സ്പെഷ്യല്‍
ജനനമാസവും ജീവിതത്തിലെ ഉയര്‍ച്ചയും

ജനനമാസം ഒരു വ്യക്തിയുടെ കര്‍മ്മമണ്ഡലത്തെയും സ്വഭാവത്തേയും സ്വാധീനിക്കുമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. ആ വ്യക്തിയുടെ ഉയര്‍ച്ചതാഴ്ചകളിലും ജനനമാസത്തിന് വലിയ പങ്കുണ്ട്. ഇനി ഓരോ മാസത്തിലും ജനിച്ചാലുള്ള ഫലം എന്താണെന്ന് നോക്കാം.

ചൈത്രമാസം

ചൈത്രത്തില്‍ ജനിക്കുന്നവന്‍ സുന്ദരനായിരിക്കും. ശ്രേഷ്ഠകര്‍മ്മങ്ങളിലും താത്പര്യം കാട്ടും. അയാള്‍ അഹങ്കാരിയും ചുവന്ന കണ്ണുകളോടുകൂടിയവനും കോപിഷ്ഠനും സ്ത്രീകളില്‍ ആസക്തനുമായിരിക്കും എന്നാണ് പറയാറ്.

വൈശാഖമാസം

‘വൈശാഖമാസം മഹാവിഷ്ണുവിനെ ഉപാസിക്കാന്‍ അത്യുത്തമമാണെന്നാണ് വിശ്വാസം. ചാന്ദ്രമാസങ്ങളില്‍ ആദ്യത്തേത് ചൈത്രം, പിന്നെ വൈശാഖം, ഇവ രണ്ടും ചേര്‍ന്നത് വസന്തം. വൈശാഖത്തില്‍ ജനിക്കുന്നവന്‍ ഭൗതികസുഖങ്ങള്‍ അനുഭവിക്കും എന്നാണ് ആചാര്യന്മാര്‍ പറയുന്നത്. ധനവാനായിരിക്കും. നല്ല മനസ്സുള്ളവനും കോപിഷ്ഠനും നേത്രഭംഗിയുള്ളവനും മനോഹരമായി ശരീരമുള്ളവനും സ്ത്രീകള്‍ക്ക് പ്രിയങ്കരനുമായിരിക്കും.

ജ്യേഷ്ഠമാസം

ജ്യേഷ്ഠത്തില്‍ ജനിക്കുന്നവന്‍ അന്യനാട്ടില്‍ ജീവിക്കും.നല്ല മനസ്സുണ്ടാവും. ധനവാനും ബുദ്ധിമാനും ദീര്‍ഘായുസ് ഉള്ളവനുമായിരിക്കും എന്നാണ് വിശ്വാസം.

ആഷാഢമാസം

ആഷാഢത്തില്‍ ജനിച്ചയാള്‍ പുത്രപൗത്രാദികളോടു കൂടിയവനാകും എന്നാണ് വിശ്വാസം. അയാള്‍ക്ക് മനോഹരമായ ദേഹമുണ്ടായിരിക്കും. ധാര്‍മ്മികനായിരിക്കും. അല്‍പമാത്രമായ സംഖമനുഭവിക്കും. ധനക്ലേശം മൂലം വിഷമിക്കും.

ശ്രാവണമാസം

ശ്രാവണമാസത്തില്‍ ജനിച്ചയാള്‍ സമചിത്തനായിരിക്കും. സുഖദുഖങ്ങളിലും ലാഭനഷ്ടങ്ങളിലും അയാളുടെ ചിത്തം ചഞ്ചലമാവുകയില്ല. അല്‍പം തടിച്ച മനോഹരമായ ശരീരമായിരിക്കും അയാളുടേത്.

ഭാദ്രമാസം

സന്തുഷ്ടനും സുഖിമാനുമായിരിക്കും ഭാദ്രപാദമാസത്തില്‍ ജനിക്കുന്ന വ്യക്തി.സന്താനസമ്പന്നനാവും. വായാടിത്തമുണ്ടാവുമെങ്കിലും മൃദുവാക്കുകള്‍ പറയാനും കഴിയും.

ആശ്വനിമാസം

ഈ മാസത്തില്‍ ജനിച്ചയാള്‍ സുന്ദരനായിരിക്കും. സുഖം അനുഭവിക്കാനും യോഗമുണ്ടാകും. സദ്ഗുണങ്ങള്‍ ഏറെയുണ്ടാകും. ധനവാനും സാഹിത്യനിപുണനുമായിരിക്കും.

കാര്‍ത്തികമാസം

കാര്‍ത്തികമാസത്തില്‍ ജനിക്കുന്ന വ്യക്തി  ധനവാനായിരിക്കും എന്നാണ് ആചാര്യന്മാരുടെ അഭിപ്രായം. ക്രയവിക്രയം നടത്തുന്നവനും പാപകര്‍മ്മങ്ങള്‍ ചെയ്യുന്നവനും ദുഷ്ടബുദ്ധിയും കഠിനമായ ഹൃദയമുള്ളവനുമായിരിക്കും. ഇവര്‍ക്ക് അത്യാഗ്രഹവും ഉണ്ടായിരിക്കും.

മാര്‍ഗ്ഗശീര്‍ഷമാസം

മൃദുവായി സംസാരിക്കാന്‍ കഴിയുന്നവനായിരിക്കും എന്നതാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകത. ഈ മാസത്തില്‍ ജനിക്കുന്നവര്‍ ധനവാനും ധര്‍മ്മശീലനുമായിരിക്കും. ഇവര്‍ക്ക് സുഹൃത്തുക്കള്‍ ധാരാളമുണ്ടായിരിക്കും. ധൈര്യവാനും പരോപകാരിയുമായിരിക്കും.

പൗഷമാസം

പൗഷമാസത്തില്‍ ജനിക്കുന്ന വ്യക്തി ശൂരനും ഉഗ്രപ്രതാപിയുമായിരിക്കും. പിതൃക്കളിലും ദേവന്മാരിലും വിശ്വാസമില്ലാത്തവനും തന്റെ നേട്ടത്തിനു വേണ്ടിയുള്ള കാര്യങ്ങള്‍ മാത്രം ചെയ്യുന്നവനുമായിരിക്കും.

മാഘമാസം

മാഘമാസത്തില്‍ ജനിക്കുന്നയാള്‍ ബുദ്ധിമാനും ധനവാനുമായിരിക്കും. ശൂരനും നിഷ്ഠൂരവാക്കുകള്‍ പറയുന്നവനുമായിരിക്കും. കാമദേവനെപ്പോലെ സുന്ദരനും യുദ്ധനിപുണനുമായിരിക്കും.

ഫാല്‍ഗുനമാസം

ഈ മാസത്തില്‍ ജനിച്ചവന്‍ സുന്ദരനും പരോപകാരിയുമായിരിക്കും. സമ്പത്ത്,വിദ്യ,സുഖം എന്നിവയുള്ളവനും പ്രവാസിയുമായിരിക്കും.

Related Posts