സ്പെഷ്യല്‍
പരമശിവന്റെ മുടിയും താനേ രൂപപ്പെടുന്ന ശിവലിംഗങ്ങളും ; അത്ഭുതപ്പെടുത്തുന്ന ഗുഹാക്ഷേത്രം

മധ്യപ്രദേശിലെ ഹോഷംഗാബാദ് ജില്ലയിലെ പച്ച്മര്‍ഹി എന്ന കണ്ടോന്‍മെന്റ് മേഖലയില്‍ നിന്നും 2 കിലോമീറ്റര്‍ മാറിയാണ് ജടാശങ്കര്‍ എന്ന പുരാതന ഗുഹാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാദേവന്റെ വിഗ്രഹമുള്ള പുരാതന ഗുഹാ ക്ഷേത്രമാണിത്. ഇവിടെ ശിവഭഗവാനെ ആരാധിക്കാന്‍ ദിനവും നൂറുകണക്കിന് ഭക്തരാണെത്തുന്നത്. ഒരുപാട് അത്ഭുതങ്ങള്‍ ഈ ഗുഹക്കുള്ളില്‍ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്കായി കാത്തിരിക്കുന്നുണ്ട്. മനോഹരമായ ഭൂപ്രകൃതി ഭക്തരെ എന്ന പോലെ മറ്റ് സഞ്ചാരികളെയും ഇവിടേക്ക് ആകര്‍ഷിക്കുന്നു. മുകളില്‍ വലിയ പാറക്കല്ലുകളുള്ള ആഴത്തിലുള്ള മലയിടുക്കിലാണ് ജടാശങ്കര്‍ സ്ഥിതി ചെയ്യുന്നത്. ഗുഹാക്ഷേത്രത്തിലെ മറ്റൊരത്ഭുതം അതിലെ ശിവലിംഗങ്ങളാണ്. ഗുഹയില്‍ പാറക്കല്ലുകളില്‍ നിന്നും ഊറിവരുന്ന ഈ ചുണ്ണാമ്പ് കൽപ്പുറ്റ് ശിവലിംഗാകൃതിയായി മാറുന്നു. ഇവിടെയെത്തുന്ന ഭക്തര്‍ ഈ ചുണ്ണാമ്പ് കല്‍പ്പുറ്റിനെ ശിവലിംഗമായി ആരാധിക്കുന്നു.

 

 

ശിവഭഗവാന്റെ ആരാധനാലയമായി വര്‍ത്തിക്കുന്ന ഇവിടെ തീര്‍ത്ഥാടകരുടെ ജനപ്രിയ ലക്ഷ്യസ്ഥാനമാണ്. ജട എന്നാല്‍ മുടി എന്നര്‍ത്ഥം. ശങ്കരന്‍ എന്നത് മഹാദേവന്റെ മറ്റൊരു പേരും. ഇത് രണ്ടും യോജിച്ചാണ് ജടാശങ്കര്‍ എന്ന് ഈ പുരാതന ഗുഹാക്ഷേത്രത്തിന് പേര് വന്നത്. ശിവ ഭഗവാന്റെ മുടി അങ്ങിങ്ങായി ഈ ഗുഹയ്ക്കുള്ളില്‍ ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.

നീരുറവകളും കുളവുമാണ് ജടാശങ്കറിന്റെ മറ്റൊരു അത്ഭുതം. പ്രദേശത്ത് കാണപ്പെടുന്ന നീരുറവകള്‍ രണ്ട് കുളങ്ങളിലേക്കാണ് ഒഴുകുന്നത്. ജംബു ദ്വിപ് എന്നാണ് ഈ നീരുറവകള്‍ അറിയപ്പെടുന്നത്. എന്നാല്‍ ഇതിന്റെ സ്രോതസ്സ് ഏതാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. നിഗൂഡമാക്കപ്പെട്ട ഗംഗ എന്നാണ് ജനങ്ങള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.

 

താഴ്‌വാരങ്ങളിലൂടെയുള്ള യാത്രയും മലയിടുക്കുകളും നീരുറവകളും യാത്രയില്‍ പുതിയൊരനുഭവം തരുന്നു.

ഗുഹയ്ക്കുള്ളിലെത്തിയാല്‍ പിന്നെ ശിവഭഗവാനെ മനമുരുകി പ്രാര്‍ത്ഥിക്കാം. യാത്രയിലുടനീളം ഓം നമ: ശിവായ ഉരുവിടാം. ശിവലിംഗങ്ങളാകുന്ന ഓരോ ചുണ്ണാമ്പു കല്‍പ്പുറ്റുകളെയും ആരാധിക്കാം. പുരാതന ഗുഹാ ക്ഷേത്രത്തിന്റെ ഐതീഹ്യവും പ്രകൃതി ഭംഗിയും ആസ്വദിച്ച് ശിവഭഗവാനെ മനസ്സുരുകി പ്രാര്‍ത്ഥിച്ച് ആ ലക്ഷ്യസ്ഥാനത്തിലെത്താം.

 

 

Related Posts