സ്പെഷ്യല്‍
ഇത്തവണ ഇങ്ങനെ നവരാത്രി വ്രതമെടുത്താല്‍

2023 ലെ നവരാത്രി വ്രതം ഒക്ടോബര്‍ 15 ഞായറാഴ്ച മുതല്‍

ദേവീഭക്തര്‍ക്ക് ആത്മ സമര്‍പ്പണമാണ് നവരാത്രിക്കാലം. നവരാത്രിയെ മഹാവ്രതമെന്നാണു പറയുന്നത്. നവരാത്രി വ്രതത്തിലൂടെ നീങ്ങാത്ത ദുരിതങ്ങളോ ദുഃഖങ്ങളോ ഇല്ല.  ‘നവരാത്രി വ്രതം പ്രോക്തം വ്രതാനാമുത്തമം വ്രതം’ എന്നാണു പ്രമാണം. മനസ്സിന്റെ അഗാധതയില്‍ കട്ടപിടിച്ചു കിടക്കുന്ന ഇരുട്ടിനെ ജ്ഞാനാംബികയുടെ അനുഗ്രഹ പ്രകാശത്താല്‍ തുടച്ചു നീക്കുവാന്‍ ഭക്തരെ നവരാത്രി പ്രാപ്തരാക്കും.

ഈ കാലത്ത് സമസ്ത പ്രപഞ്ചവും ദേവീ ചൈതന്യത്താല്‍ നിറയുമെന്നു വിശ്വാസം. നവരാത്രിയില്‍ ദേവിയെ പൂജിക്കാത്തവരെപ്പോലെ നിന്ദ്യരും ഭാഗ്യഹീനരുമായ മനുഷ്യര്‍ ഭൂലോകത്തിലല്ല എന്നു പുരാണങ്ങളില്‍ പറയുന്നു.  നവരാത്രി വ്രതം അനുഷ്ഠിക്കേണ്ട വിധം ദേവീ ഭാഗവത പുരാണത്തില്‍ വ്യാസ മഹര്‍ഷി ജനമേജയ മഹാരാജാവിനു പറഞ്ഞു കൊടുക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ വ്രതാനുഷ്ഠാന വിധി നിശ്ചയിച്ചിരിക്കുന്നത്.

നവരാത്രി വ്രതം അനുഷ്ടിച്ചാല്‍ സര്‍വ്വ വിഘ്‌നങ്ങളും മാറി ഐശ്വര്യം വരുമെന്നാണു വിശ്വാസം. വ്രതം എടുക്കുന്നതിനു മുമ്പായി ലോക ഗുരുവായ ദക്ഷിണാമൂര്‍ത്തിയെയും മാതാപിതാക്കളെയും ഗുരുക്കന്മാരെയും മനസില്‍ ധ്യാനിച്ച് ശിവക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തണം. സീതയെ വീണ്ടെടുക്കാനായി ശ്രീരാമചന്ദ്രനാണ് ആദ്യം നവരാത്രി വ്രതം നോറ്റത് എന്നാണ് ഐതിഹ്യം. ഒമ്പത് ദിനം ദേവീ പൂജ നടത്തി വ്രതം നോറ്റ ശ്രീരാമന്‍ സീതാ ദേവിയെ വീണ്ടെടുത്തു. സര്‍വകാര്യ സിദ്ധിക്കും ഒപ്പം വിദ്യാ വിജയത്തിനുമാണ് നവരാത്രി വ്രതം അനുഷ്ഠിക്കുന്നത്. അമാവാസി മുതലാണ് വ്രതം തുടങ്ങേണ്ടത്.

അന്നേദിവസം പിതൃപ്രീതി വരുത്തുകയും വേണം. മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ലെങ്കില്‍ തീര്‍ച്ചയായും പിതൃപൂജ നടത്തണം. ജീവിച്ചിരിപ്പുണ്ടെങ്കില്‍ നേരിട്ട് അവരെ വന്ദിച്ച് അനുഗ്രഹാശിസ്സുകള്‍ നേടണം. ഭക്ഷണത്തില്‍ എരിവ്, പുളി, ഉപ്പ് എന്നിവ പരമാവധി കുറയ്ക്കുകയും മത്സ്യം, മാംസം, മുട്ട എന്നിവ ഉപേക്ഷിക്കുകയും വേണം. ഒന്‍പത് ദിവസവും ഉപവാസമനുഷ്ഠിക്കണമെന്നാണ് വിധി. പരിപൂര്‍ണ്ണ വ്രതാനുഷ്ഠാനമായോ രാത്രി ഒരിക്കലായോ ഉപവസിക്കാം. പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നതു നല്ലതാണ്. മനസ്സ് ഭക്തിസാന്ദ്രമാക്കി സൂക്ഷിക്കുകയും മൈഥുനം പാടെ ഒഴിവാക്കുകയും വേണം. രണ്ട് നേരം കുളിച്ച് ക്ഷേത്ര ദര്‍ശനം നടത്തുന്നത് ഉത്തമമാണ്. ഈ ദിവസങ്ങളില്‍ ദേവീ മാഹാത്മ്യം വായിക്കുന്നതും ദേവീ സഹസ്ര നാമം ഉരുവിടുന്നതും ദേവീ മന്ത്രങ്ങള്‍ ജപിക്കുന്നതും ഉചിതമാണ്.

എല്ലാ ദിവസവും വ്രതം നോക്കാന്‍ കഴിയാത്തവര്‍ സപ്തമി, അഷ്ടമി, നവമി എന്നീ ദിവസങ്ങളില്‍ വ്രതം നോക്കണം. മഹാകാളി, മഹാ ലക്ഷ്മി. സരസ്വതി എന്നീ ദേവീ ഭാവങ്ങളെയാണ് ഈ ദിനങ്ങളില്‍ പൂജിക്കേണ്ടത്. എന്നിരിക്കിലും, ഒമ്പത് ദിവസത്തെ വ്രതമാണ് അത്യുത്തമമായി കണക്കാക്കുന്നത്. വിദ്യാര്‍ത്ഥികളല്ലാത്തവര്‍ക്ക് മോക്ഷ പ്രാപ്തിക്കും ശത്രുനാശത്തിനും ദാരിദ്ര്യ ദുഃഖങ്ങള്‍ ഇല്ലാതാവാനും സര്‍വവിധ ഐശ്വര്യങ്ങള്‍ക്കും നവരാത്രി വ്രതം കാരണമാവും. നവരാത്രി വ്രതകാലത്ത് സന്ധ്യയ്ക്കു സൗന്ദര്യ ലഹരിയിലെ ഓരോ ശ്ലോകങ്ങളും പാരായണം ചെയ്താല്‍ കുടുംബത്തില്‍ ഐശ്വര്യം വര്‍ധിക്കുമെന്നാണു വിശ്വാസം.

നവരാത്രി വ്രതമെടുക്കുന്നവര്‍ വിദ്യാലാഭമാണ് ലക്ഷ്യമെങ്കില്‍ സരസ്വതീ സങ്കല്‍പ്പത്തില്‍ ദേവീഭജനം നടത്തണം. വിദ്യാര്‍ഥികള്‍

സരസ്വതി നമസ്തുഭ്യം
വരദേ കാമ രൂപിണേ
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ ഭവതു മേ സദാ

എന്ന മന്ത്രം വ്രതദിനങ്ങളില്‍ ഉരുവിടുന്നത് അതി ശ്രേഷ്ഠമായി കണക്കാക്കുന്നു.

നവരാത്രി ദിവസങ്ങളില്‍ ബാഹ്യവും ആഭ്യന്തരവുമായ പരിശുദ്ധി പാലിച്ചുകൊണ്ട് ദേവീസ്തുതികള്‍ കീര്‍ത്തനം ചെയ്യുക, ദേവീപൂജ നടത്തുക ആദിയായവ അനുഷ്ഠിക്കുന്നത് ഭൗതികവും ആത്മീയവുമായ ശ്രേയസ്സിന് ഉത്തമമാണ്. ചന്ദ്രദശ, ചൊവ്വാദശ, ശുക്രദശ എന്നിവയുള്ളവര്‍ നവരാത്രി വ്രതം അനുഷ്ഠിക്കുന്നത് ഉത്തമം. കാര്യവിജയമാണ് നവരാത്രി വ്രതത്തിന്റെ പ്രധാനഫലം. വളരെകാലമായി മുടങ്ങിക്കിടക്കുന്ന കാര്യങ്ങള്‍ പോലും നേരെയാകുന്നതിന് നവരാത്രി വ്രതം ഉത്തമമാണ്. ഭാഗ്യം തെളിയുന്നതിനും, ശത്രുദോഷം, ദൃഷ്ടിദോഷം എന്നിവ അകലുന്നതിനും ഇതു ഗുണകരമാണ്. ഇതിലെല്ലാം ഉപരി ജന്മജന്മാന്തരമായുള്ള പാപങ്ങള്‍ മാറുന്നതിനും നവരാത്രി വ്രതം ഉത്തമമാണ്.

importance of navarathri vratham
Related Posts