സ്പെഷ്യല്‍
ദേവീപ്രീതി നേടാന്‍ മഹാനവമി ദിനം ചെയ്യേണ്ടത്

മഹാനവമി ദേവിപൂജയ്ക്കു മാത്രമായുള്ളതാണ്. ദേവിക്കു മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്ന ആയുധങ്ങള്‍ പൂജിക്കുകയാണ്. കര്‍മ്മ മാര്‍ഗത്തില്‍ ദേവീപ്രീതി നേടുന്നതിനായാണ് ആ ദിനത്തില്‍ പ്രവര്‍ത്തികളൊന്നും ചെയ്യാതെ എല്ലാ തൊഴില്‍ ഉപകരണളെയും ദേവിയ്ക്കു മുന്നില്‍ പൂജ വച്ചിരിക്കുന്നത്.

ഈ ദിവസം പൂര്‍ണമായും സരസ്വതീപൂജയ്ക്കും ആരാധനയ്ക്കും വിനിയോഗിക്കുന്നു. രാവിലെയും വൈകിട്ടുമാണ് പൂജ നടത്തുന്നത്. ചിലര്‍ അന്നു മുഴുവന്‍ ഉപവാസം അനുഷ്ഠിക്കുന്ന പതിവും ഉണ്ട്. മറ്റു ചിലര്‍ അന്ന് അത്താഴത്തിന് അന്നാഹാരം പൂര്‍ണമായി ഉപേക്ഷിക്കുന്നു. ഈ വര്‍ഷത്തെ മഹാനവമി 23 തിങ്കളാഴ്ചയാണ്.

പഞ്ചപാണ്ഡവര്‍ വനവാസക്കാലത്ത് ആയുധങ്ങളെല്ലാം വലിയൊരു വന്നിമരത്തിന്റെ പൊത്തില്‍ ഒളിപ്പിച്ചു വച്ചിരുന്നു. അവരുടെ പന്ത്രണ്ട് വര്‍ഷത്തെ വനവാസത്തില്‍ ദിവ്യായുധങ്ങള്‍ക്ക് സംരക്ഷണമരുളിയത് ഈ വന്നിമരമായിരുന്നു. പാണ്ഡവര്‍ തങ്ങളുടെ രക്ഷയ്ക്കായി നിത്യവും ദുര്‍ഗ്ഗാദേവിയോട് പ്രാര്‍ത്ഥിച്ചിരുന്നു. അവര്‍ക്ക് ദേവിയുടെ അനുഗ്രഹം ലഭിക്കുകയും ചെയ്തു.

വനവാസം പൂര്‍ത്തിയായപ്പോള്‍ മരപ്പൊത്തിലുണ്ടായിരുന്ന ആയുധങ്ങളെല്ലാം എടുത്ത് ആ മരച്ചുവട്ടില്‍വച്ച് പൂജിച്ചു. വനദുര്‍ഗ്ഗയായും തിന്മകളെ അടക്കി നന്മകള്‍ക്ക് വിജയമേകുന്നവളായും മനസ്സില്‍ കരുതി ഒമ്പത് ദിവസം ദേവിയെ ആരാധിച്ച് ദശമിനാളില്‍ ആയുധങ്ങള്‍ തിരിച്ചെടുത്തു. അവര്‍ നവരാത്രി ദിവസം ആയുധങ്ങള്‍ വച്ച് പൂജിച്ചതിനാല്‍ ആയുധ പൂജ എന്നും അറിയപ്പെട്ടുതുടങ്ങി. നവരാത്രിയെ വിജയനവരാത്രിയെന്നും വന്നിനവരാത്രിയെന്നും ദുര്‍ഗ്ഗാനവരാത്രിയെന്നും വിശേഷിപ്പിക്കാറുണ്ട്. ഈ ആചാരത്തിന്റെ ഭാഗമായിട്ടാണ് ഇന്നും ആയുധപൂജ നടത്തുന്നതും നവരാത്രി ആഘോഷിക്കുന്നതും.

മഹിഷാസുരന്‍, ചണ്ഡാസുരന്‍, രക്തബീജന്‍, ശുഭനിശുംഭന്മാര്‍, ധൂമ്രലോചനന്‍, മുണ്ഡാസുരന്‍ എന്നിവരുടെ നിഗ്രഹത്തിനായി ദേവി എടുത്തിട്ടുള്ള അവതാരങ്ങളും അതില്‍ നേടിയ വിജയവും ആണ് നവരാത്രി ആഘോഷത്തിന് കാരണമായത്. കേരളത്തില്‍ അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങള്‍ക്കാണ് നവരാത്രിയാഘോഷത്തില്‍ പ്രാധാന്യം.

ഈ ദിവസങ്ങളില്‍ ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീ പേരുകളില്‍ അറിയപ്പെടുന്നു. അഷ്ടമിക്ക് ദുര്‍ഗ്ഗയെയും നവമിക്ക് മഹാലക്ഷ്മിയെയും ദശമിക്ക് മഹാസരസ്വതിയെയും വിശേഷാല്‍ പൂജിക്കുന്നു.

രാവണനെ കൊല്ലുന്നതിന് ശക്തി സംഭരിക്കാനായി ശ്രീരാമന്‍ ഒമ്പത് നവരാത്രി ദിനങ്ങളിലും ദേവിയെ പൂജിച്ചിരുന്നു. ദേവിയുടെ ഒമ്പത് ഭാവങ്ങളെയും പൂജിച്ച രാമന്‍ പത്താമത്തെ ദിവസം സര്‍വശക്തിമാനായെന്നും രാവണനെ ജയിക്കാനുള്ള ശക്തി നേടിയെന്നുമാണ് വിശ്വാസം. രാമകഥയുടെ ഓര്‍മയ്ക്കായാണ് ഈ ദിനത്തില്‍ രാവണ പ്രതിമ അഗ്നിക്കിരയാക്കുന്ന ചടങ്ങ് വടക്കെ ഇന്ത്യയില്‍ ആചരിക്കുന്നത്.

importance of mahanavami
Related Posts