സ്പെഷ്യല്‍
ഗുരുവായൂരപ്പന്‍ പുനര്‍ജന്മം നല്‍കിയ ഭക്ത കണ്ണനെ കാണാന്‍ എത്തിയപ്പോള്‍; അനുഭവം

ഗുരുവായൂരപ്പന്റെ അത്ഭുതങ്ങളെക്കുറിച്ച് ദേവസ്വം ജീവനക്കാരനായ അനില്‍കുമാര്‍ ഫേസ്ബുക്കിലെഴുതിയ അനുഭവക്കുറുപ്പ്:

അവൾ വന്നിരുന്നു…….. കണ്ണനെ കാണാൻ.
കയ്യിൽ കരുതിയ താമര പൂവൊന്നും മതിയാവില്ല…കണ്ണൻ നല്കിയ കാരുണ്യത്തിന് പകരം വെയ്ക്കാൻ.
എന്നിരുന്നാലും കണ്ണീരുകൊണ്ട് കോർത്തുണ്ടാക്കിയ തുളസിക്കതിർമാല മറ്റാരും കാണാതെ മായ കണ്ണന്റെ മാറിലവൾ ചാർത്തി.അതിൽപ്പരം മറ്റൊന്നും അവൾക്കു നല്കാനില്ലായിരുന്നു.
കണ്ണാ…… എന്റെ…. കണ്ണാ…. നീയെനിയ്ക്കു നല്കിയത് ഒരു പുനർജന്മമാണ്. നിശ്ചലമായ എന്റെ ശരീരത്തിന് ചലനം നല്കിയത് നീ മാത്രമാണ്……
നിലച്ചുപോയ എന്റെ നാവിലൂടെ തേങ്ങലിന്റെ ശബ്ദം പിറന്നു വീണത് നിന്റെ കടാക്ഷം കൊണ്ട് മാത്രമാണ്.
ഇനിയൊരു ജന്മമെനിയ്ക്കുണ്ടെങ്കിൽ ഈ അമ്പാടി മുറ്റത്തെ ഒരു മണൽത്തരിയായെങ്കിലും പിറന്നാൽ മതിയെനിക്ക്………..

വളരെ വിതുമ്പലോടെ കണ്ണന്റെ കൺമുമ്പിൽ നിന്നും നടന്നു നീങ്ങുമ്പോൾ ആരോ വിളിയ്ക്കുന്നതെന്ന പോലെ അവൾക്കു തോന്നി. തുടുത്ത കവിളിലെ നുണക്കുഴികാട്ടി കണ്ണനാം ഉണ്ണിയുടെ പുഞ്ചിരിയാർന്ന മുഖം അവൾ കണ്ടു……….. അവൾ മാത്രം. ആശ്ചര്യം അളവില്ലാതെ അവളിൽ നുരഞ്ഞപ്പോൾ അന്നേരമൊക്കയും ഉരുണ്ടുകൂടിയ സങ്കടങ്ങളൊക്കയും സന്തോഷത്തിന്റെ അലകളായി മാറി. ഭഗവതി ക്ഷേത്രത്തിന്റെ പുറത്ത് ഡ്യൂട്ടിയിലായിരുന്ന എനിക്ക് നേരെ കൈകൂപ്പി അവൾ നടന്നുവന്നപ്പോൾ ആദ്യം ഞാനൊന്നു അമ്പരന്നു.

കൂടെയുള്ള ചേച്ചിയെ കണ്ടപ്പോൾ അപ്രത്യക്ഷമായ ചില ഓർമ്മകൾ എന്നിൽ പുനർജനിച്ചു.
2021 സെപ്തംബർ മാസത്തിലെ ഒരു ദിനം. ഞാനന്ന് വടക്കേ നടയിലായിരുന്നു ഡ്യൂട്ടി.നാലമ്പലത്തിനകത്തേയ്ക്ക് ഭക്തരെ കയറ്റാതിരുന്നതുകൊണ്ട് വലിയ തിരക്കൊന്നും ഇല്ലായിരുന്നു. എന്റെ സഹപ്രവർത്തകരായ MT പ്രസാദും, CS സുധീഷും അന്നേരമവിടെ ഉണ്ടായിരുന്നു.
തേങ്ങി കരഞ്ഞുകൊണ്ട് ഒരു യുവതി എന്നടുത്തേയ്ക്ക് വന്നപ്പോൾ കാര്യം തിരക്കി.
തന്റെ അനുജത്തി തളർന്നു വീണ് ശബ്ദിയ്ക്കാൻ പോലുമാവാതെ തൃശൂരിലെ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ അത്യാഹിത വിഭാഗത്തിൽ കിടക്കുകയാണ്. ഓർമ്മയും സംസാരശേഷിയും നഷ്ടപ്പെട്ട അവളുടെ ജീവൻ തന്നെ അപകടത്തിലാണ്…..

‘എനിക്ക് മേൽശാന്തിയുടെ കയ്യിൽ നിന്നും ജപിച്ച നെയ്യ് അല്പം വാങ്ങി തരുമോ ചേട്ടാ…
കണ്ണിൽ നിന്നും ഊർന്നിറങ്ങുന്ന നീർമണികൾ തുടച്ചു കൊണ്ട് അവൾ ഞങ്ങൾക്കു നേരെ കൈകൂപ്പിയപ്പോൾ
എന്റെ മനസ് പിടഞ്ഞു. ഞാൻ വേഗം തന്നെ മേൽശാന്തിയുടെ മുറിയിനടുത്തേയ്ക്ക് ഓടി.ഉച്ചയൂണ് കഴിഞ്ഞ് കിടക്കാനൊരുങ്ങിയ മേൽശാന്തിയോട് കാര്യം ധരിപ്പിച്ചു.
സുധീഷ് കൊണ്ടുവന്ന നെയ്യ് മേൽശാന്തിയെ ഏൽപ്പിച്ച് ഞാൻ നാലമ്പലത്തിനകത്തെ കോയ്മയുടെ അടുത്തേയ്ക്കോടി.

അവിടെ നിന്ന് ഭഗവാന്റെ പ്രസാദവും, അഭിക്ഷേകം ചെയ്ത എണ്ണയും, തീർത്ഥവും കവറിലാക്കി വാങ്ങി.
ജപിച്ചു വാങ്ങിയ നെയ്യും, പ്രസാദവും അനുജത്തിയുടെ നാവിൽ വെച്ച് കൊടുക്കുവാൻ പ്രത്യേകം പറഞ്ഞു കൊണ്ട് ഞാനവരെ പറഞ്ഞയച്ചു. പിറ്റേന്ന് വൈകീട്ട് എനിക്ക് അവരുടെ വിളി വന്നു. സന്തോഷം കൊണ്ട് വീർപ്പുമുട്ടുന്ന വാക്കുകൾ കേട്ട് എന്നിലും ആനന്ദം ഉടലെടുത്തു.
പിന്നീട് കണ്ണനു മുന്നിൽ പോയി നിന്ന് ഒത്തിരിയൊത്തിരി നന്ദിയർപ്പിച്ചു.

തിയ്യന്നൂർ ശങ്കരനാരായണൻ പ്രമോദ് തിരുമേനി ആയിരുന്നു അന്നത്തെ മേൽശാന്തി. മരുന്നിന് കഴിയാത്തത് മന്ത്രം കൊണ്ട് മാറ്റിയെടുക്കാനാകുമെന്ന് പൂർണ്ണമായും ബോധ്യപ്പെടുത്തിയ അദ്ദേഹത്തിന്റെ മന്ത്രോചരണം ഉരുവിടുന്ന മുഖം ഇന്നും ഉള്ളിൽ തിളങ്ങി നില്ക്കെയാണ് ഈ അനുഭവ സത്യം ഇവിടെ വിവരിച്ചു തീർക്കുന്നത്.
ഗുരുവായൂർ ക്ഷേത്ര മതിൽ കെട്ടിനകത്ത് പറഞ്ഞു തീരാനാകാത്ത സത്യങ്ങളുടെ കലവറ തന്നെയുണ്ട്. ആ കലവറയിലെ സത്യങ്ങളൊക്കെയും ഒരു ദിനം കൊണ്ടോ ഒരു ആണ്ടു കൊണ്ടോ പറഞ്ഞു തീരാനാകാത്തതാണ്.
ഇന്ന് കളിച്ചും ചിരിച്ചും കനവുകൾ കണ്ടും നടക്കുന്ന ഈ കഥയിലെ പെൺകുട്ടിയുടെ ജീവിതത്തിൽ ഉണ്ടായ വഴിത്തിരിവ് ഇതിൽ ഒന്നു മാത്രം.

സ്നേഹപൂർവ്വം, അനിൽ ഗുരുവായൂർ.

Related Posts