സ്പെഷ്യല്‍
നിങ്ങളുടെ ജന്മാന്തര രഹസ്യം അറിയാം

ഒരു വ്യക്തിയുടെ ഭൂതവും ഭാവിയും വര്‍ത്തമാനവും പ്രവചിക്കുന്ന ശാസ്ത്രമായ ജ്യോതിഷത്തിന് വിവിധ ശാഖകളുണ്ട്. എന്നാല്‍, നാഡിജ്യോതിഷത്തില്‍ ഭൂതവും ഭാവിയും വര്‍ത്തമാനവും മാത്രമല്ല ജന്മാന്തരങ്ങളെക്കുറിച്ചും പറയുന്നു. ഒരാളുടെ തള്ളവിരലിലെ രേഖയുടെ അടയാളത്തെ ആസ്പ്പദമാക്കി, അയാളുടെ ജനന സമയം, പേര്, അച്ചന്റെ, അമ്മയുടെ, ഭാര്യയുടെ, ഭര്‍ത്താവിന്റെ പേരുകള്‍, ഭൂതം, വര്‍ത്തമാനം ഭാവി എന്നിവ പ്രവചിക്കുന്ന ശാസ്ത്രമാണു നാഡീ ജ്യോതിഷം. നാഡീജ്യോതിഷം പരിശോധിച്ചാല്‍ ഒരു ജ്യോതിഷിക്ക് ഒരാളുടെ ആത്മാവിന്റെ യാത്രകളും ദിശകളും മനസിലാക്കാന്‍ പറ്റുമെന്നാണു വിശ്വാസിക്കപ്പെടുന്നത്.

ഒരാളുടെ ജീവിതത്തിലെ പല കാര്യങ്ങള്‍ക്കും നാഡീജ്യോതിഷം വിശദീകരണം നല്‍കുന്നുണ്ട്. നിങ്ങളുടെ ജന്മേദ്ദേശ്യവും ജീവിതത്തിലെ സംഭവങ്ങളുടെ അര്‍ത്ഥവും മനസിലാക്കാന്‍ നാഡീജ്യോതിഷം സഹായിക്കും. ശിവനാഡി, അഗസ്ത്യനാഡി, ഭൃഗുനാഡി, സപ്തര്‍ഷിനാഡി, പരാശരനാഡി, വസിഷ്ഠനാഡി, ഭോഗര്‍നാഡി, കാകഭൂസുന്ധര്‍നാഡി, അത്രി ജീവ നാഡി എന്നിങ്ങനെ വിവിധതരത്തില്‍ നാഡീ ജ്യോതിഷമുണ്ട്.

നാഡികളെയാണ് ഈ ജ്യോതിഷമാര്‍ഗം അപഗ്രഥിക്കുന്നത്. പൗരൗണിക കാലങ്ങളില്‍ എഴുതിപ്പിടിപ്പിച്ച 108 തരം നാഡീരേഖകളില്‍ ഏതിലാണു വരുന്നതെന്നു നോക്കി ശാസ്ത്രീയമായ രീതിയിലാണു നാഡീജ്യോതിഷം സത്യം വിശദീകരിക്കുന്നത്. ഭൂമിയിലുള്ള നാഡീജ്യോതിഷഫലങ്ങള്‍ അറിയാന്‍ യോഗമുളള ഏതൊരാളിന്റേയും വിവരങ്ങള്‍ മഹര്‍ഷിമാര്‍ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കുമുന്‍പ് ധ്യാനത്തിലൂടെ പ്രപഞ്ചബോധത്തില്‍ നിന്നും മനസ്സിലാക്കി താളിയോലകളില്‍ എഴുതിവച്ചിരിയ്ക്കുന്നു. നശിച്ചുപോകാതെ ഇവ കാലാകാലങ്ങളില്‍ പകര്‍ത്തി എഴുതി വയ്ക്കാറുണ്ടത്രെ. അവസാനമായി 17981832 ല്‍ ജീവിച്ചിരുന്ന തഞ്ചാവൂര്‍ രാജവംശത്തിലെ മറാത്ത രാജാവ് ശരഭോജി രണ്ടാമന്റെ കാലത്താണത്രെ ഇങ്ങനെ പകര്‍ത്തി എഴുതിയതെന്നു വിശ്വസിയ്ക്കുന്നു. അതുകൊണ്ടുതന്നെ തഞ്ചാവൂരാണു നാഡീജ്യോതിഷത്തിന്റെ കേന്ദ്രം.

ജ്യോതിഷം ജനനസമയം ആസ്പമാക്കിയാണു സാധാരണ ഗണിയ്ക്കുന്നത്. ഒരേ സമയത്ത് അനേകായിരം പേര്‍ ജനിയ്ക്കുന്നുണ്ട്, കൂടാതെ ജനനസമയം രേഖപ്പെടുത്തുന്നതിലും പിഴവു സംഭവിയ്ക്കാം. കൂടാതെ ഓരോ ജോതിഷിയും ഗണിയ്ക്കുന്നതിലുള്ള കഴിവും, കഴിവുകുറവും പ്രവചനത്തെ ബാധിയ്ക്കാം. ഗണിയ്ക്കുന്നതിനെ അധികരിച്ച് പ്രവചനം നടത്തുന്നതില്‍ അതീന്ദ്രിയസിദ്ധിയുള്ള ഒരു ജോതിഷിയുടെ പ്രവചനമേ വളരെ കൃത്യമായി വരാന്‍ സാദ്ധ്യതകാണുന്നുള്ളു എന്നതാണു സാധാരണ ജ്യോതിഷത്തിന്റെ പോരായ്മ.

എന്നാല്‍ നാഡീ ജോതിഷം ഗര്‍ഭാധാരണത്താല്‍ ഒരാത്മാവു പുനര്‍ജനിയ്ക്കുന്ന സമയത്തെ ആസ്പ്പദമാക്കിയാണത്രെ നിര്‍മ്മിച്ചിട്ടുള്ളത്. മഹര്‍ഷിമാര്‍ ഓരോ വ്യക്തിയുടേയും ജീവിതത്തെ മുന്‍കൂട്ടി മനോദൃഷ്ടിയില്‍ കണ്ട് എഴുതിവച്ചിരിക്കുന്നതിനാല്‍ ഇതിന്റെ സൂക്ഷ്മതയും കൃത്യതയും കൂടുന്നുവത്രെ.

ഒരാളുടെ തള്ളവിരലിലെ രേഖയ്ക്ക് സദൃശ്യമായി മറ്റൊരാളുടെ തള്ളവിരലിലെ രേഖ ഉണ്ടാകുകയുമില്ല. അതുകൊണ്ടാണല്ലോ കുറ്റാന്വേഷണത്തില്‍ വിരലടയാളം ഒരു മുഖ്യതെളിവായി ഉപയോഗിയ്ക്കുന്നത്. എളുപ്പത്തില്‍ തിരഞ്ഞ് കണ്ടുപിടിക്കുന്നതിനു തള്ളവിരലിലെ രേഖയുടെ അടിസ്ഥാനത്തിലാണു താളിയോലകളില്‍ ഓരോ വ്യക്തിയുടേയും വിവരങ്ങള്‍ രേഖപ്പെടുത്തിവച്ചിട്ടുള്ളത്. നാഡീജ്യോതിഷപ്രകാരം ഫലം അറിയേണ്ട വ്യക്തിയുടെ തള്ളവിരലിന്റെ അടയാളം എടുത്ത് അതിലെ പ്രത്യേകരേഖയുടെ അടയാള പ്രകാരം എഴുതിവച്ചിട്ടുള്ള ഓല കണ്ടുപിടിച്ച് പ്രവചനം നടത്തുകയാണു ചെയ്യുന്നത്.

ഒരു പ്രത്യേക വിഭാഗത്തിന്റെ കുലത്തൊഴിലാണു നാഡിജ്യോതിഷപ്രവചനം. തഞ്ചാവൂരാണു ഇവരുടെ ആസ്ഥാനമെങ്കിലും. ഇപ്പോള്‍ രാജ്യത്തിന്റെ മിക്കഭാഗങ്ങളിലും നാഡീജ്യോതിഷകേന്ദ്രങ്ങള്‍ ഉണ്ട്. ഓല നോക്കാന്‍ പോകുമ്പോള്‍, നമ്മുടെ ഗ്രഹനില, ജനന സമയം, തിയതി, നാള്‍ എന്നിവ അറിയില്ലെന്നു പറയുന്നത് നല്ലതായിരിയ്ക്കും. കാരണം കൃത്യമായി നമ്മുടെതന്നെ ഓല തിരഞ്ഞെടുക്കുന്നതിനും നമ്മുടെ സംശയംകുറച്ച് വിശ്വാസ്യത വര്‍ദ്ധിപ്പിയ്ക്കുന്നതിനും ഇത് സഹായിക്കും.

ഒരുജ്യോതിഷിയുടെ കൈവശം എല്ലാവ്യക്തികളുടേയും ഓലകള്‍ ഉണ്ടായിരിക്കുകയില്ല. ആയിരക്കണക്കിനു താളിയോലക്കെട്ടുകള്‍ പല അംഗങ്ങളുടെയും കയ്യില്‍ സൂക്ഷിയ്ക്കുകയും അവ പ്രത്യേക കാലയളവില്‍ പരസ്പരം കൈമാറുകയും ചെയ്യുന്നുവെന്നാണു പറയപ്പെടുന്നത്. . ചിലപ്പോള്‍ മണിക്കൂറുകളും ദിവസങ്ങളോളും തിരഞ്ഞാലും ഓലകിട്ടണമെന്നില്ല. ഓല കിട്ടാത്ത വ്യക്തികളോട് അടുത്ത സെറ്റ് ഓലവരുന്നതുവരെ കാത്തിരിക്കാനാണ് പൊതുവേ നാഡീജ്യോതിഷികള്‍ നിര്‍ദേശിക്കുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും പൂര്‍ണമായും നാഡീജ്യോതിഷത്തെ തുറന്നു കാട്ടുവാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നാതാണു സത്യം. വിശദീകരിക്കുന്തോറും വിശദീകരണം നല്‍കാനാവത്ത നിരവധി സത്യങ്ങളും നാഡീജ്യോതിഷത്തിലുണ്ടെന്നു അനുഭവസ്ഥര്‍ പറയുന്നു.

Related Posts