ആണ്ടിലൊരിക്കല്‍ മാത്രം അനുഷ്ഠിക്കുന്ന വ്രതമാണ് ജന്മാഷ്ടമി വ്രതം. ഇത്തവണത്തെ അഷ്ടമിരോഹി ഓഗസ്റ്റ് 18 നാണ്. ശ്രീകൃഷ്ണ ജയന്തിയുടെ തലേന്ന് അതായതു സപ്തമിദിനത്തിലെ സൂര്യാസ്തമനം മുതല്‍ വ്രതം ആരംഭിക്കണം. മത്സ്യമാംസാദികള്‍, അരിയാഹാരം എന്നിവ കഴിക്കരുത്.
കുളിച്ച് ശുദ്ധിയായി രാവിലെയും വൈകിട്ടും ക്ഷേത്രദര്‍ശനം നടത്തണം. വിഷ്ണു സഹസ്രനാമം, വിഷ്ണു ഗായത്രി എന്നിവ ചൊല്ലാം. പാല്‍പ്പായസം, തൃക്കൈവെണ്ണ, ഉണ്ണിയപ്പം, ത്രിമധുരം, കദളിപ്പഴം എന്നിവയിലേതെങ്കിലും നേദ്യമായി ഭഗവാന് സമര്‍പ്പിക്കാം. ശ്രീകൃഷ്ണജനനസമയമായ അര്‍ദ്ധരാത്രി കഴിവോളം ഉറങ്ങാതിരിക്കുകയും വേണം.
ജന്മാഷ്ടമി ദിനത്തില്‍ ഭഗവാനു നെയ്വിളക്ക് സമര്‍പ്പിച്ചാല്‍ കുടുംബ ജീവിത ഭദ്രത കൈവരും എന്നാണ് വിശ്വാസം. ഭാഗ്യലബ്ധിക്കായി ഭാഗ്യസൂക്ത അര്‍ച്ചനയും സമ്പല്‍ സമൃദ്ധിക്കായി രാജഗോപാല മന്ത്രാര്‍ച്ചനയും നടത്താം.
ഐശ്വര്യലബ്ധിക്കായി വിഷ്ണു സഹസ്രനാമ അര്‍ച്ചന, സന്താനലബ്ധിക്കായി സന്താനഗോപാല മന്ത്രാര്‍ച്ചനയും ക്ഷേത്രത്തില്‍ വഴിപാടായി കഴിക്കാം. മഹാവിഷ്ണുപ്രീതിയും ഐശ്വര്യവുമാണു വ്രതാനുഷ്ഠാനഫലം.