സ്പെഷ്യല്‍
അശുഭമുഹൂര്‍ത്തത്തില്‍ ചുറ്റിത്തിരിഞ്ഞുനടന്നാല്‍ സംഭവിക്കുന്നത്; മുഹൂര്‍ത്തങ്ങളെക്കുറിച്ച് അറിയാം

മനുഷ്യര്‍ക്കു സ്വകര്‍മ്മങ്ങളുടെ പരിണാമത്തെ കാണാനുള്ള ക്രാന്തദര്‍ശിത്വം ഇല്ല. കര്‍മഫലങ്ങള്‍ തന്റെ സമക്ഷത്തില്‍ എത്തുമ്പോഴാകട്ടെ, അവയെ നിയന്ത്രിക്കാന്‍ സാധ്യവുമല്ല. പ്രത്യക്ഷ പരിഹാരമില്ലാത്ത കര്‍മഭോഗത്തിന്, കാലഗതിയുടെ ഔന്നത്യംകൊണ്ടുള്ള ഗുണാധിക്യത്താല്‍ മുഹൂര്‍ത്തംകൊണ്ട് പുഷ്ടിപ്പെടുത്താന്‍ ഒരു പരിധിവരെ ആകും.

മുഹൂര്‍ത്തം എന്നത് ശുഭക്രിയായോഗ്യമായ കാലഗണനയാകുന്നു. ഈ നാമം ജ്യോതിഷഗണിതത്തില്‍ 2 നാഴികയെ സൂചിപ്പിക്കുന്നു. 1 നാഴിക – 24 മിനിട്ട് ആണ്, അപ്രകാരം 48 മിനിട്‌സ്, ഒരു മുഹൂര്‍ത്തം. 24 മണിക്കൂര്‍ എന്ന അഹോരാത്രം 30 മുഹൂര്‍ത്തങ്ങള്‍. അതില്‍ 15 പകല്‍ മുഹൂര്‍ത്തവും, 15 രാത്രി മുഹൂര്‍ത്തവും. രാത്രി മുഹൂര്‍ത്തങ്ങള്‍ കേരളത്തില്‍ നന്നേ കുറവാണ്. ഒരു യാമം എന്നത് 3 മണിക്കൂറാണ്. അതായത് ഏഴരനാഴിക.

വിതയ്ക്കുന്നതിനും, കൊയ്യുന്നതിനും, അനുകൂല മുഹൂര്‍ത്തങ്ങള്‍ ഉണ്ട്. പ്രകൃതിയും, കാലവര്‍ഷവും ആസ്പദമാക്കി പഞ്ചാംഗ ശുദ്ധിയോടുകൂടി പ്രസ്തുത മുഹൂര്‍ത്തം ഗണിക്കപ്പെടും. വിവാഹത്തിനും, വിദ്യാരംഭത്തിനും, യാത്രയ്ക്കും, കച്ചവടത്തിനും, പുരവാസ്തുബലിക്കും, നിഷേകത്തിനും ഒക്കെ കര്‍മയോഗ്യമായ എല്ലാ കാര്യങ്ങള്‍ക്കും അതിനനുസരിച്ച മുഹൂര്‍ത്തങ്ങള്‍ സ്വീകരിക്കാറുണ്ട്. ഒരു ദിവസത്തിന്റെ പകല്‍ സമയത്ത് ഒരു ഉത്തമമായ മുഹൂര്‍ത്തം ഉണ്ട് – ‘അഭിജിത്’ എന്നു വിളിക്കുന്നു.

അഭിജിത് മുഹൂര്‍ത്തം

പകല്‍ 8-ാമത്തെ മുഹൂര്‍ത്തം ആണ്. ഏതു രാജ്യത്തായാലും, സൂര്യോദയത്തില്‍ നിന്ന് 7 മുഹൂര്‍ത്തം കഴിഞ്ഞ്, അതായത്, 5 മണിക്കൂര്‍ 36 മിനിട്ട് കഴിഞ്ഞ് വരുന്ന 48 മിനിട്‌സ് ഉദാഹരമായി 6.00 എഎം സൂര്യോദയം ആയാല്‍ 11.36 എഎം ടു 12.24 പിഎം വരെയുള്ള എട്ടാമത്തെ പകല്‍ സമയം – അഭിജിത് മുഹൂര്‍ത്തം എന്നറിയപ്പെടുന്നു. പഞ്ചാംഗം – നക്ഷത്രം, വാരം, തിഥി, കരണം, നിത്യയോഗം എന്നീ 5 – അംഗങ്ങളിലുള്ള ദോഷങ്ങള്‍ എന്തൊക്കെയുണ്ടെങ്കിലും ആ ദോഷങ്ങള്‍ ഈ അഭിജിത് മുഹൂര്‍ത്തത്തിന് ബാധിക്കുന്നില്ല.

ബ്രാഹ്മമുഹൂര്‍ത്തം

രാത്രി മുഹൂര്‍ത്തത്തിന്റെ ഒടുവിലുള്ള മുഹൂര്‍ത്തം അതായത് 15-ാമത്തെ മുഹൂര്‍ത്തം. പിറ്റേദിവസത്തെ സൂര്യോദയത്തിനു മുമ്പുള്ള 2 നാഴിക (48 മിനിറ്റ്). ഉദയം 6.00 എഎം എങ്കില്‍, തലേന്ന് രാത്രി 5.12 എഎം ടു 6.00 വരെയുള്ള സമയം. പ്രാര്‍ഥനയ്ക്ക്, വിദ്യയ്ക്കും അത്യുത്തമമാണ്. ബ്രാഹ്മയാമം എന്ന ഏഴര നാഴികയുടെ (ഇതിനെ ഏഴര വെളുപ്പ് എന്ന് നാട്ടുമൊഴിയുണ്ട്) ഒടുവിലുള്ള 2 നാഴികയാണ്. ഏതു നല്ല കാര്യത്തിനും അത്യുത്തമമാണ്. ഇത് സരസ്വതിയാമത്തില്‍ ഭവിക്കുന്നതുകൊണ്ടു ശ്രേഷ്ഠവിദ്യകള്‍ അഭ്യസിച്ചുവരുന്നു പുരാതന കാലം മുതല്‍ക്കെ.

ഗോധൂളിലഗ്ന മുഹൂര്‍ത്തം (ഗോ ധൂളീ ലഗ്നേ ബഹുകാര്യസിദ്ധി)

‘ഉഷാം ഗോ ധൂളിലഗ്നം വാ
സ്വീകൃത്യ ഗമനം ചരേത്’

സൂര്യോദയത്തില്‍ ‘ഗോ’ = പശു, പുല്ലു മേയാന്‍, തൊഴുത്തില്‍ നിന്ന് പൊടിപറപ്പിച്ച് ഇറങ്ങുന്ന സമയം. വളരെ ശുഭമായ ഒരു മുഹൂര്‍ത്തമാണ്. സൂര്യോദയത്തില്‍നിന്നാണ് രാവിലെ തുടങ്ങുന്നത്. വൈകുന്നേരം ഈ പശുക്കള്‍ പുല്ലു മേഞ്ഞ് തിരിച്ചു പൊടിപറത്തിവരുന്ന സമയം അസ്തമയത്തിനു മുമ്പ്. ഈ സമയങ്ങള്‍ 2 ഉം ഉത്തമവും ശ്രേഷ്ഠവുമാണ്.

യമമുഹൂര്‍ത്തം (അന്തക മുഹൂര്‍ത്തം)

രാത്രിയിലെ 6-ാമത്തെ മുഹൂര്‍ത്തം. സൂര്യ അസ്തമയം കഴിഞ്ഞ് (ഉദാ: അസ്തമയം 6.00 പിഎം എങ്കില്‍) രാത്രി 10 പിഎം മുതല്‍ 10.48 പിഎം വരെയുള്ള ഒരു അശുഭമുഹൂര്‍ത്തം. ഈ സമയം ഉറങ്ങാതെ ചുറ്റിതിരിഞ്ഞുനടന്നാല്‍, ആയുര്‍പരമായ ദോഷങ്ങള്‍ ഉള്‍പ്പെടെ ധാരാളം ദോഷങ്ങള്‍ കല്‍പ്പിച്ചിട്ടുണ്ട്. ഈ അശുഭമുഹൂര്‍ത്തം ഭൂത, പ്രേതയാമങ്ങളെ ഘടിപ്പിക്കുന്നതിനാല്‍, എല്ലാ അശുഭകര്‍മ്മങ്ങളും (പിടിച്ചുപറി, കൊലപാതകം, മോഷണം തുടങ്ങിയ…) ആരംഭിക്കാനുള്ള വിപരീത ചിന്താഗതിക്ക് പ്രോത്സാഹനം നടക്കുന്നതുകൊണ്ട് സല്‍കര്‍മ്മങ്ങള്‍ ഒന്നും നടക്കില്ല. ഒരുവേള മരണത്തിന് (അകാലമരണം, അപകടമരണം) വരെ കാരണമായേക്കാവുന്നത്ര ദോഷം കല്‍പിച്ചു പോരുന്നു. യമമുഹൂര്‍ത്തം തുടങ്ങി കഴിഞ്ഞാല്‍ വരുന്ന 2 യാമങ്ങള്‍ (6 മണിക്കൂര്‍) പ്രേതഭൂത യാമങ്ങള്‍ ആയി അറിയപ്പെടുന്നു.

വിവാഹമുഹൂര്‍ത്തം

സ്ത്രീപുരുഷ സംയോഗത്തിന്റെ മംഗളമുഹൂര്‍ത്തം, ദാമ്പത്യജീവിതം തുടങ്ങുന്നതിന്റെ ശ്രേഷ്ഠ വിധിയാണ്. പെണ്ണുകാണല്‍ തുടങ്ങി, നിശ്ചയം, വിവാഹം, കുടിവെയ്പ്പ്, നിഷേകമുഹൂര്‍ത്തം (ശാന്തി മുഹൂര്‍ത്തം) വരെയുള്ള ബൃഹത്തായ ശുഭകര്‍മ്മങ്ങളുടെ സമ്മിശ്ര സുകൃതങ്ങളുടെയും ഒരു വലിയ പങ്ക് ജീവിതത്തില്‍ വഹിക്കുന്നു.
”പ്രയത് നേന പൂര്‍വ്വമേവ കരഗ്രഹാല്‍.”

വിദ്യാരംഭ മുഹൂര്‍ത്തം

പൗരാണിക കാലം മുതല്‍ക്കേ വിദ്യാരംഭം ഒരു നല്ല നക്ഷത്രത്തില്‍, വാരത്തില്‍, തിഥിയില്‍, ദോഷം ലഘൂകരിച്ചും ഗുണം അധീകരിച്ചും ഉള്ള ഉത്തമസമയത്ത് വിദ്യാരംഭം നടത്തും. വിദ്യ, മനുഷ്യജന്മത്തിലെ ഉല്‍കൃഷ്ടസമാരംഭം സാക്ഷാത്കരിക്കുന്നു. വിദ്യയുടെ ദേവതയായ സരസ്വതി ദേവിയുടെ പ്രീതിയോട് ഉത്തമന്‍മാരില്‍നിന്ന് ആരംഭിക്കുന്ന പഠനം, അനുഗ്രഹം പേറി ആ ജന്മ മുഴുവന്‍ നയിക്കാന്‍ പ്രാപ്തരാകും. മുഹൂര്‍ത്തങ്ങള്‍ ഓരോരോ പാഠ്യവിഷയങ്ങള്‍ അനുസരിച്ച് ഉദാ:

(എ) എഴുത്തിനിരുത്ത്
(ബി) ജ്യോതിഷ പഠനം
(സി) ഗണിതപഠനം
(ഡി) വ്യാകരണം പഠനം
(ഇ) ധര്‍മ്മശാസ്ത്രം പഠനം
(എഫ്) വൈദ്യം പഠനം

ഇത്യാദികള്‍ക്ക്, മുഹൂര്‍ത്തങ്ങള്‍ പ്രത്യേകം, എടുത്തു ചിന്തിക്കേണ്ടതുണ്ട്. ശുഭാശുഭ മുഹൂര്‍ത്തങ്ങളില്‍ ചെയ്ത സുഖദുഃഖകരങ്ങളായ കര്‍മത്തിന്റെ ഫലം ജന്മാന്തരത്തിലോ, തന്റെ വംശത്തിലുള്ളവരിലോ പ്രകടമാകുന്നു.

‘സുഖദുഃഖകരം കര്‍മ്മ ശുഭാശുഭ മുഹൂര്‍ത്തജം
ജന്മാന്തരേപി തത് കുര്യാത് ഫലം തസ്യാന്വയേപി വാ’
ശുഭമസ്തുതേ!

ലേഖകന്‍:

ഡോ. കെ.ടി.സുരേഷ്‌കുമാര്‍
(പ്രമുഖ ജ്യോതിഷപണ്ഡിതനും ജ്യോതിഷത്തില്‍ ഡോക്ടറേറ്റുമുള്ള ഇദ്ദേഹം 1998 മുതല്‍ ജ്യോതിഷരംഗത്തു സജീവമാണ്.

Related Posts