സ്പെഷ്യല്‍
ബ്രിട്ടീഷ് ചക്രവര്‍ത്തിക്കുവേണ്ടി ഗുരുവായൂരപ്പന് വഴിപാട്

ലേഖകന്‍: രാമയ്യര്‍ പരമേശ്വരന്‍
(റിട്ട. മാനേജര്‍, ഗുരുവായൂര്‍ ദേവസ്വം)

ഒന്നാം ലോകമഹായുദ്ധം അനിവാര്യമോ ആകസ്മികമോ ആയിരുന്നില്ല. മറിച്ച് മനുഷ്യന്റെ പ്രവര്‍ത്തനങ്ങളുടേയും,തീരുമാനങ്ങളുടേയും ഫലമായി ആരംഭിച്ചു. 1914 നും 1918നുമിടയില്‍ 30 അധികം രാജ്യങ്ങള്‍ യുദ്ധം പ്രഖ്യാപിച്ചു. തെക്കുകിഴക്കന്‍ യൂറോപ്പില്‍ താരതമ്യേന ചെറിയ സംഘര്‍ഷമായി തുടങ്ങിയത് യൂറോപ്പ്യന്‍ സാമ്രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധമായി മാറി.

65 ദശലക്ഷത്തിലധികം ആളുകള്‍ ബഹുജന പൗരന്മാരുടെ സൈന്യത്തില്‍ പോരാടുന്നതിന് സന്നദ്ധരായി അല്ലെങ്കില്‍ നിര്‍ബന്ധിതരായി. ദശലക്ഷക്കണക്കിന് സിവിലിയന്‍മാരും,വ്യവസായത്തിലോ കൃഷിയിലോ പുരുഷന്‍മാരുടെ പട്ടികയില്‍ഏര്‍പ്പെടുമ്പോള്‍ തുറന്നു കിടക്കുന്ന ജോലികളിലോ പ്രവര്‍ത്തിച്ചുകൊണ്ട് യുദ്ധം ശ്രമത്തിന് സംഭാവന നല്‍കി. ജനപിന്തുണയെ ആശ്രയിച്ചായിരുന്നു വിജയം. തങ്ങളുടെ ആളുകള്‍ ശാരീരികവും വൈകാരികവുമായ പരിമിതികളിലേക്ക് തള്ളിവിട്ടതിനാല്‍ , യുദ്ധം തുടരാനുള്ള ഇച്ഛാശക്തി നഷ്ട്ട പ്പെട്ടതിനാല്‍ ചിലരാജ്യങ്ങള്‍ കീഴടങ്ങാന്‍ നിര്‍ബന്ധിതരായി.യുദ്ധം ലോകത്തിന്റെ സാമൂഹികവും,രാഷ്ട്രീയവുമായ ഭൂപ്രകൃതിയെ എന്നെന്നേക്കുമായി മാറ്റിമറിച്ചു.ഗുരുവായൂരിലും ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ലോകജനതയുടെ സമാധാനത്തിന്നായി ചില നടപടികള്‍ ഉണ്ടായി. ഇതിനോടനുബന്ധിച്ച് സാമൂതിരി രേഖകളില്‍ നിന്നും ലഭ്യമായ വിവരങ്ങളിങ്ങനെ
ഒരു നൂറ്റാണ്ട് മുമ്പ് 1914 ..

പാലക്കാട് തുക്ടി സായിപ്പിന്റെ ഒരു നിര്‍ദ്ദേശം അന്നത്തെ ഗുരുവായൂര്‍ ദേവസ്വം കാര്യസ്ഥനായിരുന്ന ശ്രീമാന്‍ കോന്തിമേനോന് ലഭിച്ചു. കത്തിലെ പരാമര്‍ശത്തില്‍, അന്നും സാമൂഹികമായ സേവനം ഗുരുവായൂര്‍ ദേവസ്വം നയപരമാരമായി നടത്തിയിരുന്നു അഥവാ ആലോചിച്ചിരുന്നു എന്നു കാണാം. നൂറ്റിയെട്ട് വര്‍ഷം മുമ്പ് ,1914 നവംബര്‍ 8 ലെ സാമൂതിരി രേഖകളില്‍ അതിങ്ങനെ….. ഗുരുവായൂര്‍ ദേവസ്വം കാര്യസ്ഥന്‍ മേലേപ്രത്ത് കോന്തി മേനോന്‍ കണ്ടുകാര്യമാവിത…’യൂറോപ്പില്‍ നടക്കുന്ന യുദ്ധം കൊണ്ട് ജര്‍മ്മനി മുതലായ രാജ്യങ്ങളുമായി കച്ചവടം ഒന്നും നടക്കാത്തതിനാല്‍ തിരൂര് മുതല്‍ മതിലകംവരെയുളള ചകിരി പണിക്കാര്‍ക്ക് യാതൊരു കൂലിപ്പണിയും ഇല്ലാത്തതുകൊണ്ട് ദേവസ്വം വകയായി പ്രവര്‍ത്തികള്‍ വല്ലതും ഉണ്ടെങ്കില്‍ അവരെക്കൊണ്ട് എടുപ്പിക്കേണ്ടതും കൂടാതെ ചില ദിവസങ്ങളില്‍ പ്രവര്‍ത്തികള്‍ ഇല്ലാതെ വന്നാല്‍ അപ്പന്‍ ദേവസ്വം വകയായി ഭക്ഷണത്തിന് നിവൃത്തി മാര്‍ഗ്ഗം ഉണ്ടാക്കികൊടുക്കേണ്ടതാണെന്നും ഈ വിവരം തിരുമനസ്സിനെ ഉണര്‍ത്തിപ്പാന്‍ എഴുതി മറുപടി വരുത്തി വിവരം പറയണമെന്നും ,മറ്റും പാലക്കാട് തുക്ടി സായ്പ് അവര്‍കള്‍ ഇവിടെ വന്നിരുന്ന സമയം പറഞ്ഞിരിക്കുന്നു.

സായിപ്പിനോട് പറയേണ്ട വിവരത്തിനും മറ്റും മറുപടി കിട്ടാറാകണമെന്നും, കൂടാതെ സാമൂതിരി കോവിലകം കാര്യന്വേഷണം കോര്‍ട്ട് ഓഫ് വാര്‍ഡിന്റെ ഭരണത്തിലാക്കുവാന്‍ ആലോചിച്ച് ഒരു മാതിരി തീരുമാനിച്ചു വെച്ചിട്ടുണ്ട്. ആയതു മാത്രമല്ല അതേ പറ്റി പലേ ഏര്‍പ്പാടുകളും ചെയ്തു കഴിഞ്ഞിട്ടും ഉണ്ട്. ഈ സ്ഥിതിയില്‍ ഇരിക്കുന്നതു കൊണ്ട് ഈ റിപ്പോര്‍ട്ടില്‍ പറയുന്ന സംഗതികളെപ്പറ്റി തക്കതായ ആളുകളോട് ആലോചന ചെയ്തതിനുശേഷമല്ലാതെ യുക്തമായ ഒരു മറുപടിയും പറവാന്‍ തരമില്ലാതെയാണിരിക്കുന്നത്. എന്നാലും ദേവസ്വത്തില്‍ തല്‍ക്കാലം ആവശ്യമായും അടിയന്തിരമായും വേണ്ടുന്ന മരാമത്തുകള്‍ക്ക് എസ്റ്റിമേറ്റ് അയച്ച് സാങ്ക്ഷനാക്കിയതിനുശേഷം യുദ്ധഫണ്ടിലേക്ക് ദേവസ്വം വകയായി വല്ല സംഖ്യയും കൊടുക്കേണ്ടതാണെന്ന് കോന്തിക്ക് അഭിപ്രായമുണ്ടെങ്കില്‍ ആയത് എത്ര സംഖ്യയോളം ആവാമെന്നും, ചെര്‍പ്പുളശ്ശേരി,തിരുവേഗപ്പുറ,കല്ലേക്കുളങ്ങര,തൃക്കളൂര, തിരുവങ്ങാട്, ഈ വക ദേവസ്വങ്ങളില്‍ നിന്നും വല്ല സംഖ്യയും കൊടുക്കുന്നുണ്ടോ എന്ന് അറിഞ്ഞ് അറിയിച്ചതിനുശേഷം മറുപടി പറയുന്നതാണ്. ഈ വിവരങ്ങള്‍ക്ക് മറുപടി അയക്കണം.രണ്ടാം ലോകമഹായുദ്ധം പൊട്ടിപുറപ്പെട്ടപ്പോഴും ഗുരുവായൂര്‍ ക്ഷേത്രത്തിലെ കാര്യങ്ങളില്‍ ചലനങ്ങളുണ്ടാക്കി.വൈദ്യുതിവിളക്കളില്ലാത്ത അക്കാലങ്ങളില്‍ ക്ഷേത്രം പരിസരങ്ങളില്‍ വെളിച്ചത്തിന്നായി പെട്രോമാക്‌സ് വിളക്കുകളായിരുന്നു കത്തിച്ചിരുന്നത്.

ഇതിന് കരാര്‍ കൊടുക്കുകയാണ് പതിവുണ്ടായിരുന്നത്. കരാറുകാരന്‍ ഒരു ഗോപാലന്‍ സംഖ്യ വര്‍ദ്ധിപ്പിക്കാന്‍ അപേക്ഷനല്‍കി.ആയതിനെ തുടര്‍ന്ന് അന്നത്തെ സാമൂതിരി രേഖ ഇങ്ങനെ…പെട്രോമാക്‌സ് കരാറുകാരന് വിളക്ക് കത്തിക്കുന്നതിന് നഷ്ടം വരുന്നതിനാല്‍ അല്പം ജാസ്തിവെച്ച്‌കൊടുക്കേണ്ടസംഗതിയെപ്പറ്റി മാനേജരുടെ 19.2.1940 ലെ റിപ്പോര്‍ട്ട് വായിച്ചു.

യുദ്ധംതുടങ്ങിയതുമുതല്‍ പെട്രോമാക്‌സ് കരാറുകാരന്‍ ഗോപാലന് മാനേജരുടെ ശുപാര്‍ശ പ്രകാരം സംഖ്യ വര്‍ദ്ധിപ്പിച്ചു നല്‍കാന്‍ അനുവദിച്ചിരിക്കുന്നു. കൂടാതെ സാമൂതിരിരാജയുടെ 1940 മെയ് 23 ലെ തിട്ടൂരത്തില്‍ …. ഗുരുവായൂര്‍ ദേവസ്വം മാനേജര് കണ്ടുകാരിയമാവിത.’.ഇപ്പോള്‍ നടക്കുന്ന ലോകമഹായുദ്ധത്തില്‍ ബ്രിട്ടീഷ് ചക്രവര്‍ത്തിക്ക് ജയം സിദ്ധിക്കുന്നതിന്നായി ഈ മെയ് 26 ന് പ്രാര്‍ത്ഥനാ ദിനമായി വൈസ്രോയി തീര്‍ച്ചപ്പെടുത്തി യിരിക്കുന്നു. ആ ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിളക്ക്,മാല,നിവേദ്യം മുതലായതിന് 5 ക.യില്‍ ജാസ്തിയാക്കാതെ വഴിപാടുകള്‍ കഴിപപ്പിക്കണം. എന്നാല്‍ കൊല്ലം 1115 ആമത് എടവഞായറ 10 ആംനുത്തെ ഈ തീട്ടു പ്രകാരംനടന്നുകൊള്‍കയും ചെയ്ക.ഒപ്പ് സാമൂതിരി രാജ.

അന്നും ലോകസമാധാനത്തിന് ഗുരുപവനപുരേശന് വഴിപാടുകളും പ്രാര്‍ത്ഥനയും നടന്നിരുന്നതായും ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സന്ധ്യക്ക് ഇന്നും നടന്നുവരുന്ന ‘നാരായണ’ നാമജപം രണ്ടാം ലോകമഹായുദ്ധകാലം മുതല്‍ ആരംഭിച്ചതത്രെ. സംഘര്‍ഷഭരിതമായ ഇന്നത്തെ യുദ്ധസാഹചര്യത്തിലും ലോകസമാധാനം വീണ്ടെടുക്കാന്‍ ഭാഗവതാചാര്യന്‍മാരും,പണ്ഡിതരും പരമ്പരയാ നമുക്ക് പകര്‍ന്നു തന്ന പ്രാര്‍ത്ഥനകളും നാമസംകീര്‍ത്തനങ്ങളും ഉച്ഛൈസ്തരം ലോകമെങ്ങും മുഴങ്ങട്ടെ.തിരുനാമാചാര്യന്‍ ഗുരുവായൂരപ്പന്റെ പാദങ്ങളില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് എഴുതി സമര്‍പ്പിച്ച ‘ലോകരക്ഷണം’ എന്ന സ്‌തോത്രകാവ്യത്തിലെ ഗുരുവായൂരപ്പനോടുള്ള പ്രാര്‍ത്ഥന ഇന്നത്തെ കാലഘട്ടത്തില്‍ നമ്മെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.

മാനവമാനസം’
സൗഹാര്‍ദ്ദസൗന്ദര്യബ
ധാമമായ്തീര്‍ക്കണേ
വിശ്വബന്ധോ
മാരുതാധീശ്വര,
നിന്‍കൃപാവര്‍ഷത്താല്‍
പാരിനെ കാക്കണേ
നാരായണ!
ലോകത്തിലെങ്ങുമേ
മംഗളപ്പൂമാരി
ലോകൈകനായക
തൂകീടണേ!
കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ

കടപ്പാട്: വിക്കീപിഡിയ, ഭക്തപ്രിയ, ഗുരുവായൂരപ്പന്റെ തിരുനാമം ഗാനങ്ങള്‍(ആഞ്ഞം)

Related Posts