വാസ്തു
മെയ് 5 മുതല്‍ 30 ദിനം മഹാവിഷ്ണുവിനെ ഇങ്ങനെ പ്രാര്‍ഥിച്ചാല്‍

പൗര്‍ണ്ണമി ദിനത്തില്‍ വിശാഖം നക്ഷത്രം വരുന്ന മാസമാണു വൈശാഖം. ഈ മാസം വൈഷ്ണക്ഷേത്രങ്ങളില്‍ വളരെ പ്രാധാന്യത്തോടെ ആചരിച്ചുവരുന്നു. വിഷ്ണുഭഗവാന് ഏറെ പ്രിയപ്പെട്ട മാസം കൂടിയാണിത്. ഇത്തവണ മെയ് 5 മുതല്‍ ജൂണ്‍ 3 വരെയാണ് വൈശാഖമാസം ആചരിക്കുന്നത്.

മാസാനാം ധര്‍മ്മ ഹേതൂനാം വൈശാഖശ്ചോത്തമം’ എന്നും ‘ന മാധവ സമോ മാസോ ന കൃതേന സമം യുഗം’ എന്നും ‘മാധവഃ പരമോ മാസഃ ശേഷശായിപ്രിയഃ സദാ’ എന്നും വൈശാഖമാസ മാഹാത്മ്യത്തെക്കുറിച്ച് സ്‌കന്ദപുരാണത്തില്‍ പറയുന്നു. സര്‍വ്വമാസങ്ങളിലും ശ്രേഷ്ഠമായ മാസമാണ് വൈശാഖം. വൈശാഖ മാസത്തിലെ മുപ്പത് ദിവസങ്ങളും പുണ്യദിനങ്ങളാണ്. ഈ മാസത്തില്‍ സ്നാനം, ദാനം, തപം, ഹോമം, ദേവതാര്‍ച്ചന തുടങ്ങിയ സത്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കണമെന്നാണ്.

വൈശാഖത്തില്‍ പ്രഭാതസ്നാനത്തിനു വളരെയധികം പ്രാധാന്യമുണ്ട്. മഹാവിഷ്ണുവിന്റെ അനുഗ്രഹം ലഭിക്കാന്‍ വൈശാഖസ്നാനത്തിനു തുല്യമായ മറ്റ് പുണ്യകര്‍മ്മമില്ലെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്. വൈശാഖമാസത്തില്‍ ത്രിലോകങ്ങളിലുമുള്ള സര്‍വതീര്‍ഥങ്ങളുടേയും സാന്നിധ്യം എല്ലാ നദികളിലും, ജലാശയങ്ങളിലും സൂര്യോദയം കഴിഞ്ഞ് ആറു നാഴിക വരെ ഉണ്ടാകുമെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ പ്രഭാതസ്‌നാനം സര്‍വ്വതീര്‍ഥ സ്‌നാനത്തിന്റെ ഫലം നല്‍കും. ദാനത്തിനു വളരെയേറെ പ്രാധാന്യമുള്ള ഈമാസം ജലമാണ് പ്രധാനമായും ദാനം ചെയ്യേണ്ടത്.

വിഷ്ണു ക്ഷേത്രദര്‍ശനം, ഉപവാസം, സഹസ്രനാമ ജപം, ദാനം എന്നിവയാണ് ഈ മാസം അനുഷ്ഠിക്കേണ്ടവ. വൈശാഖമാസം മുഴുവന്‍ വിഷ്ണുഭഗവാനെ പൂജിച്ചാല്‍ ഒരുവര്‍ഷം മുഴുവന്‍ വിഷ്ണുപൂജ ചെയ്ത ഫലം ലഭിക്കുന്നുവെന്നാണ് വിശ്വാസം. പ്രാതഃസ്നാനവും ജപവും ചെയ്തു വിഷ്ണു നിവേദ്യം ഭക്ഷിച്ച് ഇന്ദ്രിയങ്ങളെ അടക്കിയും ഉപവാസാദികള്‍ അനുഷ്ഠിച്ചും വൈശാഖ വ്രതം ആചരിക്കാം.

വിഷ്ണുസ്മരണയോടെവേണം പ്രാതഃസ്നാനം. സ്നാനശേഷം യഥാവിധി തര്‍പ്പണം, ജപം, പൂജ, ദാനം എന്നിവ അനുഷ്ഠിക്കണം. രാവിലെയും ഉച്ചയ്ക്കും സന്ധ്യയ്ക്കുംമഹാവിഷ്ണുവിനേയും മഹാലക്ഷ്മിയേയും പൂജിക്കണം. ഇങ്ങനെ വിധിപ്രകാരം അനുഷ്ഠിക്കുന്ന വൈശാഖ വ്രതം സകല ഐശ്വര്യങ്ങളും പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം.

Related Posts