സ്പെഷ്യല്‍
സര്‍വ്വാഭീഷ്ടസിദ്ധിക്ക് വിനായക ചതുര്‍ത്ഥി ദിനത്തില്‍ ചെയ്യേണ്ടത്

വിഘ്‌ന വിനാശകനായ വിഘ്‌നേശ്വരന്റെ പിറന്നാളാണ് ചിങ്ങ മാസത്തിലെ (ഭാദ്ര പഥത്തിലെ) ശുകഌക്ഷ ചതുര്‍ത്ഥി. ഈ ദിവസം വിനായക ചതുര്‍ത്ഥിയായി ആഘോഷിക്കുന്നു. ഭാദ്രപാദമാസത്തിലെ പൗര്‍ണ്ണമിക്ക് ശേഷം വരുന്ന നാലാംദിവസമാണു വിനായകചതുര്‍ത്ഥി. ഏതൊരു കാര്യസാദ്ധ്യത്തിനും വിഘ്‌നശാന്തിക്കും വിനായക പ്രീതി വേണമെന്ന വിശ്വാസം നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്.

അന്നേ ദിവസം ഗണപതിക്ക് മുക്കുറ്റി, കറുക എന്നിവ കൊണ്ട് മാല അല്ലെങ്കില്‍ അര്‍ച്ചന, മോദകനേദ്യം, ഗണപതി ഹോമം എന്നിവ കൊണ്ടു മാല അല്ലെങ്കില്‍ അര്‍ച്ചന, മോദകനേദ്യം, ഗണപതി ഹോമം എന്നിവ നടത്തിയാല്‍ സര്‍വ്വാഭീഷ്ടസിദ്ധിയാണ് ഫലം. വിനായകചതുര്‍ത്ഥിദിവസം ചന്ദ്രനെക്കണ്ടാല്‍ അപവാദവും മാനഹാനിയും സംഭവിക്കുമെന്നൊരു വിശ്വാസമുണ്ട്.

ചിങ്ങമാസത്തിലെ ശുക്ലപക്ഷചതുര്‍ത്ഥിനാളില്‍ ഗണപതി വിഗ്രഹങ്ങള്‍ നിര്‍മ്മിച്ച് പൂജ ചെയ്യുക ഉത്തരേന്ത്യയില്‍ വളരെ പ്രചാരത്തിലിരിക്കുന്ന ഒന്നാണ്.  ചിലക്ഷേത്രങ്ങളില്‍ അന്നേദിവസം ആനയെ പൂജിക്കുകയും ആനയൂട്ട് നടത്തുകയും ചെയ്യുന്നു. ഉത്തരേന്ത്യയിലെല്ലാം ഈ ആഘോഷത്തിന്റെ ഭാഗമായി ഗണപതി വിഗ്രഹങ്ങള്‍ പ്രത്യേക അനുഷ്ഠാനങ്ങളോടെ പ്രതിഷ്ഠിക്കുകയും പൂജിക്കുകയും ചെയ്യുന്നു.

ഗണപതി പൂജക്കായി താമരയും കറുകപ്പുല്ലും വിശേഷവിധികളോടെ ഉപയോഗിക്കുന്ന ഈ ദിവസത്തില്‍ മോദകം പ്രത്യേക പൂജകളോടെ തയ്യാര്‍ ചെയ്തു ഗണപതിയ്ക്ക് മുന്‍പില്‍ സമര്‍പ്പിക്കുന്നു. മണ്ണുകൊണ്ട് നിര്‍മ്മിച്ച ഗണേശ വിഗ്രഹങ്ങളാണ് സാധാരണ പൂജയ്ക്കിരുത്തുക.

രാവിലെ പൂജയ്ക്കുശേഷം അതെ ദിവസം തന്നെ വൈകിട്ടോ അല്ലെങ്കില്‍ മൂന്നാം ദിവസം, അഞ്ചാം ദിവസം, ഏഴാം ദിവസം ഒന്‍പതാം ദിവസം എന്നിങ്ങനെ ഈ വിഗ്രഹങ്ങള്‍ ജലത്തില്‍ നിമജ്ജനം ചെയ്യപ്പെടുന്നു. പാട്ടും ഘോഷയാത്രകളുമൊക്കെയായി വലിയ ചടങ്ങുകളോടെയാണ് നിമജ്ജനം നടക്കപ്പെടുന്നത്. ഗണപതി വിഗ്രഹങ്ങള്‍ പുഴയിലോ, കടലിലോ ഒഴുക്കുന്നതോടെ ആഘോഷങ്ങള്‍ സമാപിക്കുന്നു.

Related Posts