സ്പെഷ്യല്‍
18 ദിവസത്തെ രാമായണയാത്രയുമായി റെയില്‍വേ

ശ്രീരാമദേവനെ അറിയാന്‍ ഭഗവാനുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലേക്ക് ഒരു യാത്ര പോകാം. നേപ്പാളിലെ രാം ജാനകി ക്ഷേത്രം, ശ്രീരാമ ജന്മഭൂമി ക്ഷേത്രം, അയോധ്യയിലെ ഹനുമാന്‍ ക്ഷേത്രം എന്നിവയടക്കം രാമായണവുമായി ബന്ധപ്പെട്ടുള്ള പ്രധാന സ്ഥലങ്ങളിലൂടെയാണ് യാത്ര. ഇന്ത്യന്‍ റെയില്‍വേ സ്വദേശ് ദര്‍ശന്‍ സ്‌കീമിന് കീഴിലാണ് യാത്ര സംഘടിപ്പിക്കുന്നത്. 18 ദിവസത്തെ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിന്‍ യാത്ര ജൂണ്‍ 21 മുതല്‍ തുടങ്ങും. ട്രെയിന്‍ സഫ്ദര്‍ജങ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ജൂണ്‍ 21-ന് പുറപ്പെടും. മൂന്നാം ക്ലാസ് എസി കോച്ചുകളില്‍ ആകെ 600 യാത്രക്കാര്‍ക്ക് യാത്ര ചെയ്യാം.

ആദ്യം നേപ്പാളിലെ ജനക്പൂരിലേക്കും തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ അയോധ്യയിലേക്കും അതിനുശേഷം ബീഹാറിലെ ബക്സറിലേക്കും പോകും. അവിടെ വിശ്വാമിത്ര മഹര്‍ഷിയുടെ ആശ്രമത്തിലും രാംരേഖ ഘട്ടിലും പോകാം. സീതയുടെ ജന്മസ്ഥലമായ സീതാമര്‍ഹിയാണ് അടുത്ത സ്ഥലം. അതിനുശേഷം, ലോകത്തിലെ ഏറ്റവും പഴയ നഗരമായ വരാണസിയും ‘സീതാ സമാഹിത സ്ഥല്‍’, പ്രയാഗ്, ശൃംഗര്‍പൂര്‍, ചിത്രകൂട് എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്താം.

വാരണാസിയില്‍ നിന്ന് നാസിക്കിലെ ത്രയംബകേശ്വര ക്ഷേത്രം, പഞ്ചവടി എന്നിവിടങ്ങളിലേക്കാണ് അടുത്ത യാത്ര. തുടര്‍ന്ന്, ഹംപിയിലെ പുരാതന നഗരമായ കൃഷ്‌കിന്ധയിലുള്ള ആഞ്ജനേയാദ്രി മലനിരകളിലെ ഹനുമാന്‍ ക്ഷേത്രം സന്ദര്‍ശിക്കും. പിന്നീട്, രാമസേതു സ്ഥിതിചെയ്യുന്ന രാമേശ്വരത്തെത്തും. രാമനാഥസ്വാമി ക്ഷേത്രവും ധനുഷ്‌കോടിയും സന്ദര്‍ശിച്ച ശേഷം, തെലങ്കാനയിലെ ഭദ്രാചലം തുടര്‍ന്ന് ശിവ കാഞ്ചി, വിഷ്ണു കാഞ്ചി, കാഞ്ചീപുരത്തെ കാമാക്ഷി ക്ഷേത്രങ്ങള്‍ തുടങ്ങിയ ഇടങ്ങളിലേക്കാണ് യാത്ര. തുടര്‍ന്ന് 18-ാം ദിവസം ട്രെയിന്‍ ഡല്‍ഹിയിലേക്ക് മടങ്ങിയെത്തും. 18 ദിവസത്തെ പാക്കേജിന് ഒരാള്‍ക്ക് 62,370 മുതലാണ് ചാര്‍ജ് ആരംഭിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.irctctourism.com/pacakage_description?packageCode=CBG01 എന്ന പേജ് സന്ദര്‍ശിക്കാം.

 

Related Posts