സ്പെഷ്യല്‍
മേല്‍ശാന്തിയോട് ഗുരുവായൂരപ്പന്‍ പറഞ്ഞത്

പണ്ട് ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തി പൂജാവിധികളെല്ലാം വളരെ ഭംഗിയായി അദ്ദേഹം നടത്തുമായിരുന്നു. എല്ലാവര്‍ക്കും തിരുമേനിയെ വളരെ ഇഷ്ടമായിരുന്നു. ഒരുദിവസം പതതിവുപോലെ പുലര്‍ച്ചെ മൂന്ന് മണിക്ക് എഴുന്നേറ്റു കുളി ഒക്കെ കഴിഞ്ഞ് ശുദ്ധമായി ക്ഷേത്രനട തുറന്ന് കുറച്ചുനേരം കണ്ണന്റെ നിര്‍മാല്യം കണ്‍കുളിര്‍ക്കെ കണ്ടു. പിന്നീട് തിരുമേനി കണ്ണന്റെ പൂമേനിയിലെ നിര്‍മാല്യങ്ങള്‍ എല്ലാം ഓരോന്നായി മാറ്റാന്‍ തുടങ്ങി. അതുകഴിഞ്ഞ് കണ്ണന്റെ പൊന്‍മേനിയില്‍ ഇനി എന്തെങ്കിലും ഇരിപ്പുണ്ടോ എന്ന് നോക്കി അവിടവിടെ കളഭവും പൂക്കളും ഒക്കെ ഇനിയും ഉണ്ട്. അവയെല്ലാം വളരെ ശ്രദ്ധയോടെ തിരുമേനി എടുത്ത് മാറ്റുകയാണ്. അതെല്ലാം കഴിഞ്ഞ് നോക്കിയപ്പോള്‍ കണ്ണന്റെ കവിളില്‍ ഒരു പൂവ് ഇരിക്കുന്നു.

തിരുമേനി അത് കണ്ണന്റെ കവിളില്‍ നിന്നും അടര്‍ത്തി എടുക്കാന്‍ ശ്രമിക്കുകയാണ്. പക്ഷേ അത് കിട്ടണില്യ. പലതവണ എടുക്കാന്‍ ശ്രമിച്ചിട്ടും അത് കണ്ണന്റെ ആ സുന്ദരമുഖത്ത് നിന്നും അടര്‍ന്നു വരണില്യ. അവസാനം തിരുമേനി കുറച്ച് തീര്‍ത്ഥം എടുത്ത് കണ്ണന്റെ മുഖത്ത് തളിക്കുകയും ആ കുസൃതി നിറഞ്ഞ മുഖത്ത് ഒട്ടിപിടിച്ചിരിക്കുന്ന പൂവ് നുള്ളി എടുക്കുകയും ചെയ്തു. അങ്ങനെ തിരുമേനി മറ്റു പൂജകളെല്ലാം കഴിഞ്ഞ് കണ്ണനെ ഭംഗിയായി അണിയിച്ചൊരുക്കി. ഉച്ചപൂജ കഴിഞ്ഞപ്പോള്‍ തിരുമേനിക്ക് ഒരു ചെറിയ ക്ഷീണം തോന്നി അദ്ദേഹം വിശ്രമിക്കാന്‍ പോയി. അങ്ങനെ കിടക്കുമ്പോള്‍ അദ്ദേഹത്തിന്റെ കൈയില്‍ ഒരു വേദന തോന്നി. പിന്നീട് വേദന കൂടി വന്നു.

അദ്ദേഹം അവിടെ ഇരുന്ന ഒരു ലേപനം എടുത്ത് കൈയില്‍ പുരട്ടി നോക്കി വേദന മാറുന്നില്ല. അപ്പോഴാണ് വൈദ്യമഠത്തിലെ മുത്തച്ഛന്‍ എവിടേക്ക് വന്നത്. മുത്തച്ഛന്‍ എപ്പോഴും ഗുരുവായൂരില്‍ തൊഴാന്‍ വരാറുണ്ട്. തിരുമേനിയുടെ കൈക്ക് വേദന ആണെന്ന് അറിഞ്ഞപ്പോള്‍ മുത്തച്ഛന്‍ അദ്ദേഹത്തിന്റെ കൈ പരിശോധിച്ചു. പ്രത്യക്ഷത്തില്‍ കുഴപ്പം ഒന്നും ഇല്ല. വേദന വീണ്ടും കൂടി കൂടി വന്നു. അങ്ങനെ മുത്തച്ഛന്‍ തിരുമേനിക്ക് കൈയില്‍ പുരട്ടാന്‍ഒരു ലേപനം കൊടുക്കുകയും ഇത് പുരട്ടിയില്‍ എല്ലാ വേദനയും മാറും എന്ന് പറയുകയും ചെയ്തു.

അങ്ങനെ മേല്‍ശാന്തി വിശ്രമിക്കുമ്പോള്‍ ചെറുതായൊന്ന് മയങ്ങി പോയി. അപ്പോള്‍ തിരുമേനി ഒരു കാല്‍ത്തള നാദം കേട്ടു തല ഉയര്‍ത്തി നോക്കി ആരെയും കണ്ടില്ല. അദ്ദേഹം വീണ്ടും കിടന്നു. അപ്പോഴും അതേ ശബ്ദം നോക്കിയപ്പോള്‍ ആരെയും കണ്ടില്ല. തിരുമേനി ചോദിച്ചു ആരാണ്? ചോദിക്കേണ്ട താമസം മറുപടി വന്നു. ‘ ഞാനാണ് ‘
എന്തൊരു മനോഹരമായ ശബ്ദം. ഇതുവരെ ഇത്ര മനോഹരമായ ശബ്ദം കേട്ടിട്ടേ ഇല്ല. വീണ്ടും തിരുമേനി ചോദിച്ചു ആരാണ്?
ആ മനോഹരമായ ശബ്ദത്തില്‍ മറുപടി വന്നു.
‘ ഞാന്‍ തന്നെ മേല്‍ശാന്തി ഇപ്പോള്‍ കൈയിലെ വേദന എങ്ങനെ ഉണ്ട്
അപ്പോള്‍ തിരുമേനി മനസില്‍ വിചാരിച്ചു എന്റെ കൈയിലെ വേദനയുടെ കാര്യം അറിഞ്ഞിട്ട് ഇത്ര പെട്ടെന്ന് വന്നിരിക്കുന്നത് ആരാ? തിരുമേനി വീണ്ടും ചോദിച്ചു എനിക്ക് എഴുന്നേറ്റു വരാന്‍ കുറിച്ച് ബുദ്ധിമുട്ട് ഉണ്ട് അവിടെ നിന്ന് എന്റെ അസുഖ വിവരം അന്വേഷിക്കുന്നത് ആരാണെന്ന് മനസിലാവണില്ല്യ
അപ്പോള്‍ വീണ്ടും ആ മനോഹര ശബ്ദത്തില്‍ മറുപടി എത്തി
‘ ഇത് ഞാനാണ് മേല്‍ശാന്തി അങ്ങയുടെ സ്വന്തം കണ്ണന്‍ ‘ എന്ന് പറഞ്ഞു തീരും മുന്‍പേ മേല്‍ശാന്തിയുടെ മുന്നിലേക്ക് ഉണ്ണികണ്ണന്‍ ബാലഗോപാലന്‍ വെണ്ണകണ്ണന്‍ ഓടക്കുഴല്‍ അരയില്‍ തിരുകി ഇരു കൈകളും പിന്നില്‍ കെട്ടി ചിരിച്ചുകൊണ്ട് തിരുമേനിയോട് ചോദിച്ചു.
‘ ഇപ്പോള്‍ എങ്ങനെ ഉണ്ട് മേല്‍ശാന്തി കൈയിലെ വേദന ‘

തിരുമേനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല എന്റെ കണ്ണന്‍ എന്റെ അടുത്ത് വന്നു എന്റെ മുന്‍പില്‍ നിന്നുകൊണ്ട് കൈയിലെ വേദനയെക്കുറിച്ച് ചോദിക്കുന്നു. തിരുമേനി സന്തോഷം കൊണ്ട് കരഞ്ഞു. കണ്ണുകളില്‍ നിന്ന് ആനന്ദാശ്രുക്കള്‍ ധാരധാരയായി അടര്‍ന്നു വീണു. തിരുമേനി ചോദിച്ചു
എന്താ കണ്ണാ ഇങ്ങനെ ചോദിക്കണെ?
അപ്പോള്‍ കണ്ണന്‍ പറഞ്ഞു
അല്ലയോ മേല്‍ശാന്തി അങ്ങ് ഇന്ന് എന്നെ ഒരുപാട് വേദനിപ്പിച്ചു. എന്റെ കവിളില്‍ നുള്ളി പൂവ് എടുത്തപ്പോള്‍ എനിക്ക് എത്ര വേദനിച്ചു. ദാ തിരുമേനി നോക്കിക്കേ എന്റെ കവിളില്‍ അങ്ങയുടെ നഖം തട്ടിയപ്പോള്‍ ചുവന്ന് കിടക്കുന്നു. ഇപ്പോഴും എനിക്ക് വേദനിക്കുന്നുണ്ട് കേട്ടോ..
മേല്‍ശാന്തി കണ്ണന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. കണ്ണന്‍ പറഞ്ഞത് ശരിയാണ് മുഖം എല്ലാം ചുവന്നിരിക്കുന്നു. അദ്ദേഹം പറഞ്ഞു
എന്നോട് പൊറുക്കൂ കണ്ണാ… എന്റെ കണ്ണന് ഇത്രയും വേദനിക്കും എന്ന് ഞാന്‍ വിചാരിച്ചില്ല്യ കേട്ടോ.
കണ്ണന്‍ പറഞ്ഞു.. തിരുമേനി എന്താ വിചാരിച്ചേ ഞാന്‍ വെറുമൊരു കല്ല് ആണെന്നോ ഞാന്‍ വെറുമൊരു അഞ്ജനശില മാത്രം ആണെന്ന് അങ്ങ് വിചാരിച്ചുവോ ഞാന്‍ ഇതില്‍ ഇല്ല എന്ന് കരുതി കരുതിയോ..

ഇതെല്ലാം കേട്ടപ്പോള്‍ തിരുമേനി കണ്ണനോടു പറഞ്ഞു..
ന്റെ കണ്ണാ…. കാര്‍മുകില്‍ വര്‍ണ്ണാ അടിയനോടു പൊറുക്കണേ സമസ്ത അപരാധവും പൊറുക്കണേ എന്റെ കണ്ണാ.. തിരുമേനിയുടെ കൈയിലെ വേദന കൂടി കൂടി വന്നപ്പോള്‍ ഉണ്ണികണ്ണന്‍ തിരുമേനിയുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു എവിടെ ഞാന്‍ നോക്കട്ടെ തിരുമേനിയുടെ കൈ. എനിക്ക് തിരുമേനിയെ ഭയങ്കര ഇഷ്ടാണ്. പക്ഷേ എന്നെ വേദനിപ്പിച്ചപ്പോള്‍ ആ വേദന കുറച്ച് അങ്ങേക്കും തരാം എന്ന് ഞാനങ്ങു വിചാരിച്ചു. അത്രേ ഉള്ളു സാരല്ല്യ പേടിക്കേണ്ട. കണ്ണന്‍ ഇങ്ങനെ പറഞ്ഞിട്ട് ആ കുഞ്ഞി കൈ കൊണ്ട് തിരുമേനിയുടെ കൈ തലോടി കൊടുത്തു. വീണ്ടും കണ്ണന്‍ പറഞ്ഞു തിരുമേനി സാരല്ല്യ ട്ടോ ഇപ്പോ വേദന മാറും. ഇനി എന്നെ ഇങ്ങനെ വേദനിപ്പിക്കരുത് ട്ടോ എന്നും പറഞ്ഞ് കണ്ണന്‍ പോയ് മറഞ്ഞു. പെട്ടെന്ന് മേല്‍ശാന്തി ഞെട്ടി എഴുന്നേറ്റു അവിടെ ഉളളവരോടൊക്കെ പറഞ്ഞു എന്റെ വേദന ഒക്കെ മാറി. ഇത് കേട്ട് വൈദ്യമഠത്തിലെ മുത്തച്ഛന്‍ പറഞ്ഞു വേദന മാറി അല്ലേ ഞാന്‍ തന്ന മരുന്ന് ഫലം കണ്ടു. അപ്പോള്‍ തിരുമേനി പറഞ്ഞു മരുന്ന് അല്ല എന്റെ കണ്ണന്‍ ആണ് വേദന മാറ്റിയത്. എന്റെ കണ്ണന്‍ ആണ് എന്നെ പിടിച്ചത്. അങ്ങനെ ആണ് എന്റെ വേദന മാറിയത്.

എന്റെ കണ്ണാ… കരുണാ മയനേ… നീ തന്നെ അഭയം നീ തന്നെ ആശ്രയം. ഇതുകേട്ട് വൈദ്യമഠത്തിലെ മുത്തച്ഛന്‍ ഓടിവന്നു മേല്‍ശാന്തിയുടെ കൈയില്‍ പിടിച്ച് കൊണ്ട് പറഞ്ഞു.. തിരുമേനി അങ്ങേക്ക് ഇതില്‍ പരം ഭാഗ്യം ഇനി എന്താ കിട്ടാന്‍ ഉള്ളത്. അദ്ദേഹം കണ്ണന്‍ തലോടിയ ആ കൈ തൊട്ടു തൊഴുതു.

ശ്രീലകത്ത് ഇരിക്കുന്ന ഉണ്ണികണ്ണനെ നമ്മള്‍ കൃഷ്ണന്‍ ആയി തന്നെ കാണണം. അതിനെ ശിലയോ കല്ലോ ആയി കാണരുത്. ഇതു തന്നെ ആണ് ഭഗവാന്‍ നമ്മെ പഠിപ്പിക്കുന്നതും. നിഷ്‌കളങ്ക ഭക്തിയോടെ ഭഗവാനെ ഭജിച്ചാല്‍ പൂജിച്ചാല്‍ സ്മരിച്ചാല്‍ നമുക്ക് ഓരോരുത്തര്‍ക്കും ഓരോരോ രൂപത്തിലും ഭാവത്തിലും നിമിത്തങ്ങളായി ഭഗവാന്‍ നമുക്ക് ദര്‍ശനം തരും. അതിനായി ഭക്തിയോടെ ക്ഷമയോടെ കാത്തിരിക്കുക. ഭക്തിയുടെ പാരമ്യത്തില്‍ എത്തി ഭഗവാന്റെ നാമ സങ്കീര്‍ത്തനം ചൊല്ലി നമുക്ക് ഭഗവാനെ പ്രകീര്‍ത്തിക്കാം

 

Related Posts