സ്പെഷ്യല്‍
അറിവിനായി വിജയദശമി ദിനം ദേവിയെ പ്രാര്‍ഥിക്കാം

ലോകത്തുള്ള എല്ലാ ഹിന്ദുക്കളും പൊതുവായി ആചരിക്കുന്ന ഒരു ആഘോഷമാണു വിജയദശമി. അസുരരാജാവായിരുന്ന മഹിഷാസുരനെ ദുര്‍ഗ്ഗ വധിച്ച ദിവസമാണു വിജയദശമി. കേരളത്തില്‍, നവരാത്രി പൂജയുടെ അവസാനദിനമായ വിജയദശമി ദിവസമാണ് വിദ്യാരംഭം നടത്തുന്നത്. നവരാത്രങ്ങളിലെ പൂജകളെ നവരാത്രി പൂജയെന്നും സരസ്വതീ പൂജയെന്നും ദുര്‍ഗാപൂജയെന്നും ലക്ഷ്മീപൂജയെന്നും വിശേഷിപ്പിക്കാറുണ്ട്. ഈ വര്‍ഷത്തെ വിജയദശമി ദിവസം ഒക്ടോബര്‍ 24 നാണ്‌.

ശരത്കാലത്തിലെ ഈ ഒമ്പതു ദിവസങ്ങളിലും ഭാരതീയര്‍ വ്രതാനുഷ്ഠാനങ്ങള്‍കൊണ്ട് ശാരീരികവും മാനസികവുമായ പവിത്രത കൈവരിച്ച് സൃഷ്ടിയുടെ ആദിശക്തിയായ പരാശക്തിയെ ആരാധിക്കുന്ന ദിവസങ്ങളാണു നവരാത്രി പൂജ. ബ്രഹ്മാവിഷ്ണുമഹേശ്വര സ്വരൂപങ്ങളായ സൃഷ്ടിസ്ഥിതി സംഹാര പ്രവൃത്തികള്‍പോലും ആ ആദിപരാശക്തിയുടെ മായാലീലകളായിട്ടാണ് സനാതനധര്‍മം പറയുന്നത്.

ആദിപരാശക്തിയുടെ തന്നെ മൂന്നു രൂപങ്ങളായി ദുര്‍ഗാ, ലക്ഷ്മി, സരസ്വതി എന്ന രൂപത്തില്‍ പരാശക്തിയെ നാം ആരാധിക്കുന്നു. ആദ്യത്തെ മൂന്നു ദിവസങ്ങളില്‍ ശാരീരികവും മാനസികവുമായ തിന്മകളെ ആസുരിക ശക്തികളെ നിഗ്രഹിച്ച് മനസിനെ പവിത്രമാക്കി, ഐഹികവും പാരലൗകികവുമായ സകലഐശ്വര്യങ്ങളും പ്രദാനം ചെയ്യുന്ന ലക്ഷ്മീ ദേവിയെ ആരാധിച്ചതിനുശേഷം സകലവിദ്യാസ്വരൂപിണിയായ ബ്രഹ്മവിദ്യാ സ്വരൂപിണിയായ സകലകലകളുടെയും അധിഷ്ഠാന ദേവതയായ സരസ്വതീ ദേവിയെ ആരാധിച്ച് പൂജിച്ച് സ്തുതിച്ച് ആദിപരാശക്തിയുടെ ദുര്‍ഗാലക്ഷ്മീ സരസ്വതി എന്നീ മൂന്ന് സ്വരൂപങ്ങളുടെ വിജയയാത്രയായി വിജയദശമി എന്നു പത്താമത്തെ ദിവസത്തെ ആഘോഷിക്കുകയാണു ചെയ്യുന്നത്.

അക്ഷരപൂജയിലൂടെ അറിവിനെയും ആയുധ പൂജയിലൂടെ പ്രവൃത്തിയെയും കച്ഛപി കലകളെയും ഉപാസിക്കുകയാണ്. അറിവില്ലായ്മയുടെ പര്യായമായ മഹിഷാസുരനെ വധിച്ച് അറിവിന്റെ ദേവതയായ ആദിപരാശക്തി വിജയിച്ച ദിനമാണ് വിജയദശമി എന്നാണ് വിശ്വാസം. ആദിപരാശക്തിയായ ദേവിയെ ആദ്യത്തെ മൂന്നു നാളുകളില്‍ തമോഗുണയായ ദുര്‍ഗ്ഗാരൂപത്തിലും അടുത്ത മൂന്നു നാളുകളില്‍ രജോഗുണയായ മഹാലക്ഷ്മി രൂപത്തിലും അവസാന മൂന്നു നാളുകളില്‍ സത്വഗുണയായ സരസ്വതീ രൂപത്തിലുമാണു പൂജിക്കുന്നത്.

ദേവീ പൂജയാണ് നവരാത്രി പൂജയില്‍ പ്രധാനം. ദേവിയുടെ ഒമ്പതു ഭാവങ്ങളെ ദുര്‍ഗ, ഭദ്രകാളി, അംബ, അന്നപൂര്‍ണ, സര്‍വ്വമംഗള, ഭൈരവി, ചന്ദ്രിക, ലളിത, ഭവാനി എന്നീ ഭാവങ്ങളില്‍ ആരാധിക്കുന്നു. കേരളത്തില്‍ നവരാത്രി ഉത്സവം പൂജാ ഉത്സവമാണ്. നവരാത്രിയ്ക്കു ഒടുവിലത്തെ ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നിവയ്ക്കാണ് കൂടുതല്‍ പ്രാധാന്യം.

importance-of-vijayadashami
Related Posts