സ്പെഷ്യല്‍
ആയില്യം 26ന്‌ ; മണ്ണാറശാലയിലെ നാഗദൈവങ്ങളെ ഇങ്ങനെ പ്രാര്‍ഥിച്ചാല്‍

ഭാരതത്തിലെ പ്രധാനപ്പെട്ട നാഗരാജ ക്ഷേത്രമാണു മണ്ണാറശാല. കിഴക്കോട്ടു ദര്‍ശനവും ശൈവ വൈഷ്ണവ സങ്കല്പവും ഇവിടുത്തെ പ്രത്യേകതയാണ്. 2024 ലെ മണ്ണാറശാല ആയില്യം ഒക്ടോബര്‍ 26നാണ്.

മണ്ണാറശ്ശാല ക്ഷേത്രത്തില്‍ തൊഴുത് പ്രാര്‍ത്ഥിച്ചാല്‍ സന്താനസൗഭാഗ്യം ലഭിക്കും എന്നാണ് വിശ്വാസം. വിശ്വാസികള്‍ ഇവിടെ വന്ന് ഉരുളി കമഴ്ത്തുകയാണ് പതിവ്. സന്താനലബ്ധിക്കുശേഷം കമഴ്ത്തിയ ഉരുളി നിവര്‍ത്തുക എന്ന ചടങ്ങുമുണ്ട്. അനുഭവങ്ങള്‍ ലഭിച്ചവര്‍ അനവധിയാണ്. ഉരുളിനിവര്‍ത്തല്‍ ചടങ്ങിനെത്തുന്നവരുടെ ആധിക്യം തന്നെ ഇതിനു സാക്ഷ്യം.

വാസുകിയും നാഗയക്ഷിയും

മണ്ണാറശാല ഇല്ലക്കാരുടേതാണ് ഈ ക്ഷേത്രം. ശൈവ നാഗങ്ങളായ വാസുകിയും നാഗയക്ഷിയുമാണ് ഇല്ലത്തെ നിലവറയില്‍. വിഷ്ണുസ്വരൂപമായ അനന്തന്‍ ചിരഞ്ജീവിയായി കുടികൊളളുന്നു. ശാസ്താവ്, ഭദ്രകാളി, ശിവന്‍, ഗണപതി, ദുര്‍ഗ എന്നിവര്‍ ഉപദേവതമാരായും കുടികൊളളുന്നു. ഇല്ലത്തിലെ പൂര്‍വിക തലമുറയിലെ അമ്മയുടെ മകനായി പിറന്ന അഞ്ചു മുഖമുളള നാഗശിശുവാണു വിഷ്ണു സ്വരൂപമായ അനന്തന്‍.
പടിഞ്ഞാറായി ഒരു കൂവളത്തറയും കാവുകള്‍ക്കുള്ളില്‍ നിരവധി കുളങ്ങളുമുണ്ട്. വടക്കു കിഴക്കെ കുളത്തില്‍ പൂജാ കര്‍മങ്ങള്‍ ചെയ്യുന്നവര്‍ കുളിച്ചിട്ടു മാത്രമേ കയറാവൂ. പടിഞ്ഞാറെ നടയില്‍ ഉളള കുളമാണു ഭക്തര്‍ക്കായി ഉളളത്.

ആയില്യങ്ങള്‍, ഐതിഹ്യങ്ങള്‍

നാഗരാജാവിന്റെ അവതാരദിനമായി പ്രസിദ്ധമായി ആചരിക്കുന്നതു കന്നിമാസത്തിലെ ആയില്യമാണ്. എങ്കിലും തുലാമാസത്തിലെ ആയില്യമാണ് മണ്ണാറശാല ആയില്യമെന്ന പേരില്‍ പ്രസിദ്ധമായത്.
അതിന് ഒരു ചരിത്രമുണ്ട്. തിരുവിതാംകൂര്‍ മഹാരാജാവ് ഇവിടത്തെ കന്നിമാസത്തിലെ ആയില്യം ദിവസം തൊഴുക പതിവായിരുന്നു. ഒരിക്കല്‍ മഹാരാജാവിനു കന്നി മാസത്തിലെ ആയില്യം തൊഴാനും എഴുന്നളളത്തു ദര്‍ശിക്കാനും കഴിയാതെ വന്നുവത്രേ. തുലാം മാസത്തിലെ ആയില്യത്തിനാണ് എത്തിയത്. അതു രാജകീയപ്രൗഢിയോടെ ആഘോഷിക്കുകയും ചെയ്തു. തുടര്‍ന്ന് കന്നി, തുലാം മാസങ്ങളിലെ ആയില്യങ്ങള്‍ തുല്യപ്രാധാന്യത്തോടെ ആഘോഷിച്ചുപോന്നു. തുലാമാസത്തിലെ ആയില്യം കൂടുതല്‍ പ്രസിദ്ധവുമായി.

മണ്ണാറശാല വലിയമ്മ

സ്ത്രീകളാണു മുഖ്യപൂജാരിണികള്‍ എന്നതാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. കഥയിങ്ങനെ:
കാര്‍ത്തവീര്യാര്‍ജുനനുമായി നടന്ന യുദ്ധത്തില്‍ പരശുരാമന്‍ ക്ഷത്രിയവംശത്തെ ഉന്മൂലനം ചെയ്യാനായി അനവധി ക്ഷത്രിയരെ നിഗ്രഹിച്ചു. ഗോകര്‍ണത്തില്‍ നിന്നു മഴുവെറിഞ്ഞു കന്യാകുമാരി വരെ സൃഷ്ടിച്ചു. ഇവിടെ ക്ഷാരാധിക്യത്താല്‍ വാസ യോഗ്യമല്ലായിരുന്നു. ശക്തമായ സര്‍പ്പശല്യവും ശുദ്ധജല ലഭ്യതക്കുറവും ഉപ്പിന്റെ അംശവും ഉണ്ടായിരുന്നു. അതുകൊണ്ട് ബ്രാഹ്മണര്‍ ഇവിടം വിട്ടുപോകാന്‍ ഇടയായി. അപ്പോള്‍ പരമശിവന്റെ നിര്‍ദേശാനുസരണം പരശുരാമന്‍ നാഗരാജാവിനെ തപസ്സു ചെയ്തു. നാഗരാജാവ് പ്രത്യക്ഷമായി. വിഷജ്വാലകളാല്‍ ഈ ഭൂപ്രദേശം ഫലഭൂയിഷ്ഠമാക്കി. പൂമരങ്ങളും വൃക്ഷലതാദികളും നിറഞ്ഞ ഇവിടെ നാഗരാജാവിന്റെ നിത്യസാന്നിധ്യമുണ്ടാകുമെന്നും അറിയിച്ചു. അങ്ങനെയാണ് ഇവിടെ പ്രതിഷ്ഠ ഉണ്ടായത്. തന്റെ ശിഷ്യരില്‍പെട്ട ഒരു ഉത്തമ ബ്രാഹ്മണനെ പിന്‍ഗാമിയാക്കി.
ഒരു കന്നി മാസത്തിലെ ആയില്യത്തിന് അവിടത്തെ പൂജാരിക്ക് അശുദ്ധി സംഭവിച്ചതിനാല്‍ പൂജ മുടങ്ങി. പൂജ മുടങ്ങിയാല്‍ നാഗരാജാവിന്റെ കോപമുണ്ടാകും. അന്ന് ഇല്ലത്ത് ഭക്തയും സാത്വികയുമായ ഒരു അന്തര്‍ജനം ഉണ്ടായിരുന്നു. അവര്‍ ഈശ്വരനെ ധ്യാനിച്ച് അപകടങ്ങളൊന്നും വരരുതെന്നു പ്രാര്‍ഥിച്ച്, കുളിച്ചുവന്ന് പൂജാദികര്‍മങ്ങള്‍ നിര്‍വഹിച്ചു. അപ്പോള്‍, ‘ഉച്ചപൂജയും ആയില്യപൂജയും അന്തര്‍ജനം തന്നെ ഇനിമേല്‍ നടത്തണം’ എന്ന് ഒരു അശരീരിയുണ്ടായി. തുടര്‍ന്ന് ഇതുവരെ ഇല്ലത്തെ അന്തര്‍ജനം തന്നെയാണു പൂജകള്‍ നിര്‍വഹിക്കുന്നത്. പൂജാദികര്‍മങ്ങള്‍ നിര്‍വഹിക്കുന്ന അന്തര്‍ജനത്തെ വലിയമ്മ എന്നാണ് വിശേഷിപ്പിക്കുന്നത്.

മണ്ണാറശാല അമ്മമാര്‍

മണ്ണാറശാല ഇല്ലത്തില്‍ വധുവായി എത്തുന്ന ഏറ്റവും മുതിര്‍ന്ന സ്ത്രീയാണു മണ്ണാറശാല അമ്മയായി അവരോധിക്കപ്പെടുന്നത്. ഇവര്‍ക്കു ദിനചര്യകളില്‍ ചിട്ടകളുണ്ട്. പുറംലോകമായും കുടുംബജീവിതവുമായും വിലക്കുണ്ട്. തികച്ചും ബ്രഹ്മചര്യം നിര്‍ബന്ധമാണ്. മണ്ണാറശാലയില്‍ ഉണ്ടായിരുന്ന അനവധി വല്യമ്മമാരില്‍ സാവിത്രി അന്തര്‍ജനം എന്ന വല്യമ്മ ഇവരില്‍ മുഖ്യയായിരുന്നു. ഇവരുടെ സിദ്ധിവിശേഷങ്ങള്‍ അനവധിയും അവര്‍ണനീയവുമായിരുന്നത്രേ. അവര്‍ ഒരു താപസിയെ പോലെ ജീവിച്ചു പുണ്യമടഞ്ഞു.
അവര്‍ പതിനാലാം വയസ്സില്‍ അമ്മയായവരായിരുന്നു. 90നു ശേഷം ദിവംഗതയാകുകയും ചെയ്തു. ഇത്രയും കാലം അമ്മയാകാനുളള ഭാഗ്യം ലഭിച്ച ഇവരുടെ മടിയില്‍ സര്‍പ്പക്കുഞ്ഞുങ്ങള്‍ ഇഴയുമായിരുന്നെന്നും ഇവര്‍ പ്രത്യക്ഷ ദേവതയായിരുന്നുവെന്നുമാണ് പൂര്‍വികസാക്ഷ്യം.

മണ്ണാറിയശാല

ഒരിക്കല്‍ ഈ പ്രദേശം ഒരു വന്‍ കാട്ടുതീയിലകപ്പെട്ടു. നാഗങ്ങള്‍ രക്ഷതേടി പാഞ്ഞിഴഞ്ഞു. ഒടുവില്‍ അഗ്‌നി അകന്നുനിന്ന് മണ്ണ് ആറിയ ഒരു ഇല്ലത്തില്‍ അഭയം തേടി. അനപത്യതാ ദുഃഖത്തോടെ കഴിഞ്ഞിരുന്ന വാസുദേവനും ശ്രീദേവിയുമായിരുന്നു ഇല്ലത്തെ നാഗോപാസകര്‍. പൊള്ളലേറ്റ് എത്തിയ സര്‍പ്പങ്ങളെ ഇല്ലത്തുളളവര്‍ വളരെ സ്‌നേഹത്തോടെ ശുശ്രൂഷിച്ചു. നാഗരാജാവ് ദര്‍ശനം നല്‍കി, അമ്മയ്ക്കു മകനായി പിറക്കുമെന്നനുഗ്രഹിച്ചു. ശ്രീദേവി ഗര്‍ഭിണിയായി. തേജസ്വികളായ രണ്ടു ശിശുക്കള്‍ക്ക് ജന്മംനല്കി. ഒരു മനുഷ്യശിശുവും അഞ്ചു ഫണങ്ങളോടു കൂടിയ ഒരു നാഗശിശുവും. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ നാഗശിശു നിലവറയില്‍ ഏകാന്തവാസം ആരംഭിച്ചു. മറ്റുളളവരില്‍നിന്ന് അകന്ന് ജീവിച്ചു. ഇന്നും ചിരഞ്ജീവിയായി നിലവറയില്‍ വസിക്കുന്നുവെന്നാണ് വിശ്വാസം.

ആയില്യം എഴുന്നള്ളത്ത്

ആയില്യം നാളില്‍ അമ്മ വാസുകിയെ ഇല്ലത്തേക്ക് എഴുന്നള്ളിക്കുന്ന അനുഷ്ഠാനമാണ് ആയില്യം എഴുന്നള്ളത്ത്. ഇളയമ്മ സര്‍പ്പ യക്ഷിയുടെയും കാരണവന്മാര്‍ നാഗചാമുണ്ഡി, നാഗയക്ഷി എന്നിവരുടെ വിഗ്രഹങ്ങളുമായി അമ്മയെ അനുഗമിക്കും. ഇവിടെ ദര്‍ശനം നടത്തിയാല്‍ സര്‍വ ദുരിതങ്ങളില്‍ നിന്നും മോചനവും സര്‍വ ഐശ്വര്യങ്ങളും ലഭിക്കുമെന്നാണു വിശ്വാസം. ശിവരാത്രി നാളില്‍ മാത്രമാണ് ഇവിടെ ദീപാരാധനയുളളത്. വലിയ അമ്മ തന്നെ സര്‍പ്പബലി നടത്തും. പുലര്‍ച്ചെ വരെ ചടങ്ങുകള്‍ നീളും. നിലവറയില്‍ ശിവരാത്രി പൂജയ്ക്കു മാത്രമേ പൂജാകര്‍മമുളളൂ.

നാഗപഞ്ചമി

നാഗാരാധനയ്ക്ക് ഏറ്റവും ഉത്തമമായ നാളാണ് നാഗപഞ്ചമിയെന്നു വിശ്വസിക്കപ്പെടുന്നു. ചിങ്ങമാസത്തിലെ വെളുത്തപക്ഷ പഞ്ചമി (ശ്രാവണ പഞ്ചമി) യാണു നാഗപഞ്ചമി. ആസ്തികമുനി നാഗരക്ഷ ചെയ്തതു നാഗപഞ്ചമിക്കാണെന്നും അതിനാല്‍ അന്നു പൂജ നടത്തിയാല്‍ നാഗങ്ങള്‍ അത്യധികം അഹ്ലാദിക്കുമെന്നും വിശ്വാസം. ശ്രീകൃഷ്ണന്‍ കാളിയമര്‍ദനം നടത്തിയ ദിനവുമാണ് നാഗപഞ്ചമി.

മണ്ണാറശാലയിലെ ദിനചര്യ

നടതുറപ്പ്- രാവിലെ 5. പളളിയുണര്‍ത്തല്‍ കഴിഞ്ഞ് നിര്‍മാല്യ ദര്‍ശനം. അഭിഷേകാദികള്‍ കഴിഞ്ഞ് ഉഷഃപൂജയും പാലും പഴവും നിവേദ്യവും, മലര്‍ നിവേദ്യവും. ഉഷപൂജ സമാപിച്ചാല്‍ നടയടച്ചു പൂജയാണ്. പിന്നെ ഉച്ചപൂജ, പായസം, വെണ്ണ, നിവേദ്യവും.
നടയടയ്ക്കല്‍- ഉച്ചയ്ക്ക് 12. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിവരെ നടതുറന്നിരിക്കും. ചക്കപ്പഴം, കരിക്ക്, മലര്‍ കദളിപ്പഴം, അപ്പം, ശര്‍ക്കര മധുരം തുടങ്ങിയവ നിവേദ്യം ഉച്ചയ്ക്കുണ്ട്. വൈകിട്ട് 5.30ന് നട തുറന്ന് വിളക്കു കത്തിക്കും. മണ്ണാറശാല അമ്മ ഉമാദേവി അന്തര്‍ജനത്തിന്റെ തൊഴലിനു ശേഷം നടയടയ്ക്കും.

importance of mannarasala ayilyam
ആയില്യം
മണ്ണറശാല
മണ്ണറശാല ആയില്യം
Related Posts