സ്പെഷ്യല്‍
വെള്ളിയാഴ്ചയും ചതുര്‍ഥിയും ഒരുമിച്ച്; സര്‍വ്വാഭീഷ്ടസിദ്ധിക്ക് ഗണേശഭഗവാനെ ഇങ്ങനെ ഭജിക്കാം

ചതുര്‍ഥിദിനവും വെള്ളിയാഴ്ചയും ഗണേശഭഗവാനെ പ്രാര്‍ഥിക്കാന്‍ ഉത്തമമായ ദിനങ്ങളാണ്. ഈ ദിവസം ഭഗവാനെ ഭക്തിയോടെ പ്രാര്‍ഥിക്കുന്നവരുടെ സര്‍വ്വാഭീഷ്ടങ്ങളും ഭഗവാന്‍ സാധിപ്പിക്കുമെന്നാണ് വിശ്വാസം. ജൂണ്‍ ഏഴിന് ഇത്തരത്തില്‍ ഏറെ പ്രധാന്യമുള്ള ദിവസമാണ്. കാരണം, ഇടവമാസത്തെ കറുത്തവാവുകഴിഞ്ഞുവരുന്ന വെളുത്തപക്ഷ ചതുര്‍ഥിയും വെള്ളിയാഴ്ചയും ഒരുമിച്ചുവരുന്നു. ഏറെ വിശേഷപ്പെട്ട ഈ ദിനത്തില്‍ ഗണേശഭഗവാനെ ഭജിച്ചാല്‍ സര്‍വ്വ വിഘ്‌നങ്ങളും ഒഴിഞ്ഞ് ഉദ്ധിഷ്ടകാര്യസിദ്ധി ലഭിക്കുമെന്നാണ് വിശ്വാസം.

ഗണേശപ്രീതിക്കായി ചതുര്‍ഥി വ്രതമെടുക്കാം. അതിനായി ചതുര്‍ഥിയുടെ തലേന്നു മുതല്‍ അതായത് ജൂണ്‍ ആറുമുതല്‍ വ്രതം ആരംഭിക്കണം. വ്രതത്തിന്റെ ഭാഗമായി ഒരിക്കലൂണ് ആവാം. എണ്ണതേച്ചു കുളി, പകലുറക്കം എന്നിവ പാടില്ല. കൂടാതെ മത്സ്യമാംസാദികള്‍ ഉപേക്ഷിക്കണം.

ചതുര്‍ഥിദിനമായ വെള്ളിയാഴ്ച പുലര്‍ച്ചെ തന്നെ കുളിച്ചുശരീരശുദ്ധിവരുത്തിയ ശേഷം നിലവിളക്കു തെളിയിച്ചു ഗണപതി ഭഗവാനെ പ്രാര്‍ഥിക്കണം. ഗണപതിഗായത്രി ജപിക്കുന്നതും ഉത്തമമാണ്.

ഗണപതിഗായത്രികള്‍

ഓം ഏക ദന്തായ വിദ് മഹേ വക്ര തുന്ധായ ധീമഹി
തന്നോ ദന്തിഃ പ്രചോദയാത്

ഓം ലംബോദരായ വിദ് മഹേ വക്ര തുണ്ഡായ ധീമഹി
തന്നോ ദന്തിഃ പ്രചോദയാത്

കിഴക്കോട്ടുതിരിഞ്ഞിരുന്നു ഭക്തിയോടെ 108 തവണ ഗയത്രി ജപിക്കാം. ജപിക്കുമ്പോള്‍ തെറ്റാതെ ശ്രദ്ധിക്കണം. തുടര്‍ന്ന് ഗണേശ ക്ഷേത്രദര്‍ശനവും ഉത്തമമാണ്. ദിവസം മുഴുവനും ഗണേശ ഭഗവാനെ പ്രാര്‍ഥിക്കണം. ഗണപതി മൂലമന്ത്രമായ ‘ഓം ഗം ഗണപതയേ നമഃ’ ജപിക്കുന്നതും ഉത്തമമാണ്. പിറ്റേന്ന് അതായത് എട്ടാം തിയതി തുളസീ തീര്‍ഥമോ ക്ഷേത്രത്തിലെ തീര്‍ഥമോ സേവിച്ചു പാരണ വിടാം.

Related Posts