം അതിപ്രധാനമാകുന്നു. ഏതൊരാള്‍ക്കും സൂര്യനും വ്യാഴവും ശനിയും ചാരവശാല്‍ മോശമാകുകയും അതോടൊപ്പം അവരുടെ ദശാപഹാരകാലവും മോശമായി വന്നാല്‍ അത് അതീവദോഷപ്രദം തന്നെയായിരിക്കും.

ജാതകത്തില്‍ വ്യാഴം 6,8,12 രാശികളില്‍ ലഗ്‌നാല്‍ നില്‍ക്കുന്നതും ചന്ദ്രനാല്‍ നില്‍ക്കുന്നതും ഗുണപ്രദമല്ല.ഈ വ്യാഴം ശത്രുരാശികളില്‍ നിന്നാല്‍ കൂടുതല്‍ അപകടം. വ്യാഴം ആറില്‍ നിന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ധനനാശം, ആതുരസേവന രംഗത്തു പ്രവര്‍ത്തനം, നിയമപരമായ പ്രതിസന്ധികള്‍, കുടുംബബാധ്യതകള്‍ മൂലം ധനനഷ്ടം, ആഭിചാര പ്രയോഗത്താല്‍ നാശം, പരിഹരിക്കപ്പെടാത്ത ദുരിതങ്ങള്‍, ശത്രുശല്യം, ദൈവാധീനം ഇല്ലായ്മ എന്നിവ ഫലം.

വ്യാഴം എട്ടില്‍ നിന്നാല്‍ നിരന്തരമായ കടബാധ്യതകള്‍, മറ്റുളളവരുടെ ധനം കൈകാര്യം ചെയ്യുന്നതു വഴി സാമ്പത്തികനേട്ടങ്ങള്‍, തുടര്‍ന്നു ബാധ്യതകള്‍ മൂലം നാശം, കുടുംബത്തിനു നാശം, നിരന്തരമായ കടക്കെണികള്‍, നിയമപ്രശ്‌നങ്ങള്‍, ജയില്‍ വാസം, ബന്ധനാവസ്ഥ, കുടുംബബാധ്യതകളുടെ ഫലമായ ശത്രുതകള്‍, നാടു വിടേണ്ട അവസ്ഥ എന്നിവ ഫലമായുണ്ടാകും.

12-ലെ വ്യാഴം ജീവിതപ്രതിസന്ധികള്‍ മൂലം പ്രവാസജീവിതം. നാടു വിട്ടു പോകല്‍, കുടുംബത്തിന്റെ ആണിക്കല്ല് വരെ ഇളക്കി വില്‍ക്കുന്ന ഗതികെട്ട അവസ്ഥ, പാരമ്പര്യ സ്വത്തുക്കള്‍ അന്യാധീനപ്പെട്ടു പോകുന്നതു കാണേണ്ടിവരിക, ഭാര്യ, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, മക്കള്‍ എന്നിവര്‍ ചതിയില്‍പ്പെടുത്തുക, ആര്‍ഭാട ജീവിതത്താല്‍ നാശം, അഴിമതിക്കേസുകളില്‍പ്പെട്ടു നാശം, തട്ടിപ്പു സംഘങ്ങളില്‍ പെട്ടു ധനനാശം, ഒറ്റപ്പെടല്‍, ഭീഷണി, ദുരിതം നിറഞ്ഞ വാര്‍ധക്യം, ദൈവാധീനം തീരെ ഇല്ലാത്ത അവസ്ഥ എന്നിവ ഫലം.

വ്യാഴം സ്വന്തം രാശികള്‍ ആയ ധനു, മീനം, മിത്രരാശികള്‍ ആയ മേടം, കര്‍ക്കടകം, (ഉച്ചരാശി) ചിങ്ങം, വൃശ്ചികം എന്നീ രാശികളിലാണു നില്‍ക്കുന്നതെങ്കില്‍ ദോഷം കുറയും. ചന്ദ്രനോട് ഒപ്പം ചേര്‍ന്നു ഗജകേസരിയോഗം, ഗുരുമംഗളയോഗം (ഗുരു + ചൊവ്വ), മൗഢ്യം ഇല്ലാത്ത ഗുരു + രവിയോഗം എന്നിവ വന്നാല്‍ ദോഷം കുറയും. രാഹുവും ഗുരുവും ചേര്‍ന്നാല്‍ ഗുരു ചണ്ഡാലയോഗം എന്നു പറയും. ഒരു പ്രവൃത്തിയും ചെയ്യാതെ അലസജീവിതം, ഭക്ഷണം, ഉറക്കം എന്നിവ മാത്രം ജീവിത ലക്ഷ്യം. 6, 8, 12 ല്‍ നില്‍ക്കുന്ന വ്യാഴം മൗഢ്യം, നീചം, ഗ്രഹണം എന്നീ അവസ്ഥകളെ പ്രാപിച്ചാല്‍ ദുരിതം കൂടും.

ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഭാഗ്യസൂക്താര്‍ച്ചന, നെയ്യ് വച്ചു നമസ്‌കരിക്കല്‍, വ്യാഴാഴ്ച തോറും നെയ്‌വിളക്ക്, ഭാഗവതത്തിലെ നരസിംഹസ്തുതി ദിവസേന അല്ലെങ്കല്‍ വ്യാഴാഴ്ച തോറും പാരായണം ചെയ്യുക, വിഷ്ണുസഹസ്രനാമം ജപിക്കുക എന്നിവ ദോഷപരിഹാരത്തിന് ഉചിതമാണ്.

മഞ്ഞ നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതും, മഞ്ഞ പുഷ്പങ്ങള്‍ ഉളള ചെടികള്‍ വളര്‍ത്തുന്നതും നല്ലാതാണ്. ജാതക പരിശോധന നടത്തി മഞ്ഞ പുഷ്യരാഗം, ഗോള്‍ഡന്‍ ടോപ്പാസ് എന്നീ രത്‌നങ്ങള്‍ ധരിക്കുന്നതും വ്യാഴദോഷത്തിന്റെ കാഠിന്യം കുറയ്ക്കും.

Related Posts