ഇഷ്ടദേവതയെ കണ്ടെത്തി നിത്യവും ആ ദേവതയെ ഭജിക്കുന്നത് എല്ലാ ഗ്രഹദോഷങ്ങള്‍ക്കും ദുരിതങ്ങള്‍ക്കുമുള്ള പരിഹാരമാണ്. സദാ ഇഷ്ടദേവതയെ ഭജിക്കുന്നത് ആ ദേവചൈതന്യം മനസില്‍ ഉണരുന്നതിനും ഉറയ്ക്കുന്നതിനും സഹായിക്കും. ഇഷ്ടദേവത എപ്പോഴും കാത്തുകൊള്ളുമെന്ന വിശ്വാസം തന്നെ ഒരു വ്യക്തിയുടെ പ്രതിസന്ധികളെ നേരിടുന്നതിനും ജീവിതത്തില്‍ മുന്നേറുന്നതിനും സഹായിക്കും. ശ്രദ്ധയോടെയുള്ള ഇഷ്ടദേവതാരാധന ആഗ്രഹലബ്ധി ഉണ്ടാകുന്നതിനും സഹായിക്കും. ജാതകത്തിലെ അഞ്ചാം ഭാവാധിപന്, അഞ്ചില്‍ നില്ക്കുന്ന ഗ്രഹം, അഞ്ചില്‍ നോക്കുന്ന ഗ്രഹം എന്നിവയില്‍ ഏറ്റവും ബലമുള്ള ഗ്രഹം എന്നിവ ആ വ്യക്തിയുടെ ഇഷ്ടദേവതയെക്കുറിച്ചുള്ള വ്യക്തമായ സൂചന നല്കുന്നു. എന്നാല്‍ ജന്മനക്ഷത്രമനുസരിച്ച് ഓരോ നാളുകാര്‍ക്കും ഓരോ ഇഷ്ടദേവത ഉണ്ട്. അവ ഏതൊക്കെയാണെന്നു നോക്കാം.
അശ്വതി നക്ഷത്രത്തിന്റെ ഇഷ്ടദേവത ഗണപതിയാണ്. ഗണപതി ഭജനം, വിനായകചതുര്‍ഥി വ്രതം എന്നിവ ഏറെ ഗുണം ചെയ്യും. ജന്മദിനത്തില് ധന്വന്തരി ക്ഷേത്രത്തില്‍ വഴിപാടോ പൂജയോ നടത്തുന്നത് ദോഷഫലങ്ങളെ കുറയ്ക്കും. സുബ്രഹ്മണ്യനെയും ഭദ്രകാളിയെയും ക്ലേശപരിഹാരാര്‍ഥം ഭജിക്കണം.
ഭരണിയുടെ നക്ഷത്രദേവത യമന്‍ ആയതിനാല്‍ ശിവനെയാണ് ഇഷ്ടദേവതയായി നിശ്ചയിച്ചിരിക്കുന്നത്. ഭരണി, പൂരാടം, പൂരം നക്ഷത്രങ്ങളില്‍ ശിവക്ഷേത്രദര്‍ശനം നടത്തുന്നതും ജന്മനക്ഷത്രത്തില് ലക്ഷ്മീപൂജ നടത്തുന്നതും തടസങ്ങളും ദുരിതങ്ങളും കുറയാന്‍ സഹായിക്കും.
മേടക്കൂറിലുള്ള കാര്‍ത്തിക നക്ഷത്രക്കാര്‍ സുബ്രഹ്മണ്യനെയും ഇടവക്കൂറിലുള്ളവര്‍ ദേവിയെയും ഇഷ്ടദേവതയായി കണ്ട് പൂജിക്കണം. ദിവസവും സൂര്യദേവനെയോ ശിവനെയോ പ്രാര്‍ഥിക്കണം. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ലളിതാസഹസ്രനാമം ജപിക്കണം.
രോഹിണി നക്ഷത്രക്കാര്‍ക്ക് ഇഷ്ടദേവത മഹാവിഷ്ണു, ശ്രീകൃഷ്ണന് എന്നിവരാണ്. ദിവസവും വിഷ്ണു സഹസ്രനാമം ജപിക്കുന്നത് ഉത്തമമം. ചന്ദ്രനെ ഉപാസിക്കുന്നതു ഗുണപ്രദമാണ്. പൗര്ണമിയില് ദുര്‍ഗാദേവി ക്ഷേത്രത്തിലും അമാവാസിയില്‍ ഭദ്രകാളി ക്ഷേത്രത്തിലും ദര്‍ശനം നടത്തുന്നതും ഉചിതമാണ്. തിങ്കളാഴ്ച വ്രതമെടുക്കുന്നതു നല്ല ഫലങ്ങള്‍ പ്രദാനം ചെയ്യും.
മകയിരം നക്ഷത്രജാതര്‍ക്ക് മഹാലക്ഷ്മി, ദുര്‍ഗാദേവി എന്നീ ദേവതകളെ ഇഷ്ടദേവതയായി പൂജിക്കാം. സുബ്രഹ്മണ്യ, ഭദ്രകാളി ഭജനവും ഗുണദായകമാണ്. ചൊവ്വാഴ്ച വ്രതം ഉത്തമമാണ്. ചന്ദ്രപ്രീതിക്കു വേണ്ട കാര്യങ്ങള്‍ അനുഷ്ഠിക്കുക. ഇടവക്കൂറുകാര്‍ ശുക്രനെയും മിഥുനക്കൂറുകാര്‍ ബുധനെയും പ്രീതിപ്പെടുത്തണം.
തിരുവാതിരക്കാരുടെ ഇഷ്ടദേവന് പരമശിവനാണ്. രാഹുവിനെയും സര്‍പ്പദൈവങ്ങളെയും ആരാധിക്കുന്നതു ഗുണം ചെയ്യും. ജന്മനക്ഷത്രനാളില്‍ രാഹുവിനെ ആരാധിക്കുക. ഏതൊരു പ്രവൃത്തിയും ശിവസ്മരണയോടെ ചെയ്യുന്നത് ഉചിതമാണ്.
പുണര്‍തത്തിന്റെ ഇഷ്ടദേവന് ശ്രീകൃഷ്ണനാണ്. ശ്രീരാമനെയും ആരാധിക്കാം. വിഷ്ണുസഹസ്രനാമം ജപിക്കുന്നതു ദുരിതവും ക്ലേശവും കുറയ്ക്കാന്‍ സഹായിക്കും. പുണര്‍തം, വിശാഖം, പൂരുരുട്ടാതി നക്ഷത്രങ്ങളില്‍ ക്ഷേത്രദര്‍ശനം നടത്തുന്നതു ദോഷഫലങ്ങള്‍ കുറയ്ക്കാന്‍ ഉചിതമാണ്.
പൂയം നക്ഷത്രജാതരുടെ ഇഷ്ടദേവന് വിഷ്ണുഭഗവാനാണ്. ശനിയാഴ്ച വ്രതവും ശനിഭജനവും അനുഷ്ഠിക്കുന്നതു ജീവിതവിജയത്തിനു സഹായകമാകും. ചന്ദ്രനെ പ്രീതിപ്പെടുത്തുന്നതും ഗുണകരമാണ്. മകരത്തിലെ പൗര്ണമിയില് ദുര്‍ഗാപൂജ നടത്തുന്നതു സര്‍വൈശ്വര്യങ്ങള്‍ നല്‍കും. പൂയവും ശനിയാഴ്ചയും ഒരുമിക്കുന്ന ദിവസങ്ങളില്‍ ശാസ്താപൂജയോ ശനീശ്വരപൂജയോ ചെയ്യുന്നതു ജീവിതത്തില്‍ ക്ലേശങ്ങള്‍ കുറയ്ക്കും.
ആയില്യം നക്ഷത്രക്കാര്‍ക്ക് നാഗദൈവങ്ങളാണ് ഇഷ്ടദേവത. ശിവനെ ആരാധിക്കുന്നതും ഉത്തമമാണ്. നാഗരാജാവ്, നാഗയക്ഷി എന്നീ ദേവതകളെ സ്മരിച്ച് വിശേഷാവസരങ്ങളില്‍ ക്ഷേത്രദര്‍ശനം നടത്തുക. ആയില്യവും ബുധനാഴ്ചയും ചേര്‍ന്നുവരുന്ന ദിവസങ്ങളിലെ ഇഷ്ടദേവതാ അനുഷ്ഠാനം ഗുണഫലങ്ങള്‍ കൂടുതല്‍ നല്‍കും.
മകം നക്ഷത്രക്കാരുടെ ഇഷ്ടദേവത പരമശിവനാണ്. ജന്മനാളില് നടത്തുന്ന ഗണപതിഹോമം ഗുണം ചെയ്യും. മകം, മൂലം, അശ്വതി നക്ഷത്രങ്ങളില്‍ ക്ഷേത്രദര്‍ശനം നടത്തുക. മകവും ഞായറാഴ്ചയും വരുന്ന ദിവസങ്ങളില്‍ ശിവപൂജ നടത്തുന്നത് അനുയോജ്യമാണ്.
പൂരം നക്ഷത്രക്കാരുടെ ഇഷ്ടദേവത ശിവനാണ്. മഹാലക്ഷ്മിയെ ആരാധിക്കുന്നതും ഉത്തമമാണ്. പൂരവും വെള്ളിയാഴ്ചയും ഒന്നിച്ചുവരുന്ന ദിവസങ്ങളില്‍ വ്രതമെടുക്കുന്നതും പൂരം, പൂരാടം, ഭരണി നക്ഷത്രങ്ങളില്‍ ക്ഷേത്രദര്‍ശനം നടത്തുന്നതും ഗുണകരമാണ്. പൂരം നാളില്‍ ശിവപൂജയും ലക്ഷ്മീപൂജയും നടത്തുന്നതു അനുകൂല ഫലങ്ങള്‍ നല്‍കും.
ഉത്രം നക്ഷത്രക്കാര്‍ ശാസ്താവിനെയാണു പൂജിക്കേണ്ടത്. പതിവായി ശാസ്താ ക്ഷേത്ര ദര്‍ശനം നടത്തുന്നത് അനുയോജ്യമാണ്. ശബരിമല ദര്‍ശനം അഭികാമ്യം. ഞായറാഴ്ചയും ഉത്രവും വരുന്ന ദിവസങ്ങളിലെ അനഷ്ഠാനങ്ങള്‍ ഗുണപ്രദം. ഉത്രം, ഉത്രാടം, കാര്‍ത്തിക നക്ഷത്രങ്ങളിലെ ശിവക്ഷേത്രദര്‍ശനം ഗുണം ചെയ്യും.
അത്തം നക്ഷത്രക്കാരുടെ ഇഷ്ട ദേവത ഗണപതിയാണ്. ആദിത്യഹൃദയ മന്ത്രജപം ക്ലേശങ്ങള്‍ കുറയ്ക്കും. അത്തം, തിരുവോണം, രോഹിണി നക്ഷത്രങ്ങളില്‍ മഹാഗണപതി ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത് അനുയോജ്യമാണ്. .
ഭദ്രകാളിയാണ് ചിത്തിരക്കാരുടെ ഇഷ്ടദേവത. ദേവീ ഉപാസന ഗുണകരമാണ്. ലളിതാസഹസ്രനാമജപം ഗുണം ചെയ്യും. ചൊവ്വാഴ്ച ഭദ്രകാളീ ക്ഷേത്ര ദര്‍ശനം ഉത്തമം. ചൊവ്വാ പ്രീതിക്കായുള്ള കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നതു ഗുണഫലങ്ങള്‍ നല്‍കും.
ചോതിയുടെ ഇഷ്ടദേവന് ഹനുമാനാണ്. സര്‍പ്പാരാധന, ലക്ഷ്മീഭജനം എന്നിവ ഗുണകരമാണ്. ചോതിയും വെള്ളിയാഴ്ചയും വരുന്ന ദിവസത്തെ വ്രതാനുഷ്ഠാനം ജീവിതപുരോഗതിക്ക് അനുയോജ്യമാണ്. .
വിശാഖം നക്ഷത്രജാതര്‍ ബ്രഹ്മാവിനെ പൂജിക്കണം. വ്യാഴാഴ്ചകളില്‍ വിഷ്ണുപൂജയും വിഷ്ണുസഹസ്രനാമജപവും ഗുണം ചെയ്യും.
അനിഴത്തിന്റെ ഇഷ്ടദേവത ഭദ്രകാളിയാണ്. കാളീമന്ത്രജപം ദുരിതങ്ങളെ മറികടക്കാന്‍ സഹായിക്കും. ശാസ്താഭജനവും ക്ഷേത്രദര്‍ശനവും ഗുണം ചെയ്യും. ശനിയാഴ്ചയും അനിഴവും വരുന്ന ദിവസങ്ങളില്‍ ക്ഷേത്രദര്‍ശനം പതിവാക്കുക.
തൃക്കേട്ടക്കാര്‍ ഇന്ദ്രനെയാണു പൂജിക്കേണ്ടത്. കേട്ടയും ബുധനാഴ്ചയും വരുന്ന ദിവസങ്ങളില്‍ വ്രതത്തോടെ ശ്രീകൃഷ്ണക്ഷേത്ര ദര്‍ശനം നടത്തുക. സുബ്രഹ്മണ്യ, ഭദ്രകാളി ആരാധനയും ഉത്തമമാണ്.
മൂലം നക്ഷത്രക്കാരുടെ ഇഷ്ടദേവന് ശിവനാണ്. നമശിവായ ജപം നിത്യവും നടത്തുക. ഗണപതി ഭജനം, വ്യാഴാഴ്ചയും മൂലം നക്ഷത്രവും ചേര്‍ന്നുവരുന്ന ദിവസങ്ങളില്‍ വിഷ്ണുക്ഷേത്രദര്‍ശനം എന്നിവ ഗുണഫലങ്ങള്‍ നല്‍കും.
വരുണനാണ് പൂരാടക്കാരുടെ ഇഷ്ടദേവന്. മഹാലക്ഷ്മി, അന്നപൂര്‍ണേശ്വരി ഭജനം ശുഭഫലങ്ങള്‍ നല്‍കും. ജന്മനക്ഷത്രത്തില് ലക്ഷ്മീപൂജ നടത്തുന്നത് അനുയോജ്യമാണ്.
ഉത്രാടം നക്ഷത്രജാതര്‍ ശിവനെയും വിഷ്ണുവിനെയും പൂജിക്കണം. സൂര്യഭഗവാനെ ആരാധിക്കുന്നതും ശിവരാത്രി വ്രതം, ഞായറാഴ്ച വ്രതം എന്നിവ എടുക്കുന്നതും ഗുണം ചെയ്യും.
മഹാവിഷ്ണുവാണു തിരുവോണം നക്ഷത്രക്കാരുടെ ഇഷ്ടദേവന്. ശാസ്താഭജനം, ശനീശ്വരപൂജ, അന്നദാനം എന്നിവ ജന്മനാളില് നടത്തുന്നതും ഗുണപ്രദമാണ്.
അവിട്ടക്കാര് ഇഷ്ടദേവതയായി ദേവിയെ അല്ലെങ്കില്‍ ഭദ്രകാളിയെയാണ് ആരാധിക്കേണ്ടത്. നക്ഷത്രാധിപന് ചൊവ്വ ആയതിനാല്‍ ചൊവ്വയെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങള്‍ ചെയ്യണം. സുബ്രഹ്മണ്യഭജനം ഉചിതമാണ്.
ചതയം നക്ഷത്രക്കാര്‍ക്ക് വരുണനോ സര്‍പ്പമോ ആണ് ഇഷ്ടദേവത. ജന്മനക്ഷത്രത്തില് രാഹുപൂജ നടത്തുന്നത് ഉത്തമം. കുടുംബത്തിലെ സര്‍പ്പക്കാവ് സംരക്ഷിക്കുന്നതു ഗുണഫലങ്ങള്‍ നല്‍കും.
ഭദ്രകാളിയാണു പൂരുട്ടാതിക്കാരുടെ ഇഷ്ടദേവത. ജന്മനക്ഷത്രം തോറും വിഷ്ണുപൂജ, വിഷ്ണുസഹസ്രനാമം എന്നിവ നടത്തണം. ശനി പ്രീതിക്കായുള്ള അനുഷ്ഠാനങ്ങള്‍ ഗുണം ചെയ്യും.
ശ്രീരാമനും കൃഷ്ണനുമാണ് ഉതൃട്ടാതിക്കാരുടെ ഇഷ്ടദേവത. പതിവായുള്ള വിഷ്ണുസഹസ്രനാമജപം ഗുണകരം.
രേവതി നക്ഷത്രജാതരുടെ ഇഷ്ടദേവന് വിഷ്ണുവും ദേവിയുമാണ്. വിഷ്ണുമന്ത്രമോ ലക്ഷ്മി മന്ത്രമോ ദിവസവും ജപിക്കുന്നതു ക്ലേശങ്ങള്‍ ഇല്ലാതാക്കും.