
ഹനുമദ് ജയന്തി ഏപ്രിൽ 6 ന് : ആഗ്രഹ സാഫല്യത്തിനും ദോഷനിവാരണത്തിനുമായി വ്രതം എടുക്കാം
ധൈര്യത്തിന്റെയും വീര്യത്തിന്റെയും അചഞ്ചലമായ ഭക്തിയുടെയും പ്രതീകമാണ് ഹനുമാൻ സ്വാമി. ചൈത്രമാസത്തിലെ പൗർണ്ണമി ദിവസമാണ് ഹനുമദ് ജയന്തിയായി ആഘോഷിക്കുന്നത്. ഇത്തവണ 2023 ഏപ്രിൽ 6 വ്യാഴാഴ്ചയാണ് ഹനുമദ് ജയന്തി.
ഈ ദിവസം ഹനുമാൻ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും വഴിപാടുകൾ കഴിക്കുന്നതും വിശേഷ ഫലം നൽകും. ഐശ്വര്യത്തിനും പാപശാന്തിക്കുമായി ഭസ്മാഭിഷേകം നടത്താം. ആഗ്രഹസിദ്ധിക്കായി വെണ്ണ ചാർത്താം. ഇഷ്ടസിദ്ധിക്കായി വെറ്റിലമാല ചാർത്താവുന്നതാണ്. ശത്രുദോഷം, കുടുംബദോഷം എന്നിവ അകറ്റുന്നതിന് അവിൽ നിവേദ്യം വളരെ പ്രധാനമാണ്. ഹനുമാൻ സ്വാമിക്ക് നെയ്‌വിളക്ക്, സിന്ദൂരം എന്നിവയും സമർപ്പിക്കാം.
ഹനുമദ് ഭക്തരെ ശനിദോഷം ബാധിക്കുകയില്ലെന്ന് ശനിദേവൻ ഉറപ്പുനൽകിയിട്ടുള്ളതിനാൽ ശനിദോഷ നിവാരണത്തിനായി ഈ ദിവസം വ്രതം എടുക്കാവുന്നതാണ്. പൂർണമായി ഉപവസിച്ചോ ഒരു നേരം മാത്രം അരിയാഹാരം കഴിച്ചോ വ്രതം അനുഷ്ഠിക്കാം.
ഈ ദിവസം ആഞ്ജനേയ സ്വാമിയുടെ ദ്വാദശ നാമാവലി ഭക്തിപൂർവ്വം ഉരുവിടുന്നത് വളരെ നല്ലതാണ്.
ഓം ശ്രീ ഹനുമതെ നമഃ
ഓം അഞ്ജനാ സുതായ നമഃ
ഓം വായുപുത്രായ നമഃ
ഓം മഹാബലായ നമഃ
ഓം രാമേഷ്ഠായ നമഃ
ഓം ഫൽഗുണ സഖായ നമഃ
ഓം പിംഗാക്ഷായ നമഃ
ഓം അമിത വിക്രമായ നമഃ
ഓം ഉദധിക്രമണായ നമഃ
ഓം സീതാശോകവിനാശായ നമഃ
ഓം ലക്ഷ്മണ പ്രാണദാത്രെ നമഃ
ഓം ദശഗ്രീവസ്യ ദർപ്പായ നമഃ
ഈ നാമാവലിക്കൊപ്പം ഹനുമാൻ ചാലിസ ശ്രവിക്കുന്നതും ഉരുവിടുന്നതും ഗുണം ചെയ്യും.