സ്പെഷ്യല്‍
പൂരം ഗണപതി ദിനം: നാളെ ഭഗവാനെ ഇങ്ങനെ പ്രാര്‍ഥിച്ചാല്‍

ഹിന്ദുധര്‍മ്മത്തിന്റെ ഭാഗമായി ശുഭാരംഭം കുറിക്കുക എന്നതു ഗണപതി സ്മരണയോടെയാണ്. എതൊരു കാര്യം തുടങ്ങുമ്പോഴും ഏതു പുണ്യകര്‍മ്മം ആരംഭിക്കുമ്പോഴും വിഘ്നേശ്വരനായ ഗണപതി ഭഗവാനെ ആദ്യം വന്ദിക്കുന്നു.
ദേവാധിദേവകളില്‍ പ്രഥമസ്ഥാനീയനാണു വിഘ്നേശ്വരനായ ഗണപതിയെ കരുതുന്നത്.. ഏതു പ്രവൃത്തി ആരംഭിക്കുന്നതിനു മുന്‍പും ഗണപതിയെ വന്ദിച്ചാല്‍ വിഘ്നമൊന്നും കൂടാതെ ആ പ്രവൃത്തി ഫലപ്രാപ്തിയിലെത്തും. അതിനാലാണ് ഭഗവാനു വിഘ്നേശ്വരന്‍ എന്ന പേര് സിദ്ധിച്ചത്.

ശിവഭഗവാന്റെയും പാര്‍വതീദേവിയുടെയും പ്രഥമ പുത്രനാണു ഗണനാഥനായ ഗണപതി. സിദ്ധിയുടെയും ബുദ്ധിയുടെയും ഇരിപ്പിടമായാണു ഗണപതിയെ കരുതുന്നത്. അതിനാല്‍ ഏതു കാര്യത്തിനു മുന്‍പും ഗണേശ സ്മൃതി ഉത്തമമാണ്.

ഗണപതിഭഗവാന് പ്രാധാനപ്പെട്ട ദിനമാണ് പൂരം ഗണപതി ദിനം. ഗണപതി ഭഗവാന് വിനായകചതുര്‍ഥി പോലെ പ്രധാനമായ ഒരു ദിനമാണിത്. മീനമാസത്തിലെ പൂരം നാളിലാണ് ഇത്. ഇത്തവണത്തെ പൂരം ഗണപതി ദിനം ഏപ്രില്‍ 6 തിങ്കളാഴ്ചയാണ്. ഈ ദിനം ഗണപതിയെ ബാലഭാവത്തിലാണ് ആരാധിക്കേണ്ടത്. അന്നു ഭവനത്തില്‍ വീട്ടമ്മമാര്‍ ചെംഗണപതിഹോമം നടത്തുന്നത് നന്ന്. അശുദ്ധി കാലങ്ങളിലൊഴികെ സ്ത്രീകള്‍ ചെയ്യുന്ന ഹോമം എന്ന പ്രത്യേകതയും ഇതിനുണ്ട്. രാവിലെ കുളിച്ച് ശുദ്ധിയോടെ അടുപ്പു കത്തിച്ച്, അതില്‍ തേങ്ങാപ്പൂളും ശര്‍ക്കരയും അല്‍പം നെയ്യും ഗണപതിയെ ധ്യാനിച്ച് ഹോമിക്കുന്നതാണു ചടങ്ങ്. ചകിരിത്തൊണ്ടില്‍ തീ കത്തിച്ചു ചെംഗണപതി ഹോമം ചെയ്യാവുന്നതാണ്. നേദിക്കുമ്പോള്‍ ഗണേശന്റെ മൂലമന്ത്രമായ ”ഓം ഗംഗണപതയേ നമഃ” ജപിക്കണം. ഇങ്ങനെ ചെയ്യുന്നതു കുടുംബത്തില്‍ സര്‍വവിഘ്‌നങ്ങളും നീങ്ങി ഐശ്വര്യം നിറയും എന്നാണു വിശ്വാസം.

ഈ ദിനത്തില്‍ ഗണേശദ്വാദശ മന്ത്രം ജപിക്കുന്നത് ഉത്തമമാണ്. ഈ മന്ത്രം ജപിച്ചാല്‍ ഇഷ്ടകാര്യലബ്ധി, വിഘ്‌നനിവാരണം, പാപമോചനം എന്നിവയാണു ഫലം. 108 തവണ ജപിക്കുന്നതു ശ്രേഷ്ഠമാണ്.

ഗണേശദ്വാദശ മന്ത്രം

ഓം വക്രതുണ്ഡായ നമ:

ഓം ഏകദന്തായ നമ:

ഓം കൃഷ്ണപിംഗാക്ഷായ നമ:

ഓം ഗജവക്ത്രായ നമ:

ഓം ലംബോദരായ നമ:

ഓം വികടായ നമ:

ഓം വിഘ്‌നരാജായ നമ:

ഓം ധ്രൂമ്രവര്‍ണായ നമ:

ഓം ഫാലചന്ദ്രായ നമ:

ഓം വിനായകായ നമ:

ഓം ഗണപതയേ നമ:

ഓം ഗജാനനായ നമ:

Related Posts