രാമായണം സ്‌പെഷ്യല്‍
രാമായണമാസം ഇങ്ങനെ ആചരിച്ചാല്‍

ദേവന്‍മാരുടെ രാത്രിയായ ദക്ഷിണായണകാലം ആരംഭിക്കുന്നത് കര്‍ക്കടകത്തിലാണ്. രാത്രി തുടങ്ങുന്നതിലെ ആദ്യഘട്ടമാണ് കര്‍ക്കടകം. അതു കൊണ്ട് ഇതിനെ ദേവസന്ധ്യയെന്നും വിശേഷിപ്പിക്കാം. രാമായണമാസം രണ്ടുനേരവും കുളിച്ച് ക്ഷേത്രദര്‍ശനം നടത്തുന്നത് ഉത്തമമാണ്.

ദഹനപ്രക്രിയ കുറവുള്ള മാസം ആയതുകൊണ്ടുതന്നെ മത്സ്യമാംസാദികളും, ദഹനപ്രക്രിയ നടക്കാത്ത ആഹാരങ്ങളും ഉപേക്ഷിക്കണം. രാവിലെയും വൈകിട്ടും 2 മുതല്‍ 7 വരെ തിരികളിട്ട് നെയ്യോ വെളിച്ചെണ്ണയോ ഉപയോഗിച്ച് ഭദ്രദീപം തെളിയിച്ച് വടക്കോട്ട് നിന്നോ കിഴക്കോട്ടു നിന്നോ വേണം ദീപം കത്തിക്കാന്‍. 11 പേരുള്ള അതായത് ശ്രീരാമന്‍, സീത, വസിഷ്ഠന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍, ഹനുമാന്‍, മഹാഗണപതി, ബ്രഹ്മാവ്, മഹേശ്വരന്‍, നാരദന്‍ എന്നിവരുള്‍പ്പെട്ട ശ്രീരാമപട്ടാഭിഷേക ചിത്രത്തിനു മുമ്പില്‍ വടക്കോട്ട് ഇരുന്നു വേണം രാമായണപാരായണം തുടങ്ങാന്‍.

വാത്മീകി മഹര്‍ഷി രാമായണമെഴുതിയ ശേഷം ലവകുശന്മാരെ കൊണ്ടാണ് (സീതാദേവിയുടെ മക്കള്‍) ആദ്യം പാടിച്ചത്. ഇത് ഒരു കര്‍ക്കടകമാസത്തിലായിരുന്നു. കര്‍ക്കടകമാസം പൊതുവെ നിഷ്‌ക്രിയതയും അസ്വസ്ഥതയും സൃഷ്ടിക്കുന്നതാണ്. ഇതില്‍ നിന്നുള്ള മോചനത്തിന് പൂര്‍വ്വസ്വരൂപികളായ ആചാര്യന്മാര്‍ നല്‍കിയ ഉപായമാണ് രാമായണപാരായണവും മറ്റനുഷ്ഠാനങ്ങളും.

രാമന്‍ ജനിച്ചത് കര്‍ക്കടക ലഗ്നത്തിലാണ്. വ്യാഴന്‍ ഉച്ചനാകുന്നത് കര്‍ക്കടകത്തിലാണ്. ദശരഥപുത്രന്മാരെല്ലാം വ്യാഴന്‍ ഉച്ചനായാണ് ജനിച്ചത്. ജ്യോതിശാസ്ത്രത്തിലെ നാലാമത്തെ രാശിയാണ് കര്‍ക്കടകം. ഞണ്ടാണ് അടയാളം. ജനനസമയത്തു തന്നെ മാതൃഹത്യ ചെയ്യുന്ന സ്വഭാവമാണ് ഞണ്ടിന്റേത്. ഏറ്റവും വലിയ മഹാപാപമായ മാതൃഹത്യയ്ക്കുവരെ കര്‍ക്കടകത്തില്‍ രാമായണം വായിച്ചാല്‍ പരിഹാരമാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

കാലപുരുഷന്റെ മനസ്സാണ് കര്‍ക്കടകം. പുരാണങ്ങള്‍ പലതുണ്ടെങ്കിലും ഒരു വ്യക്തി മരണശയ്യയില്‍ കിടക്കുമ്പോള്‍ രാമായണപാരായണം കേള്‍പ്പിക്കുന്നു. മരിച്ച വ്യക്തിയുടെ ബോഡി കിടക്കുമ്പോഴും രാമായണ പാരായണം നടത്തുന്നു. ദശരഥപുത്രന്മാരുടെ ചന്ദ്രന്‍ നില്‍ക്കുന്നത് കര്‍ക്കടക രാശിയിലാണ്.

Related Posts