സ്പെഷ്യല്‍
ദേവി ദുര്‍ഗയായി അവതരിച്ചദിനം നാം ചെയ്യേണ്ടത്

ശരത് കാലത്തെ ആദ്യത്തെ അഷ്ടമിയാണു ദുര്‍ഗാഷ്ടമി. ദേവി ദുര്‍ഗയായി അവതരിച്ച ദിവസമായതുകൊണ്ടാണ് ഈ ദിവസം ദുര്‍ഗാപൂജ നടത്തുന്നത്. തിന്മയെ ജയിച്ച് നന്മ നേടാന്‍ വേണ്ട ശക്തി ലഭിക്കുന്നതിനുള്ള അനുഷ്ഠാനമായ നവരാത്രിപൂജയിലെ എട്ടാമത്തെ ദിനമാണിത്. ശ്രീരാമന്‍ രാവണനെ നിഗ്രഹിക്കുന്നതിന് ദുര്‍ഗാദേവിയുടെ അനുഗ്രഹം വാങ്ങി യാത്ര തിരിച്ചത് ഈ ദിവസമാണ്. ദുര്‍ഗാഷ്ടമി എന്ന പേര് ഇങ്ങനെയാണ്പ്രസിദ്ധമായത് എന്നൊരു ഐതിഹ്യം നിലവിലുണ്ട്. ഈ വര്‍ഷത്തെ ദുര്‍ഗാഷ്ടമി ഒക്ടോബര്‍ 24 ശനിയാഴ്ചയാണ്

ദുര്‍ഗാഷ്ടമി, മഹാനവമി എന്നീ ദിവസങ്ങളില്‍ ഗ്രന്ഥങ്ങളും ആയുധങ്ങളും പൂജവയ്ക്കുകയും സരസ്വതീപൂജയോടനുബന്ധമായി ആയുധപൂജ നടത്തുകയും ചെയ്തുവരുന്നു. മഹിഷാസുരമര്‍ദിനി ആയ ദുര്‍ഗയും വിദ്യാദേവതയായ സരസ്വതിയും (കാളിയും പാര്‍വതിയും) ഒരേ ദേവിയുടെതന്നെ മൂര്‍ത്തിഭേദങ്ങളാണ്.

ഭാരതത്തിലെ മിക്ക പ്രദേശങ്ങളിലും ദുര്‍ഗാഷ്ടമിപൂജ നടത്തിവരുന്നു. ദുര്‍ഗയുടെ രൂപംതന്നെയായ സരസ്വതീദേവിയെയാണ് കേരളത്തില്‍ ആരാധിക്കുന്നത്. പൂജവയ്ക്കുന്നതു ദുര്‍ഗാഷ്ടമി ദിവസത്തിലാണ്.

ഓരോ പ്രദേശത്തെയും ആരാധനാസ്വഭാവമനുസരിച്ച് ഗ്രന്ഥങ്ങള്‍, ആയുധങ്ങള്‍ തുടങ്ങിയവ ദുര്‍ഗാഷ്ടമി നാളില്‍ പൂജാപീഠത്തിനു മുന്നില്‍ സമര്‍പ്പിക്കുകയും വിജയദശമി നാളില്‍ അവ തിരിച്ചെടുക്കുകയും ചെയ്യുന്നു. തങ്ങളുടെ വിദ്യയ്ക്കും ജീവിതവൃത്തിക്കും ദേവതാനുഗ്രഹം വാങ്ങുക എന്നതാണ് ഇതിന്റെപിന്നിലുള്ള സങ്കല്പം.

ഈശ്വരാനുഗ്രഹത്തിനായി ആയുധങ്ങള്‍ സമര്‍പ്പിച്ച് പൂജ നടത്തുന്നതിനാണ് ആയുധപൂജ എന്നു പറയുന്നത്. ആണ്ടില്‍ ഒരിക്കല്‍ ജോലികളില്‍നിന്നു വിരമിച്ച് പണിയായുധങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ആയുധങ്ങളും ഉപകരണങ്ങളും ദേവപ്രീതിക്കായി സമര്‍പ്പിച്ച് പൂജാദികള്‍ നടത്തുന്ന സമ്പ്രദായം ഭാരതത്തില്‍ പല സ്ഥലങ്ങളിലും നിലവിലിരിക്കുന്നു. ദേവീപൂജയുടെ ഒരു ഘടകമായിട്ടാണ് പല സ്ഥലങ്ങളിലും ഇതു നടത്തിപ്പോരുന്നത്. മൂല പ്രകൃതിമാതാവിനെ ദുര്‍ഗ, സരസ്വതി, കാളി എന്നിവരില്‍ ഏതെങ്കിലുമൊരു ദേവിയായി സങ്കല്പിച്ച് ആരാധിക്കുക ഈ ചടങ്ങിലെ മുഖ്യ ഘടകമാണ്. കേരളത്തിലും തമിഴ്നാട്ടിലും വളരെ പ്രാചീനകാലം മുതല്‍തന്നെ ആയുധപൂജയ്ക്കു പ്രാധാന്യം ലഭിച്ചിട്ടുണ്ട്.

വിദ്യാദേവിയായ സരസ്വതി സകല കലകളുടെയും ശാസ്ത്രത്തിന്റെയും ഉറവിടവും ഗായത്രിയുടെ പരദേവതയും പരമമായ വേദാന്തവിജ്ഞാനത്തിന്റെ പ്രതീകവുമായാണ് ആരാധിക്കപ്പെട്ടുവരുന്നത്. തന്മൂലമാണ് ആയുധപൂജ സരസ്വതീപ്രീതിക്കായി നടത്തിവരുന്നത്. അജ്ഞാതവാസംകഴിഞ്ഞ് അര്‍ജുനന്‍ തന്റെ ആയുധം ശമീകോടരത്തില്‍നിന്ന് തിരിച്ചെടുത്തത് ഒരു വിജയദശമി ദിവസമായിരുന്നതുകൊണ്ടുകൂടിയാണ് അസ്ത്രവിദ്യയില്‍ വമ്പിച്ച വിജയം അദ്ദേഹത്തിന് നേടുവാന്‍ കഴിഞ്ഞതെന്ന് കരുതിപ്പോരുന്നു.

അത്തരം വിജയത്തിന് അര്‍ഹരാകുവാന്‍വേണ്ടി വിജയദശമിനാള്‍ ആയുധം തിരിച്ചെടുത്ത് അഭ്യാസം ആരംഭിക്കുന്നതിന് സൗകര്യമുണ്ടാകത്തക്കവണ്ണം ദുര്‍ഗാഷ്ടമിദിവസം ആയുധപൂജയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് ആയുധം പൂജവയ്ക്കുന്ന പതിവുണ്ടായി എന്നാണു വിശ്വസിച്ചുപോരുന്നത്.

വിജയദശമി വിദ്യാരംഭത്തിനും വിദ്യാപുനഃരാരംഭത്തിനുമുള്ള ദിവസമായിട്ടാണ് ഭാരതീയര്‍ കരുതിവരുന്നത്. കേരളത്തില്‍ ക്ഷേത്രങ്ങളിലോ ചില പ്രധാനഭവനങ്ങളിലോ കളരികളിലോ വിദ്യാലയങ്ങളിലോ ആണ് സാധാരണയായി ദുര്‍ഗാഷ്ടമി ദിവസം ഗ്രന്ഥങ്ങളും ആയുധങ്ങളും പൂജവയ്ക്കാറുള്ളത്.

മറ്റാളുകള്‍ അവരുടെ ഗ്രന്ഥങ്ങളും ആയുധങ്ങളും ഈ സ്ഥലങ്ങളില്‍ കൊണ്ടുചെന്ന് പൂജവയ്ക്കുകയാണ് പതിവ്.അലങ്കരിച്ച ഒരു മുറിയില്‍ സരസ്വതിയുടെ ചിത്രത്തിന്റെയോ വിഗ്രഹത്തിന്റെയോ മുമ്പില്‍ ഏടുകളും ഗ്രന്ഥങ്ങളും ആയുധങ്ങളും ഉപകരണങ്ങളും അടുക്കിവയ്ക്കുന്നു;

Related Posts