സ്പെഷ്യല്‍
പൂജയ്ക്ക് വയ്‌ക്കേണ്ടത് എങ്ങനെ?

ഈ വര്‍ഷത്തെ പൂജവെയ്പ്പ് 2019 ഒക്ടോബര്‍ 5 ശനിയാഴ്ചയാണ്. വൈകിട്ട് അഷ്ടമിതിഥി വരുന്ന ദിവസമാണു പൂജവെക്കേണ്ടത്. നിത്യ കര്‍മ്മാനുഷ്ടാനങ്ങള്‍ക്കു ശേഷം സന്ധ്യാ സമയത്ത് പ്രത്യേക സ്ഥാനത്ത് പൂജ നടത്തിയാണു ഗ്രന്ഥങ്ങള്‍ പൂജയ്ക്കായി സമര്‍പ്പണ മനസത്തോടെ സമര്‍പ്പിക്കേണ്ടത്. സരസ്വതി, ദുര്‍ഗ്ഗാ ദേവിമാരുടെ ചിത്രത്തിനു മുന്‍പില്‍ പൂജ വയ്ക്കാം. മറ്റുദേവതകളുടെ ചിത്രവും ഉപയോഗിക്കാവുന്നതാണ്.

നവമിനാളില്‍ പണി ആയുധങ്ങള്‍ ദേവിക്ക് സമര്‍പ്പിച്ചു പ്രാര്‍ഥിക്കണം. ദശമി ദിവസം രാവിലെ വിദ്യാദേവതയായ സരസ്വതിയേയും വിഘ്നേശ്വരന്മാരായ ഗണപതിയേയും ദക്ഷിണാ മൂര്‍ത്തിയേയും നവഗ്രഹങ്ങളേയും, ശ്രീകൃഷ്ണനേയും കൂടി ഗ്രന്ഥപൂജയ്ക്കു മുന്നില്‍ സ്മരിച്ചു പ്രാര്‍ഥിക്കണം. കാരണം, ബുദ്ധിയുടെ അധിപനായ ബുധനും ഗുരു കൃഷ്ണനുമാണെന്നാണു സങ്കല്‍പ്പം. വീട്ടില്‍ തന്നെയാണ് പൂജ വയ്ക്കുന്നതെങ്കില്‍ ഒരു നിലവിളക്ക് കെടാവിളക്കായി പൂജയെടുക്കുന്നതുവരെ സൂക്ഷിക്കണം. ആയുധങ്ങളില്‍ കുങ്കുമം തൊടുവിക്കണം. പുസ്തകങ്ങളില്‍ പുഷ്പങ്ങളും അര്‍പ്പിക്കണം. പൂജ വച്ചുകഴിഞ്ഞാല്‍ ദേവിമന്ത്രം ജപിച്ച് വ്രതം എടുക്കുകയും വേണം. പൂജ എടുത്തു കഴിഞ്ഞു വ്രതം മുറിച്ചുവേണം ഭക്ഷണം കഴിക്കേണ്ടത്.

വിദ്യാര്‍ഥികള്‍ പുസ്തകവും പേനയും പൂജ വയ്ക്കണം. തൊഴിലാളികള്‍ പണിയായുധങ്ങള്‍ പൂജ വയ്ക്കണം. പൂജ വയ്ക്കുന്നതിനു മുന്‍പ് ആയുധങ്ങള്‍ നന്നായി വൃത്തിയാക്കണം. വാഹനങ്ങള്‍ ഉള്ളവരും വാഹനം ഓടിച്ചു ഉപജീവനം നടത്തുന്നവരും വാഹനം പൂജ വയ്ക്കണം. കലാകാരന്മാര്‍ അതുമായി ബന്ധപ്പെട്ടവ പൂജ വയ്ക്കണം. പൂജവെക്കുന്നവര്‍ രാവിലെയും വൈകിട്ടും ക്ഷേത്രദര്‍ശനവും പ്രാര്‍ത്ഥനകളും നടത്തേണ്ടതാകുന്നു. ദേവിയുടെ മന്ത്രങ്ങള്‍ അറിയാത്തവര്‍ക്ക് ഗായത്രീമന്ത്രം ജപിക്കാവുന്നതാണ്. 108 വീതം രാവിലെയും വൈകിട്ടും മന്ത്രജപം നടത്താവുന്നതാണ്. ക്ഷേത്രദര്‍ശനസമയത്തും ജപിക്കാവുന്നതാണ്.

Related Posts