പൈതൃകം
ഭഗവതിയെ പ്രീതിപ്പെടുത്താന്‍

സാധാരണ ക്ഷേത്രങ്ങളിലും ഭവനങ്ങളിലും ഭഗവതിസേവ നടത്താറുണ്ട്. ആദിപരാശക്തിയായ മഹാദേവിയുടെ അനുഗ്രഹത്തിനായാണ് ഭഗവതിസേവ എന്നാണ് വിശ്വാസം. സാധാരണ സന്ധ്യയ്ക്കു ശേഷമാണ് ഭഗവതിസേവ നടത്താറ്. രാവിലെ ഉച്ചയ്ക്ക് സന്ധ്യയ്ക്ക് എന്നിങ്ങനെ ത്രികാലപൂജയായിട്ടും ഭഗവതിസേവ നടത്തുന്നത് കണ്ടുവരുന്നുണ്ട്. നിറമുള്ള പൂക്കള്‍കൊണ്ടാണ് ഭഗവതിസേവ നടത്തുന്നത്. ഇഷ്്ടമംഗല്യ പ്രാപ്തിക്കും, കുടുംബ ഐശ്വര്യത്തിനും,ഭൂതപ്രേതബാധകള്‍ ഒഴിഞ്ഞുപോകുന്നതിനും, ശത്രുദോഷനിവാരണത്തിനും ഭഗവതിസേവ നടത്തുന്നത് ഗുണകരമെന്ന് ആചാര്യന്മാര്‍ പറയുന്നു.

നിറമുള്ളതും പ്രകൃത്യാ ഉള്ളതുമായ വര്‍ണ്ണപ്പൊടികള്‍ക്കൊണ്ട് പത്മം ഇട്ട് അതിനുമദ്ധ്യത്തായി നിലവിളക്ക് കത്തിച്ചുവെയ്ക്കുന്നു. നിലവിളക്കിന്റെ ദീപജ്വാലയെ ദേവിയായി സങ്കല്പിക്കുന്നു. നിലവിളക്കില്‍ അമ്മയ്ക്കുള്ള ആടകള്‍ ചാര്‍ത്തി ഭസ്മകുങ്കുമാദികള്‍ പൂമാല എന്നിവയാല്‍ അലങ്കരിക്കുന്നു. നിറമുള്ള പൂക്കള്‍ക്കൊണ്ട് അലങ്കരിച്ച് ധൂപദീപാദികളാല്‍ പൂജിച്ച് ദേവിയുടെ സാന്നിദ്ധ്യം ആവാഹിച്ച് ദേവിയുടെ ധ്യാനമന്ത്രങ്ങള്‍ മൂലമന്ത്രങ്ങള്‍ എന്നിവ ചൊല്ലി കടുംപായസം,നെയ്പായസം, പാല്‍പായസം എന്നിവയും ഫലങ്ങളും നേദിക്കുന്നു.

ലളിതാസഹസ്രനാമം, ദേവിമാഹാത്മ്യം,ദുര്‍ഗ്ഗാമന്ത്രങ്ങള്‍ എന്നിവ ചൊല്ലി തിരുവിളക്കിന്റെ ചുവട് ദേവീ തൃപ്പാദങ്ങളായി സങ്കല്പിച്ച് പുഷ്പാര്‍ച്ചന ചെയ്യുന്നു. താമരപ്പൂവ് ഭഗവതിസേവയ്ക്ക് അത്യുത്തമം എന്നാണ് ആചാര്യന്മാര്‍ പറയുന്നത്. ദേവിയുടെ അശ്വാരൂഡമന്ത്രം, ഭുവനേശ്വരിമന്ത്രം,മഹാലക്ഷ്മിമന്ത്രം, വനദുര്‍ഗ്ഗാമന്ത്രം, ശ്രീപരമേശ്വരിമന്ത്രം തുടങ്ങിയ നിരവധി മന്ത്രങ്ങള്‍ അര്‍ച്ചനയോടുകൂടി സാദ്ധ്യകന്റെ നാളുംപേരും ചൊല്ലി ജപിച്ച് അര്‍പ്പിക്കുന്നു.

വെള്ളിയാഴ്ചയും വെളുത്തപക്ഷവും ചേര്‍ന്നുവരുന്ന ദിവസം നടത്തുന്ന ഭഗവതിസേവയ്ക്ക് ഫലസിദ്ധി കൂടുതല്‍ ലഭിക്കും എന്നാണ് വിശ്വാസം. ഒരു ദിവസം, മൂന്നുദിവസം, ഏഴുദിവസം, ഒന്‍പത് ദിവസം എന്നിങ്ങനെയും ഭഗവതിസേവ നടത്താറുണ്ട്. ദുര്‍ഗ്ഗാദേവിയെ ശ്രീപാര്‍വ്വതിദേവിയുടെ ചൈതന്യത്തെയാണ് ഭഗവതിസേവയില്‍ ആവാഹിക്കപ്പെടുന്നതും പൂജിക്കപ്പെടുന്നതും എന്നതിനാല്‍ ഹ്രീം എന്ന ബീജാക്ഷരവും ലളിതാസഹസ്രനാമങ്ങളും വനദുര്‍ഗ്ഗ, ശാന്തിദുര്‍ഗ്ഗ,ജയദുര്‍ഗ്ഗ എന്നീ ഭാവങ്ങളിലുള്ള ധ്യാനശ്ലോകമന്ത്രങ്ങളും അശ്വാരൂഢമന്ത്രവും ഭഗവതിസേവയ്ക്ക് അത്യുത്തമമാണ്.

Related Posts