സ്പെഷ്യല്‍
ഹനുമാന്‍ സ്വാമി ഇപ്പോഴും ഇവിടെ ജീവിക്കുന്നു

വായുപുത്രന്‍… രാവണന്റെ തടവില്‍ നിന്നും സീതയെ രക്ഷപ്പെടുത്താനുള്ള ദൗത്യത്തില്‍ രാമന് വേണ്ടി ദൂതുപോയ രാമഭക്തന്‍… രാമ രാവണ യുദ്ധത്തില്‍ മുറിവേറ്റ ലക്ഷ്ണനെ സുഖപ്പെടുത്താന്‍ മരുത്വാമല ചുമന്ന് കൊണ്ടുവന്ന വാനരന്‍… ഹൈന്ദവ വിശ്വാമനുസരിച്ച് സപ്തചിരംജീവികളില്‍ ഒരാള്‍- ഇത്രയും പറയുമ്പോഴേക്കും എല്ലാവരുടെയും മനസില്‍ ഹനുമാന്‍ സ്വാമിയുടെ രൂപം നിറഞ്ഞുകാണും. ആഞ്ജന എന്ന വാനരയുടെ പുത്രനായി തേത്രായുഗത്തില്‍ ജനിച്ച ഹനുമാന്റെ ജനനസ്ഥലത്തെ കുറിച്ച് ധാരാളം വാദപ്രതിവാദങ്ങളുണ്ടെങ്കിലും പൊതുവായി ഇപ്പോള്‍ അംഗീകരിക്കപ്പെടുന്ന സ്ഥലമാണ് മാഹാരാഷ്ട്രയിലെ നാസിക്കിലുള്ള ആഞ്ജനേരി കോട്ട. അതുമാത്രമല്ല, ഹനുമാന്‍ സ്വാമി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും ആ സ്ഥലമാണ് ആഞ്ജനേരിയെന്നും ഭക്തര്‍ വിശ്വസിക്കുന്നു. ഇന്ന് നമ്മുടെ യാത്ര ആഞ്ജനേരി കോട്ടയിലേക്കും അവിടെ ഹനുമാന്‍ സ്വാമിക്കായി പണികഴിപ്പിച്ചിട്ടുള്ള ക്ഷേത്രത്തിലേക്കുമാണ്. ഹിന്ദു വിശ്വാസപ്രകാരം ഹനുമാന്റെ ജന്മസ്ഥലമാണ് ആഞ്ജനേരി. ഹനുമാന്റെ മാതാവ് ആഞ്ജനയുടെ പേരില്‍ നിന്നാണ് ഈ സ്ഥലത്തിന് ആഞ്ജനേരി എന്ന പേര് വന്നത് എന്നാണ് വിശ്വാസം.

നാസിക്കില്‍ നിന്ന് ബസ് മാര്‍ഗം ത്രിംബകേശ്വരിലെത്താം. അവിടെ നിന്ന് ട്രക്കിംഗിലൂടെ വേണം ഹനുമാന്‍ സ്വാമി ജനിച്ച കോട്ടയിലേക്ക് എത്താന്‍. ഏകദേശം 10 കിലോമീറ്റര്‍ സഞ്ചരിച്ച് ആഞ്ജനേരി മലനിരകളിലേക്കെത്താം. സമുദ്രനിരപ്പില്‍ നിന്ന് 4236 അടി മുകൡലാണ് ആഞ്ജനേരി കോട്ട സ്ഥിതി ചെയ്യുന്നത്. കോട്ടയില്‍ നിന്ന് കുറച്ച് കൂടി പോയാല്‍ ഒരു ചെറിയ ക്ഷേത്രവുമുണ്ട്. ഹനുമാന്‍ കോട്ടയിലേക്ക് പോകുന്ന വഴിയിലായി നിരവധി ജൈന ക്ഷേത്രങ്ങളും ഗുഹകളും കാല്പാദത്തിന്റെ ആകൃതിയിലുള്ള തടാകവും കാണാം. ഹനുമാന്റെ മാതാവ് ആഞ്ജനിയുടെ ഒരു ക്ഷേത്രവും ഇവിടെ പണികഴിപ്പിച്ചിട്ടുണ്ട്. ആഞ്ജനി മാതയുടെ പേരിലുള്ള ഏക ക്ഷേത്രമാണിത്.

ട്രക്കിംഗിന് കഴിയുന്നവര്‍ക്ക് പറ്റിയ സ്ഥലമാണിത്. ആഞ്ജനേരി ഗ്രാമത്തില്‍ നിന്നാണ് ഹനുമാന്‍ ക്ഷേത്രത്തിലേക്ക് പോകാന്‍ കഴിയുക. ആഞ്ജനേരി ഗ്രാമത്തില്‍ നിന്ന് വനംവകുപ്പിന്റെ അനുമതിയെടുത്ത ശേഷമേ ട്രക്കിംഗിന് പുറപ്പെടാന്‍ കഴിയൂ. പാര്‍ക്കിംഗ് ഏരിയയില്‍ നിന്നുള്ള പാത വലിയ പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെയാണ്. ഒരൊറ്റ വഴി മാത്രമാണ് ക്ഷേത്രത്തിലെത്താനുള്ളൂ. പോകുന്ന വഴിയിലെല്ലാം ധാരാളം സൈന്‍ബോര്‍ഡുകള്‍ വെച്ചിട്ടുള്ളതിനാല്‍ വഴി തെറ്റാനുള്ള സാധ്യതയില്ല.

15 മിനിറ്റോളം നടന്ന ശേഷം ദുര്‍ഘടം പിടിച്ച സ്ഥലത്താണ് എത്തുക. ഇവിടുന്ന് വളരെയധികം ശ്രദ്ധയോടെ വേണം പോകാന്‍. മഴക്കാലത്താണ് പോകുന്നതെങ്കില്‍ ട്രക്കിംഗ് ഷൂ ധരിക്കാന്‍ ശ്രദ്ധിക്കുക. ഇടതുവശത്തായി ഒരു ജൈനഗുഹയുണ്ട്. 15 മിനിറ്റ് കൂടി നടന്നാല്‍ മനോഹരമായൊരു പുല്‍മേട് കാണാം. പ്രകൃതിഭംഗി ആവോളം ആസ്വദിച്ച് 10 മിനിറ്റ് കൂടി നടന്നാല്‍ എത്തുന്നത് ആഞ്ജനി മാതാ ക്ഷേത്രത്തിലാണ്. അവിടെ പ്രാര്‍ഥിച്ചും കാഴ്ചകള്‍ ആസ്വദിക്കുകയും ചെയ്ത ശേഷം ഹനുമാന്‍ കോട്ടയിലേക്കും ക്ഷേത്രത്തിലേക്കുമുള്ള യാത്ര തുടരുകയാണ്. അതിനിടയില്‍ വലിയൊരു തടാകമുണ്ട്. കാല്‍പാദത്തിന്റെ രൂപമാണിതിന്. ഹനുമാന്‍ സ്വാമിയുടെ ഇടത് കാല്‍പാദം പതിഞ്ഞ് രൂപം കൊണ്ടതാണ് ഈ തടാകമെന്നാണ് വിശ്വാസം. പ്രാദേശിക ജലസ്രോതസ്സാണ് ഇതിപ്പോള്‍. ഇനി കാടിനുള്ളിലേക്ക് കടക്കുകയാണ്. ധാരാളം കുരങ്ങന്‍മാരുള്ള ഇടമാണിത്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം. നല്ല വലിപ്പമുള്ള മരങ്ങളും കുറ്റിച്ചെടികളുമാണ് ഇനിയങ്ങോട്ട്. മൃതസഞ്ജീവിനി ആഞ്ജനേരി കാട്ടിലുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ചിരഞ്ജീവിയായ ഹനുമാന്‍ ഇപ്പോഴും ഇവിടെ ജീവിക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലത്തേക്കാണ് പോയാക്കൊണ്ടിരിക്കുന്നത്.
20 മിനിറ്റ് കുത്തനെയുള്ള കയറ്റത്തിന് ശേഷം ഗുഹ കാണാം. ഇവിടെയാണ് ഹനുമാന്‍ സ്വാമി ജനിച്ചതെന്നാണ് വിശ്വാസം. ഇതിനുള്ളില്‍ ഹനുമാന്‍ സ്വാമിയുടെ ഒരു പ്രതിഷ്ഠയുണ്ട്. പ്രതിഷ്ഠ വെച്ച ഭാഗത്താണ് ഹനുമാന്‍ സ്വാമി ജനിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. അവിടെ അല്‍പ്പ നേരം വിശ്രമിച്ച ശേഷം 10 മിനിറ്റ് കൂടി നടന്നാല്‍ മലനിരകളുടെ ഏറ്റവും മുകളിലെത്തുന്നു. ഇവിടെ നിന്നാല്‍ തടാകത്തിന്റെ രൂപം ശരിക്ക് ദൃശ്യമാകും. ഇതിന് തൊട്ടടുത്തായി മറ്റൊരു തടാകംകൂടി കാണാം. അതാണ് ആഞ്ജനേരി തടാകം. കുറച്ച് മിനിറ്റുകള്‍ കൂടി നടന്നാല്‍ ഹനുമാന്‍ സ്വാമിയുടെ ക്ഷേത്രമായി. പ്രദേശവാസികള്‍ നിര്‍മ്മിച്ച ക്ഷേത്രമാണിത്.

Related Posts